‘ഇലക്ഷനൊക്കെ കഴിഞ്ഞില്ലേ, ഇനിയെങ്കിലും മിണ്ടിക്കൂടേ, ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല’; മുഖ്യമന്ത്രിയോട് ഇടറിക്കൊണ്ട് സിദ്ദിഖ് കാപ്പന്റെ ഭാര്യ
യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ നിലവിലെ സ്ഥിതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത്. മുഖ്യമന്ത്രി വിഷയത്തില്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും തികഞ്ഞ അവഗണനയാണ് കാപ്പന്റെ വിഷയത്തില്‍ ഉണ്ടായതെന്നും റെയ്ഹാനത്ത് പറഞ്ഞു.
ചങ്ങലയ്ക്ക് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്. എനിക്ക് വയ്യ, മുഖമാകെ വേദനയാണ്. മുറിവ് കൊണ്ട് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു. കൂടുതലെന്തെങ്കിലും പറയുന്നതിനു മുമ്പ് ഫോണ്‍ കട്ടായെന്നും റെയ്ഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
റെയ്ഹാനത്തിന്റെ വാക്കുകള്‍,
“മുഖ്യമന്ത്രി ഇതുവരെയായിട്ട് ഒന്നും മിണ്ടിയിട്ടില്ല. അല്ലെങ്കില്‍ അതിനൊരു കാരണം പറയണം. എന്താണ് സിദ്ദിഖ് കാപ്പന് ചെയ്ത ഇത്ര വലിയ തെറ്റെന്ന് എന്നോട് പറയാം. ഞാന്‍ നിരന്തരം ചോദിക്കുന്നില്ലേ.
മുഖ്യമന്ത്രിക്കെന്താ പേടിയാണോ. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ അദ്ദേഹം മാധ്യമപ്രവര്‍ത്തകനാണെന്ന്. ഒമ്പത് വര്‍ഷമായിട്ട് ഡല്‍ഹിയില്‍ വര്‍ക് ചെയ്യുന്നില്ലേ. നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലായിരിക്കും. പക്ഷെ ഒരു കത്ത് അയക്കുമ്പോഴേക്കും മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിക്കുമോ.
ഇപ്പോള്‍ ചികിത്സയാണ് പ്രധാനം. ഒരാള്‍ ഇങ്ങനെയൊരു അവസ്ഥയിലാണെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ട കടമയില്ലേ. ഇലക്ഷനൊക്കെ കഴിഞ്ഞില്ലേ? ഇനിയെങ്കിലും എന്തെങ്കിലും പറഞ്ഞു കൂടേ. മറ്റുള്ളവരുടെ വോട്ട് കിട്ടില്ല എന്ന പേടിയാണെങ്കില്‍ ഇനി മുഖ്യമന്ത്രിക്ക് സംസാരിച്ചൂ കൂടേ. വോട്ടൊക്കെ പെട്ടിയിലായല്ലോ.
മുഖ്യമന്ത്രി ഇനിയെങ്കിലും ഇടപെടുമെന്നാണ് പ്രതീക്ഷ. ഇത്തരമൊരു സാഹചര്യത്തില്‍ കാപ്പന്റെ ജീവനാണ് പ്രധാനം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടല്ല ഇനി നടപടി വേണ്ടത്. ഇദ്ദേഹത്തിന് ടോയ്ലറ്റില് പോവേണ്ടേ. ജീവനാണ്. ഒരു ജീവന് പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഒരുപാട് മരണങ്ങളും കൊലകളും നടക്കുന്നത് കൊണ്ട് ഇതാര്‍ക്കും ഒരു വിഷയമായിരിക്കില്ല. പക്ഷെ എനിക്കും എന്റെ കുടുംബത്തിനും മക്കള്‍ക്കും അതൊരു വിഷയമാണ്.
കോടതി നടപടികളില്‍ മുഖ്യമന്ത്രിക്ക് ഇടപെടാന്‍ പറ്റുന്നുണ്ടാവില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാം. സിദ്ദിഖ് കാപ്പന്റെ ആരോഗ്യ മുഖ്യമന്ത്രിക്ക് സംരക്ഷിക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്. അത് ഏത് പൊട്ടനും മനസ്സിലാക്കാവുന്ന വിഷയമാണ്. ഇത്രയും കാലമായിട്ട് ഞാന്‍ മര്യാദ വിട്ട് സംസാരിച്ചിട്ടില്ല. പക്ഷെ ഇപ്പോ എന്നെക്കൊണ്ട് പിടിച്ചിട്ട് കിട്ടാതായി. ഞാനൊരു സ്ത്രീയാണ്. അദ്ദേഹത്തിന്രെ ഭാര്യയാണ്. ഞാന്‍ എങ്ങനെയാണ് ഇപ്പോള്‍ കഴിയുന്ന അവസ്ഥ എന്നത് നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അനുഭവിക്കണം അപ്പോഴേ അറിയുകയുള്ളൂ,’ റെയ്ഹാനത്ത് ഇടറിക്കൊണ്ട് പറഞ്ഞു.