തൃശൂർ പൂരം വെള്ളിയാഴ്ച: അടച്ചിടാനൊരുങ്ങി നഗരം, നിർദേശങ്ങൾ ഇങ്ങനെ...
തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണയും കടുത്ത നിയന്ത്രണങ്ങളോടെ നടത്തും. വെള്ളിയാഴ്ചയാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടക്കുക. അന്ന് പുലർച്ചെ മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുജനങ്ങൾക്ക് തൃശൂർ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം ഇല്ല. സ്വരാജ് റൗണ്ടിലേക്കുള്ള 17 വഴികളും പൊലീസ് ബാരിക്കേഡ് വച്ച് അടയ്ക്കും. അടിയന്തര ചികിത്സ തേടി ആശുപത്രിയിലേക്ക് പോകുന്നവരെ കടത്തിവിടും. രണ്ടായിരം പൊലീസുകാർ നഗരത്തിന്റെ പല ഭാഗങ്ങളിലായി നിലയുറപ്പിക്കും. വടക്കുംനാഥ ക്ഷേത്ര മൈതാനത്തേക്കും ആർക്കും പ്രവേശനമില്ല.
തൃശൂർ പൂരം- 2021: പ്രവേശനം സംബന്ധിച്ച അറിയിപ്പുകൾ ഇങ്ങനെ...
* കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
* പൂരം പങ്കാളികളായ ദേവസ്വങ്ങൾ, ഘടക ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ സംഘാടകർ, ക്ഷേത്രം ജീവനക്കാർ, ആനപാപ്പാൻമാർ, വാദ്യക്കാർ, മാധ്യമപ്രവർത്തകർ, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സർക്കാർ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക.
പൂരത്തിൽ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടേയും, ഘടകക്ഷേത്രങ്ങളുടേയും ഭാരവാഹികൾക്കുള്ള നിർദ്ദേശങ്ങൾ
* തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന വാദ്യക്കാർ, സഹായികൾ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്രം ജീവനക്കാർ തുടങ്ങിയവർക്കെല്ലാം പാസ് നൽകുന്നതിനുള്ള ചുമതല അതാത് ദേവസ്വം ഭാരവാഹികൾക്ക് ആയിരിക്കും. ഓരോ ദേവസ്വങ്ങളും വിതരണം ചെയ്യുന്ന പാസ്സിന്റെ എണ്ണം അതാത് ദേവസ്വങ്ങൾ മുൻകൂട്ടി, ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച്, അനുവാദം വാങ്ങി, ആയവ നിർദ്ദിഷ്ട മാതൃകയിൽ പ്രിന്റ് ചെയ്യേണ്ടതാണ്. (പാസ്സിന്റെ മാതൃക പങ്കാളികളായ എല്ലാ ദേവസ്വങ്ങൾക്കും നൽകിയിട്ടുണ്ട്.) ഇതിൽ ഫോട്ടൊയും, പേരും മൊബൈൽ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
പൂരം ദിവസത്തിന് 72 മണിക്കൂറിനുള്ളിൽ RTPCR ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കുന്നവർ മാത്രമേ ദേവസ്വങ്ങൾ മുമ്പാകെ പാസ്സിന് അപേക്ഷിക്കാവൂ.
* ദേവസ്വം അധികൃതർ നൽകാനുദ്ദേശിക്കുന്ന പാസ്സുകളും അനുബന്ധ രേഖകളും 22.04.2021 തിയതി രാവിലെ 10 മണിക്കുമുമ്പായി സ്പെഷൽ ബ്രാഞ്ച് അസി. കമ്മീഷണർക്ക് സമർപ്പിക്കേണ്ടതാണ്. ഇതേക്കുറിച്ച് സ്പെഷൽബ്രാഞ്ച് അന്വേഷണം നടത്തി, അപേക്ഷകർ സമർപ്പിച്ചിട്ടുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ യോഗ്യമായതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം ദേവസ്വം അധികൃതർക്ക് പാസ്സുകൾ വിതരണത്തിനായി തിരികെ നൽകുന്നതാണ്. ഈ പാസ്സുകൾ മാത്രമേ ദേവസ്വം അധികൃതർ വിതരണം നടത്താവൂ
തിരുവമ്പാടി, പാറമേക്കാവ് വിഭാഗത്തിന്റേയും ഘടകക്ഷേത്രങ്ങളുടേയും പൂരം പ്രവേശനം സംബന്ധിച്ച അറിയിപ്പ്
* തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൌണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും താഴെ പറയുന്ന 8 സ്ഥലങ്ങളിലൂടെ മാത്രമേ പ്രവേശനമുണ്ടാകൂ. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ മുമ്പാകെ പാസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
എംജി റോഡ്
ഷൊർണൂർ റോഡ്
ബിനി ജംഗ്ഷൻ
പാലസ് റോഡ്
കോളേജ് റോഡ് (ഹോസ്പിറ്റൽ) ജംഗ്ഷൻ
ഹൈറോഡ്
എം ഓ റോഡ്
കുറുപ്പം റോഡ്
നഗരഭാഗത്തുള്ള താമസക്കാർക്കുള്ള അറിയിപ്പ്
* നഗരഭാഗത്തുള്ള ഫ്ലാറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ, അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഇവിടങ്ങളിൽ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
* പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി സ്വരാജ് റൌണ്ടിലും, റൌണ്ടിലേക്ക് പ്രവേശിക്കുന്ന താഴെപറയുന്ന ഔട്ടർ സർക്കിൾ റോഡുകൾ മുതൽ സ്വരാജ് റൌണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ് മാളുകളും പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതല്ല.
ഔട്ടർ സർക്കിൾ റോഡ്
എംജി റോഡ് ശങ്കരയ്യ റോഡ് ജംഗ്ഷൻ - പൂങ്കുന്നം ജംഗ്ഷൻ - പാട്ടുരായ്കൽ - അശ്വിനി ജംഗ്ഷൻ - ചെമ്പൂക്കാവ് – ആമ്പക്കാടൻ മൂല – പൌരസമിതി ജംഗ്ഷൻ - മനോരമ സർക്കിൾ - മാതൃഭൂമി സർക്കിൾ - വെളിയന്നൂർ - റെയിൽവേ സ്റ്റേഷൻ റോഡ് – ദിവാൻജി മൂല – പൂത്തോൾ.
വാഹന ഗതാഗതം സംബന്ധിച്ച അറിയിപ്പ്
* തൃശ്ശൂർ പൂരം നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും 23.04.2020 തിയതി കാലത്ത് 06.00 മണി മുതൽ 24.04.2021 പകൽപൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പൂരം ദിവസം (23.04.2021) സ്വരാജ് റൌണ്ടിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എല്ലാ വാഹനങ്ങളും നഗരത്തിനു പുറത്തുകൂടി വഴിതിരിച്ചുവിടും.
* 22.04.2021 തിയതി മുതൽ തന്നെ സ്വരാജ് റൌണ്ടിലേയും തേക്കിൻകാട് മൈതാനത്തേയും പാർക്കിങ്ങ് നിരോധിക്കും.
* പാലക്കാട്, പീച്ചി ബസ്സുകൾ കിഴക്കേക്കോട്ട വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
* മണ്ണുത്തി, മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ട, ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, ബാലഭവൻ, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
* ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് കോലോത്തുംപാടം റോഡ് വഴി അശ്വനി വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
* ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബാലഭവൻ, രാമനിലയം അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
* വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും ശങ്കരയ്യ റോഡ്, പൂത്തോൾ, ദിവാൻജിമൂല, മാതൃഭൂമി വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
അടാട്ട്, അയ്യന്തോൾ എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പടിഞ്ഞാറേകോട്ടയിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
* കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
* ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടുപ്പാലം ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ എത്തി തിരികെ സർവ്വീസ് നടത്തേണ്ടതാണ്
മാധ്യമപ്രവർത്തകർക്കും അവശ്യ സർവ്വീസ് മേഖലയിലും പ്രവർത്തിക്കുന്നവർക്കുള്ള അറിയിപ്പ്
*നഗരത്തിനകത്തെ ആശുപത്രികൾ, മറ്റ് അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് ജോലിസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് സ്ഥാപനത്തിൽ നിന്നും നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് കൈവശം കരുതണം. ഇത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ മുമ്പാകെ കാണിച്ചാൽ പ്രവേശനം അനുവദിക്കുന്നതാണ്.
*മാധ്യമ പ്രവർത്തകർ, ചാനലുകളിൽ എഡിറ്റിങ്ങ് മുതലായ ജോലികൾ നിർവ്വഹിക്കുന്നവർ തുടങ്ങിയവർക്ക് പാസ്സ് ലഭിക്കുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അല്ലെങ്കിൽ പ്രസ് ക്ലബ്ബ് മുഖാന്തിരം ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. എന്നാൽ 72 മണിക്കൂറിനകം എടുത്ത RTPCR ടെസ്റ്റ് അല്ലെങ്കിൽ രണ്ടു ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇവർക്കും നിർബന്ധമാണ്.