‘അവരുടെ കണ്ണീര് വീണ് എന്റെ കാലുകള്‍ പൊള്ളി’;യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുകയാണെന്ന് ഉമ്മന്‍ ചാണ്ടി
സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണുണ്ടായതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റാങ്ക് ഹോള്‍ഡേഴ്സ് തന്റെ കാലുപിടിച്ച് കരഞ്ഞപ്പോള്‍ അവരുടെ കണ്ണീര് വീണ് തന്റെ പാദങ്ങള്‍ പൊള്ളിയെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിന് പൂര്‍ണ്ണപിന്തുണ അറിയിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ ചാണ്ടി സെക്രട്ടറിയേറ്റ് പരിസരത്തെ തന്റെ അനുഭവം പങ്കുവെച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍:
സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്. ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര് വീണ് എന്റെ കാലുകള്‍ പൊള്ളി.
നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല് നീന്തി. അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി.
പ്രിയ യുവസ്നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും…
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ സന്ദര്‍ശിച്ചപ്പോഴാണ് അവരില്‍ ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ കാലുപിടിച്ചത്. പ്രശ്നങ്ങള്‍ കേട്ട മനസിലാക്കിയ ഉമ്മന്‍ചാണ്ടി എല്ലാം പരിഹരിക്കാമെന്ന ഉറപ്പുനല്‍കിയ ശേഷമാണ് മടങ്ങിയത്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉദ്യോഗാര്‍ഥികളെ കണ്ട ശേഷം ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിന് വീണ്ടും സാധുത നല്കാന് കോടതിക്ക് മാത്രമേ സാധിക്കൂ. എന്നാല്‍ ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരവും അവകാശവും ഉണ്ടായിട്ടും അത് ചെയ്തില്ല. അത് ചെയ്യാത്ത സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കും.