‘കശ്മീരില്‍ നടക്കുന്ന അധിനിവേശത്തെ എതിര്‍ക്കാത്തതെന്താണ്?’; ഇസ്രയേല്‍ തന്നെയാണ് പ്രീയപ്പെട്ടവരെന്ന് ബി ഗോപാലകൃഷ്ണന്
സുശക്ത ഭാരതത്തിനുവേണ്ടി കൂടെ നില്ക്കുന്ന ഇസ്രായേല്‍ തന്നെയാണ് ഞങ്ങള്‍ക്ക് പ്രീയപ്പെട്ടവരെന്ന് ബിജെപി. അധിനിവേശ ശക്തികള്‍ക്ക് എതിരായി നില്‍ക്കുമെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് കശ്മീരില്‍ നടക്കുന്ന അധിനിവേശത്തെക്കുറിച്ച് സംസാരിക്കാത്തതെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് ചോദിച്ചു. ഇസ്രയേലില്‍ ഷെല്ആക്രമണത്തില് കൊല്ലപ്പെട്ട സൗമ്യ സന്തോഷിനോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം അധിനിവേശശക്തികള്‍ അടുത്തതായി ലക്ഷ്യം വെക്കുന്നത് കേരളമാണോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നുണ്ടെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ബിജെപിയുടെ മതവും, രാഷ്ട്രീയവും എല്ലാം ദേശീയത ആണ് അതുകൊണ്ടു തന്നെ വിദേശനയങ്ങളും, സമീപനങ്ങളും എല്ലാം ദേശീയതയിലൂന്നിയതുമായിരിക്കും. മതത്തിനും, രാഷ്ട്രീയത്തിനും അപ്പുറമായി ഭാരതത്തിനു വേണ്ടി സംസാരിച്ചു തുടങ്ങുന്ന അന്ന് ഹമാസിനുവേണ്ടി ജയ് വിളിക്കേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ബി ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
“ഇസ്രയേൽ അധിനിവേശ ശക്തിയായത് കൊണ്ട് ഇസ്രേയിലിന്റെ അധിനിവേശത്തെ അല്ലെ എതിർക്കേണ്ടത്?” കേൾക്കുമ്പോൾ ശരിയെന്നു തോന്നുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം ഒരു മറു ചോദ്യമാണ്. അധിനിവേശ ശക്തികളാണ് എതിർക്കപ്പെടേണ്ടത് എങ്കിൽ കാശ്മീരിലെ അധിനിവേശത്തെയും എതിർക്കേണ്ടതല്ലെ ?
1990 ൽ ആണ് കാശ്മീരിലെ മുസ്ലിം പള്ളികൾ കൈയ്യേറിയ മുസ്ലിം തീവ്രവാദികൾ, ദേശവാസികളായ കാശ്മീർ പണ്ഡിറ്റുകളോട് സൂര്യൻ ഉദിക്കുന്നതിന് മുൻപ് എന്നന്നേക്കുമായി കാശ്മീർ താഴ്വര വിട്ടു പോവണമെന്ന് ഫത്വ ഇറക്കിയത്. സൂര്യൻ ഉദിച്ചപ്പോൾ കാശ്മീർ താഴ്വര പണ്ഡിറ്റുകളുടെ രക്തത്തിൽ കുതിർന്നിരുന്നു, പലരും കിട്ടിയതും കൊണ്ട് ഓടി, ഓടാൻ കഴിയാത്തവർ നിറതോക്കുകളുടെ മുന്നിൽ പിടഞ്ഞ് മരിച്ചു, ഇന്നലെ വരെ അവരുടേതായിരുന്നതെല്ലാം അധിനിവേശക്കാർ പിടിച്ചെടുത്തു, ഇന്നും പണ്ഡിറ്റുകൾ ജീവിക്കുന്നത് അഭയാർത്ഥി ക്യാമ്പുകളിലാണ്. ഇന്നും കശ്മീർ നിയന്ത്രിക്കുന്നത് ആ അധിനിവേശ ശക്തികളും.
ബംഗാളിലും ഇതാരംഭിച്ചു കഴിഞ്ഞു 70,000 പേർ ആണ് ജീവൻ മാത്രം കയ്യിലെടുത്തു കൊണ്ട് അസ്സാമിലേക്ക് കുടിയേറിയത്. കേരളത്തിൽ ഈ അടുത്ത ദിനങ്ങളിൽ കണ്ട സൗമ്യ എന്ന സഹോദരിയോടുള്ള നമ്മുടെ സർക്കാരിന്റെ സമീപനവും അടുത്തതു കേരളമാണോ എന്ന ചോദ്യത്തിന് ആക്കം കൂട്ടുന്നതാണ്.വിഷയത്തിലേക്കു തിരിച്ചു വരാം, ഇനി ചോദിക്കട്ടെ, ഇസ്രേയേൽ അധിനിവേശ ശക്തിയാണന്ന് പറഞ്ഞു പലസ്തീനെ ന്യായീകരിക്കുന്ന നിങ്ങൾ കാശ്മീരിനെ പറ്റി പറയുമ്പോൾ ന്യായീകരണങ്ങൾ മാറ്റുന്നതെന്തിനാണ്?
മതാടിസ്ഥാനത്തിൽ മാത്രം ന്യായ വാദങ്ങൾ നിരത്തുന്ന നിങ്ങളോടു ഞങ്ങൾക്ക് പറയാനുള്ളത് “nation first – ആദ്യം രാജ്യം” എന്ന് ചിന്തിക്കുവാനാണ്. ബിജെപിയുടെ മതവും, രാഷ്ട്രീയവും എല്ലാം ദേശീയത ആണ് അതുകൊണ്ടു തന്നെ വിദേശനയങ്ങളും, സമീപനങ്ങളും എല്ലാം ദേശീയതയിലൂന്നിയതുമായിരിക്കും. ആദ്യം നിങ്ങൾ കാശ്മീരി പണ്ഡിറ്റുകളെ കാശ്മീർ താഴ്വരയിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനെപ്പറ്റി ചർച്ച ചെയ്യൂ, ബംഗാളിൽ നടക്കുന്ന അധിനിവേശത്തിനെതിരെ ചർച്ച ചെയ്യൂ, നിങ്ങൾ മതത്തിനും, രാഷ്ട്രീയത്തിനും അപ്പുറമായി ഭാരതത്തിനു വേണ്ടി സംസാരിച്ചു തുടങ്ങുന്ന അന്ന് നമുക്ക് ചർച്ച ചെയ്യാം, ഹമാസിന് വേണ്ടി ജയ് വിളിക്കേണ്ടതിനെപ്പറ്റി. അത് വരെ സുശക്ത ഭാരതത്തിനു വേണ്ടി ഭാരതത്തിനോടൊപ്പം നിൽക്കുന്ന ഇസ്രായേൽ തന്നെയാണ് ഞങ്ങൾക്ക് പ്രിയപ്പെട്ടവർ.