കളക്ടര്‍ ബ്രോ കുടുങ്ങിയേക്കും; ട്രോളര്‍ കരാര്‍ ഒപ്പിട്ടത് എന്‍ പ്രശാന്ത്, ഇടപെടലുകളില്‍ സര്‍ക്കാരിന് അതൃപ്തി
കോഴിക്കോട്: സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായതിന് പിന്നാലെ, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് എംഡി എന്‍ പ്രശാന്തിനെതിരെ നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമായി ഇഎംസിസിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ട്രോളര്‍ നിര്‍മ്മാണ കരാര്‍ ഷിപ്പിങ് കോര്പറേഷന് ഏറ്റെടുത്തതിലാവും നടപടി. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിന് കടുത്ത അതൃപ്തിയുണ്ടെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശാന്തിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയോട് ആവശ്യട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും പ്രശാന്തിന്റെ ഇടപെടവലുകള് പരിശോധിക്കുമെന്നുതന്നെയാണ് സൂചനകള്‍.
വിവാദത്തില്‍ ആഴക്കടമല് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്ഐഎന്‍സിയുടെ എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രേഖയായി ഉയര്‍ത്തിക്കാട്ടുന്നത് കമ്പനി നല്കിയ നിവേദനത്തിലെ വിവരങ്ങളാണ്. ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്ന. എംഡി ആയ ഉദ്യോഗസ്ഥന് നേരത്തെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും പിണറായി പറഞ്ഞു. പ്രശാന്തിന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
”2021 ഫെബ്രുവരി 11ന് കമ്പനിയുടെ പ്രതിനിധികള്‍ വ്യവസായ മന്ത്രിയുടെ ഒഫീസിലെത്തി ഒരു നിവേദനം നല്‍കിയിരുന്നു. ഫിഷറീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റില്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനം. നിവേദനം മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു ധാരണാപത്രത്തെപ്പറ്റി സര്‍ക്കാരിനെയോ മന്ത്രിയെയോ ബന്ധപ്പെട്ട സെക്രട്ടറിയെയോ കോര്‍പറേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ അറിയിച്ചിട്ടില്ല’, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിങ്ങനെ.
സര്‍ക്കാരിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കാരണമായത് ഈ ട്രോളര്‍ നിര്‍മാണ ധാരണയാണെന്നാണ് മേഴ്സിക്കുട്ടിയമ്മ ആവര്‍ത്തിക്കുന്നത്. ഇതാണ് പ്രശാന്തിനെതിരെ നടപടിയുണ്ടായേക്കുമെന്ന സാധ്യതയിലേക്ക വിരല്‍ ചൂണ്ടുന്നത്. ട്രോളര്‍ നിര്‍മിക്കാനുള്ള തീരുമാനം ഷിപ്പിങ് കോര്പറേഷന് പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പായി നല്കിയതും സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്നു എന്‍ പശാന്ത്. തുടര്‍ന്ന് കോഴിക്കോട് ജില്ലാ കളക്ടറായി. ഇപ്പോള്‍ കെഎസ്ഐഎന്‍സി എംഡിയായി പ്രവര്‍ത്തിക്കുന്നു. ട്രോളര്‍ നിര്‍മാണത്തെച്ചൊല്ലി ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ കടുപ്പിക്കുമ്പോഴും കോര്പറേഷന് എംഡിയായ എന്‍ പ്രശാന്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.