കോട്ടയത്തെ സീറ്റുകളെച്ചൊല്ലി തര്‍ക്കം ഒഴിയുന്നില്ല;മൂവാറ്റുപുഴ ലഭിച്ചാല്‍ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നല്‍കാമെന്ന് ജോസഫ്; 11 സീറ്റ് വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ല
കോട്ടയം ജില്ലയിലെ സീറ്റുകളെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിയാതെ യുഡിഎഫ്. യുഡിഎഫ് ചര്‍ച്ചയില്‍ സീറ്റ് വിഭജനത്തിനായി ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവെച്ച പുതിയ ഫോര്‍മുലയില്‍ ചര്‍ച്ച തുടരുകയാണ്. മൂവാറ്റുപുഴ ലഭിച്ചാല്‍ കോട്ടയത്തെ രണ്ട് സീറ്റുകള്‍ വിട്ടുനല്‍കാമെന്ന നിര്‍ദ്ദേശമാണ് ജോസഫ് ഗ്രൂപ്പ് ഒടുവില്‍ മുന്നോട്ട് വെച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ജോസഫ് ഗ്രൂപ്പ് അറിയിച്ചു. 11 സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും ഇനി പിന്നോട്ടുപോകാനാകില്ലെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു.
ഇന്നലെ രാത്രി നടന്ന സീറ്റ് ചര്‍ച്ചയിലാണ് ജോസഫ് വിഭാഗം പുതിയ ഫോര്‍മുല മുന്നോട്ടുവെച്ചത്. കോട്ടയത്തെ പാലാ ഒഴികെയുള്ള എട്ട സീറ്റുകള്‍ തുല്യമായി പങ്ക് വെയ്ക്കണമെന്ന് ജോസഫ് വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു. കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ സീറ്റുകളില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. മോന്‍സ് ജോസഫിന്റെ സീറ്റായ കടുത്തുരുത്തിയില്‍ കോണ്‍ഗ്രസിന് തര്‍ക്കമില്ലെങ്കിലും മറ്റ് സീറ്റുകളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്.
പുതുമുഖങ്ങള്‍ക്ക് വിജയസാധ്യതയെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ സര്‍വ്വേ ഫലം. ഇത് പരിഗണിച്ചാണ് യുവാക്കള്‍ അടക്കമുള്ള പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയാണ് സര്‍വ്വേ നടത്തിയത്.
ചങ്ങനാശേരിയിലും കോതമംഗലത്തും പേരാമ്പ്രയിലും പുതുമുഖങ്ങളാണ് സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതും. തൊടുപുഴയില്‍ പിജെ ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് എന്നിവര്‍ തന്നെയാവും മത്സരിക്കാനിറങ്ങുക.
ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും കുട്ടനാട് ജേക്കബ് എബ്രഹാമും പട്ടികയിലുണ്ട്. മൂവാറ്റപുഴ ലഭിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജിനാണ് സാധ്യത, പകരം ഇടുക്കിയില്‍ നോബിള്‍ ജോസഫിനെ ഇറക്കിയേക്കും.
കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും മൈക്കിള്‍ ജയിംസും സാധ്യത പട്ടികയില്‍ ഉണ്ട്. ചങ്ങനാശേരിയില്‍ സാജന് ഫ്രാന്‍സിസിനും വി.ജെ ലാലിക്കും തുല്യപരിഗണനയാണുള്ളത്.
പൂഞ്ഞാര്‍ ലഭിച്ചാല്‍ സജി മഞ്ഞക്കടമ്പില്‍, കാഞ്ഞിരപ്പള്ളിയെങ്കില്‍ അജിത് മുതിരമല എന്നിവരെയാവും പരിഗണിക്കുക. പേരാമ്പ്രയില്‍ യൂത്ത് ഫ്രണ്ട് നേതാവ് കെ.വി കണ്ണനാണ് മുന്‍തൂക്കം.