കേന്ദ്രവും സംസ്ഥാനവും ചക്കിക്കൊത്ത ചങ്കരന്’ പെട്രോള്‍ വിലയില്‍ പരിഹാസവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
തുടര്‍ച്ചയായ പെട്രോള്‍ വില വര്‍ധനയ്ക്കൊടുവില്‍ കേരളത്തിലും വില നൂറ് രൂപ പിന്നിട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധവും വ്യാപകമാവുന്നു. ഇടത് യുവജന സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കുമ്പോള്‍ വിലക്കയറ്റത്തില്‍ സംസ്ഥാന സര്‍ക്കാറിനും പങ്കുണ്ടെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. ഫേസ്ബുക്കില്‍ പോസ്റ്റിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.
‘പെട്രോള്‍ വിലയില്‍ സെഞ്ച്വറി അടിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന നികുതി കുറക്കാതെ കേരള സര്‍ക്കാര്‍. ചക്കിക്കൊത്ത ചങ്കരന് എന്നല്ലാതെ എന്ത് പറയാന്‍! ശക്തമായി പ്രതിഷേധിക്കുന്നു’. എന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന് ഇരുചക്രവാഹനത്തിന് ഒപ്പം ഹെല്‍മറ്റ് ഉയര്‍ത്തിക്കൊണ്ടുള്ള ചിത്രം ഉള്‍പ്പെടെ പങ്കുവച്ചായിരുന്നു എപിയുടെ പ്രതികരണം.
തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണില്‍ തുടരുകയും ചെയ്യുമ്പോഴാണ് എണ്ണ കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവില വര്‍ധനവിലൂടെ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണ്.കോവിഡ് കാലത്ത് ജനങ്ങളോട് കരുണ കാണിക്കേണ്ട സര്‍ക്കാര്‍ ഉപയോക്താവിനെ അമിത ചൂക്ഷണത്തിന് വിധേയമാക്കുന്നത് ക്രൂരമാണ്.കുതിച്ചുയരുന്ന ഇന്ധനവില ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധന സാമഗ്രികളുടെയും അനിയന്ത്രിത വില വര്‍ധനവിന് വഴിവെക്കും.ക മ്പോള ശക്തികളുടെ താല്‍പ്പര്യത്തിന് വേണ്ടി ജനങ്ങളെ എറിഞ്ഞു കൊടുക്കുന്ന സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. ജനം ദുരിതമനുഭിക്കുമ്പോള്‍ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
എക്സ്ട്രാ പ്രീമിയം പെട്രോളിനാണ് ഇന്ന് കേരളത്തിലെ പലയിടങ്ങളിലും നൂറ് രൂപ കടന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി, ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളാണ് വില നൂറ് കടന്നത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 92.31 രൂപയുമായി.
ബത്തേരിയില്‍ ഒരു ലിറ്റര്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് ഇന്ന് മുതല്‍ 100 രൂപ 24 പൈസ നല്‍കേണ്ടിവരും. പാലക്കാട് പെട്രോളിന് 100 രൂപ 16 പൈസും കട്ടപ്പനയില്‍ ലിറ്ററിന് 100 രൂപ 35 പൈസയും അണക്കരയില്‍ 101 രൂപ 3 പൈസയുമാണ് പെട്രോളിന് വില വരുന്നത്. 37 ദിവസത്തിനിടെ 21 തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 91.31 രൂപയാണ്.
പെട്രോള്‍ വില 100 രൂപ കടന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ വ്യക്തമാക്കി,