ക്രമപ്രകാരമല്ലാത്ത സത്യപ്രതിജ്ഞ; എ രാജയ്ക്ക് 2,500 രൂപ പിഴ
ക്രമപ്രകാരം അല്ലാതെ സത്യപ്രതിജ്ഞ ചെയ്തതിന് ദേവികുളം എംഎല്‍എ എ രാജയ്ക്ക് 2500 രൂപ പിഴ. എ. രാജ മേയ് 24ന് ആദ്യം നടത്തിയ സത്യപ്രതിജ്ഞ നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയതിനാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്ന ജൂണ്‍ 2ാം തീയതിയുടെ തലേദിവസം വരെ ആകെ അഞ്ച് ദിവസം സഭയില്‍ ഹാജരായി സഭാ നടപടികളില്‍ പങ്കെടുത്തതിനാണ് പിഴ. മെയ് 24,25,28,31, ജൂണ്‍ ഒന്ന് എന്നീ തീയതികളില്‍ സഭാ നടപടികളില്‍ പങ്കെടുത്തതിന് 500 രൂപ വീതം പിഴയടയ്ക്കാനാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്.
തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് ജൂണ്‍ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
രാജയുടെ ക്രമപ്രകാരമല്ലാത്ത സത്യപ്രതിജ്ഞ സംബന്ധിച്ച സ്പീക്കര്‍ എംബി രാജേഷിന്റെ റൂളിംഗ്:
ദേവികുളം നിയോജകമണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ബഹുമാനപ്പെട്ട അംഗം ശ്രീ. എ. രാജ 2021 മേയ് മാസം 24ാം തീയതി സഭയില്‍ വച്ച് ചെയ്ത സത്യപ്രതിജ്ഞ ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം പട്ടികയില്‍ അനുശാസിക്കും പ്രകാരമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2021 ജൂണ്‍ 2ാം തീയതി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതുമൂലം ഉളവായിട്ടുള്ള ഭരണഘടനാ പ്രശ്നങ്ങളിന്മേലും നിയമ പ്രശ്നങ്ങളിന്മേലും ചെയറില്‍നിന്നും വ്യക്തമായ റൂളിംഗ് ഉണ്ടാവണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ജൂണ്‍ 2ാം തീയതി ക്രമപ്രശ്നം ഉന്നയിച്ചത്.
ശ്രീ. എ. രാജ മേയ് 24ന് ആദ്യം നടത്തിയ സത്യപ്രതിജ്ഞ നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയതിനാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്ന ജൂണ്‍ 2ാം തീയതിയുടെ തലേദിവസം വരെ ആകെ അഞ്ച് ദിവസം സഭയില്‍ ഹാജരായി സഭാ നടപടികളില്‍ പങ്കെടുത്തതിന് അദ്ദേഹത്തില്‍നിന്നും ഭരണഘടനയുടെ അനുച്ഛേദം 193ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പിഴ ഈടാക്കേണ്ടതുണ്ടോ എന്നും, 2021 മേയ് 25ാം തീയതി സഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തിയതുള്‍പ്പെടെയുള്ള നടപടികള്‍ അസാധുവാക്കേണ്ടതുണ്ടോ എന്ന കാര്യത്തിലുമാണ് ബഹുമാനപ്പെട്ട
പ്രതിപക്ഷ നേതാവ് പ്രധാനമായും ചെയറില്‍നിന്നും റൂളിംഗ് ആവശ്യപ്പെട്ടത്.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി സഭാംഗമെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതു സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളും ക്രമപ്രകാരമല്ലാതെ സത്യപ്രതിജ്ഞ ചെയ്തതിനോടനുബന്ധിച്ച് നമ്മുടെ സഭയിലും ഇതര സഭകളിലും ഉണ്ടായിട്ടുള്ള കീഴ്വഴക്കങ്ങളും അതോടൊപ്പം സമാന കേസ്സുകളില്‍ വിവിധ കോടതികളില്‍നിന്നും വന്നിട്ടുള്ള വിധികളും ഇതിനോടനുബന്ധിച്ച് ചെയര്‍ വിശദമായി പരിശോധിക്കുകയുണ്ടായി.
ബഹുമാനപ്പെട്ട അംഗം ശ്രീ. എ. രാജ മേയ് 24ാം തീയതി നിയമസഭാംഗമെന്ന നിലയില്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ അപാകത ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തപ്പെടേണ്ടി വരുമെന്നുമുള്ള നിലയില്‍ മാധ്യമ വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റ് നിയമവകുപ്പു സെക്രട്ടറിയില്‍നിന്നും അഭിപ്രായം ആരായുകയുണ്ടായി.
ശ്രീ. എ. രാജ തമിഴ് ഭാഷയില്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ അപാകത ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തപ്പെടേണ്ടതാണെന്നും നിയമവകുപ്പ് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന് ജൂണ്‍ 2ാം തീയതി ശരിയായ രീതിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. നിയമവകുപ്പ് തയ്യാറാക്കി നിയമസഭാ സെക്രട്ടേറിയറ്റിന് അയച്ചുതന്ന, തമിഴ് ഭാഷയിലുള്ള സത്യപ്രതിജ്ഞാവാചകം അപൂര്ണ്ണമായിരുന്നതുമൂലമാണ് ശ്രീ. രാജയുടെ സത്യപ്രതിജ്ഞയില്‍ പിശക് സംഭവിക്കുവാന്‍ ഇടയായതെന്നാണ് നിയമവകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സത്യപ്രതിജ്ഞാ വാചകത്തില്‍ അവസാനമായി പരാമര്‍ശിക്കേണ്ടിയിരുന്ന ”ദൈവനാമത്തില്‍” അല്ലെങ്കില്‍ “സഗൗരവം” എന്നിവയില്‍ ഏതെങ്കിലും ഒരു വാക്കിനു സമാനമായ തമിഴ് വാക്ക് ഉള്‍പ്പെടുത്താതെ നിയമവകുപ്പ് തയ്യാറാക്കി ലഭ്യമാക്കിയ സത്യപ്രതിജ്ഞാഫോറം അംഗത്തിന് നല്‍കിയതുമൂലമാണ് ബഹുമാനപ്പെട്ട അംഗത്തിന്റെ സത്യപ്രതിജ്ഞ അപൂര്ണ്ണമായിപ്പോയതെന്നാണ് ചെയര്‍ മനസ്സിലാക്കുന്നത്.
ഇത്തരത്തിലുള്ളൊരു ഗുരുതരമായ വീഴ്ച സംഭവിച്ചത് ഏതു സാഹചര്യത്തിലാണെന്നതു സംബന്ധിച്ച് ചെയര്‍ വിശദമായി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
“ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 188 ലെ വ്യവസ്ഥ പ്രകാരം, മൂന്നാം പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ഫോമില്‍ പറഞ്ഞിരിക്കുന്ന പ്രകാരമല്ലാതെ നടത്തുന്ന സത്യപ്രതിജ്ഞ ക്രമാനുസൃതമായ സത്യപ്രതിജ്ഞയായി കാണാനാവില്ല. അപ്രകാരം പൂര്‍ണ്ണമല്ലാത്ത സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങള്‍ക്ക് സഭയില്‍ പ്രവേശിക്കാനോ നടപടികളില്‍ പങ്കെടുക്കാനോ വോട്ട് രേഖപ്പെടുത്തുവാനോ അവകാശവുമില്ല. മാത്രവുമല്ല, അങ്ങനെ ചെയ്യുന്ന ഓരോ ദിവസത്തിനും അഞ്ഞൂറ് രൂപ വീതം പിഴ അത്തരം അംഗങ്ങളില്‍നിന്നും ഈടാക്കേണ്ടതാണെന്ന് അനുച്ഛേദം 193ല്‍ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.
Haridasan Palayil Vs. The Speaker Kerala Legislative Assembly (2003(3) KLT 119) എന്ന കേസ്സില്‍ ക്രമപ്രകാരമല്ലാതെ സത്യപ്രതിജ്ഞ ചെയ്തെന്നു കണ്ടത്തിയ പതിനൊന്നാം കേരള നിയമസഭയിലെ ഒരംഗം സത്യപ്രതിജ്ഞയ്ക്കുശേഷം അപ്രകാരം സഭാ നടപടികളില്‍ പങ്കെടുത്ത ദിവസങ്ങള്‍ക്ക് ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന നിരക്കിലുള്ള പിഴയടയ്ക്കണമെന്നു മാത്രമാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധിച്ചത്. അദ്ദേഹം സഭാനടപടികളില്‍ പങ്കെടുത്തതും വോട്ട് രേഖപ്പെടുത്തിയതുമായ യാതൊരു നടപടികളും അസാധുവാണെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി അന്ന് പ്രഖ്യാപിച്ചിട്ടില്ല എന്നത് ഇത്തരുണത്തില്‍ ചെയര്‍ പ്രത്യേകമായി നിരീക്ഷിക്കുന്നു.
അതോടൊപ്പം “സഭയില്‍ ഇരിക്കുകയോ വോട്ടു ചെയ്യുകയോ നടപടികളില്‍ മറ്റു വിധത്തില്‍ പങ്കെടുക്കുകയോ ചെയ്യുവാന്‍ അവകാശമില്ലാതിരുന്ന ആരെങ്കിലും അപ്രകാരം ചെയ്തതായി പിന്നീട് വെളിപ്പെട്ടു എന്നിരുന്നാലും ഒരു സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ മണ്ഡലത്തിലെ ഏതു നടപടിയും സാധുവായിരിക്കുന്നതും ആകുന്നു”എന്ന് അനുച്ഛേദം 189(2) ല്‍ പരാമര്‍ശമുണ്ടെന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തുവായിക്കുന്നത് ഏറെ പ്രസക്തമാണെന്ന് ചെയര്‍ കരുതുന്നു.
ഈ സാഹചര്യത്തില്‍ ദേവികുളം നിയോജകമണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എ. രാജ 2021 മേയ് 24ാം തീയതി സഭയില്‍ നടത്തിയ സത്യപ്രതിജ്ഞ ക്രമപ്രകാരമായിരുന്നില്ല എന്ന കാരണത്താല്‍ അന്നുമുതല്‍ അദ്ദേഹം ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂണ്‍ 2ാം തീയതി വരെ സഭയില്‍ ഹാജരായ മേയ് 24, 25, 28, 31, ജൂണ്‍ 1 എന്നീ അഞ്ച് ദിവസത്തേക്ക് പ്രതിദിനം അഞ്ഞൂറു രൂപ നിരക്കില്‍ ആകെ രണ്ടായിരത്തി അഞ്ഞൂറ് രൂപ പിഴ ഒടുക്കേണ്ടതാണെന്നും പ്രസ്തുത ദിനങ്ങളില്‍ അദ്ദേഹം പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ നടപടികള്‍ ഒന്നുംതന്നെ അസാധുവാകുന്നതുമല്ല എന്നും ഇക്കാര്യങ്ങള്‍ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളുടെയും കീഴ്വഴക്കങ്ങളുടെയും കോടതി നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ചെയര്‍ റൂള്‍ ചെയ്യുന്നു.