മനോരമ റിപ്പോര്‍ട്ട്: ആര്‍എസ്എസിനെ നേരിടാന്‍ ക്ഷേത്രങ്ങളില്‍ ശ്രദ്ധ നല്കാന് സിപിഐഎം
തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തീരുമാനത്തില്‍ നീക്കം ശക്തിപ്പെടുത്തി സിപിഐഎം. ബിജെപിയുടെ വളര്‍ച്ച തടയാനാണ് പാര്‍ട്ടി നീക്കം. ആര്‍എസ്എസുകാരല്ലാത്ത, സിപിഐഎം അനുഭാവമുള്ള വിശ്വാസികളെ ക്ഷേത്ര ഭരണ സമിതിയില്‍ എത്തിക്കണമെന്ന മുന്‍ തീരുമാനം നടപ്പിലാക്കാനാണ് ഇത്തരമൊരു നീക്കമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മലയാള മനോരമയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് സിപിഐഎം പറയുമ്പോഴും തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടു ശതമാനത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവിനെ കൃത്യമായി തന്നെ വിലയിരുത്തുകയാണ് പാര്‍ട്ടി കീഴഘടകങ്ങള്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 35 മണ്ഡലങ്ങളിലാണ് ബിജെപിക്ക് 25,000 ത്തില്‍ പരം വോട്ടുകള്‍ വീതം ലഭിച്ചിരിക്കുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സിപിഐഎമ്മിന്റെ പുതിയ നീക്കം എന്ന് വേണം കരുതാന്‍.
തിരുവനന്തപുരത്ത് 11 നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ചിറയിന്‍കീഴ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമായി ബിജെപിക്കുണ്ടായിരിക്കുന്ന വോട്ട് വര്‍ധനവിനെ അപകടമായി തന്നെയാണ് ഇടതുമുന്നണി നിരീക്ഷിക്കുന്നത്. മാത്രമല്ല, തിരുവനന്തപുരത്തെ പടിഞ്ഞാറന്‍ മണ്ഡലങ്ങളുലും കൊല്ലം ജില്ലയിലെ കിഴക്കന്‍ മണ്ഡലങ്ങളിലും ബിജെപിക്കുണ്ടായിരിക്കുന്ന മുന്നേറ്റത്തില്‍ സാമുദായിക ഘടകങ്ങള്‍ക്കുള്ള പങ്കിനെ പറ്റിയുള്ള പഠനവും ആവശ്യമാണെന്ന നിരീക്ഷണത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിയുള്ളത്.
തൃശൂരില്‍ ഏഴ്, കൊല്ലത്തും പാലക്കാടും ആറു വീതവും കാസര്‍കോട് മൂന്നും കോഴിക്കോട് രണ്ടും എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ഈ ഘടകങ്ങള്‍ പരിശോധിച്ചാണ് ബിജെപിയെ ചെറുതായി കാണേണ്ടതില്ലെണ് സിപിഐഎം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
തൃശൂരില്‍ ഏഴ്, കൊല്ലത്തും പാലക്കാടും ആറ്, കാസര്‍കോട് മൂന്ന്, കോഴിക്കോട് രണ്ട് എന്നിങ്ങനെയാണ് നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയിക്കുന്നത്. ഇതില്‍ ബിഡിജെഎസിന്റെ സ്വാധീനവും സിപിഐഎം കീഴ്ഘടകങ്ങള്‍ പരിശോധിച്ച് വരുകയാണ്. ഇതിന് വേണ്ട പരിഗണന നല്‍കിയില്ലെങ്കില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയുണ്ടായേക്കുമെന്ന കണക്കൂട്ടലില്‍ തന്നെയാണ് ഇടതുമുന്നണി. അതോടൊപ്പം പരമ്പരാഗത വോട്ടുചോര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി ഇപ്പോഴുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഗൃഹ സന്ദര്‍ശനവും ഇതിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.
ക്ഷേത്ര ഭരണസമിതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഭക്തരെ സ്വാധീനിക്കുക എന്ന സമീപനമാണ് ബിജെപി സ്വീകരിച്ച് വരുന്നതെന്നാണ് സിപിഐഎമ്മിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.