തില്ലങ്കേരി ബിജെപിയുടെ ‘കോണ്‍ഗ്രസ് വിമുക്ത’ പരീക്ഷണ ഇടമോ?; വോട്ട് കുത്തനെ ഇടിഞ്ഞു; യുഡിഎഫിന് പരാജയം, എല്‍ഡിഎഫിന് വിജയം
തദ്ദേശ തെരഞ്ഞെടുപ്പ് സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഡിവിഷനിലെ ഫലം ചര്‍ച്ചയാവുന്നു. ബിജെപിയുടെ വോട്ട് കുറഞ്ഞതാണ് ചര്‍ച്ചകള്‍ക്ക് കാരണം. നേരത്തെ ബിജെപി നേടിയിരുന്ന 3333 വോട്ട് ഇത്തവണ 1333 ആയി കുറഞ്ഞു. 2026 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിജെപി നീക്കം പ്രകടമാവുന്നതാണ് തില്ലങ്കേരി ഡിവിഷനിലെ ഫലമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ വോട്ട് കുറഞ്ഞതിനെ ബന്ധപ്പെടുത്തിയാണ് മാതൃഭൂമി വാര്‍ത്ത.
ഇത്തവണ ഫലം വന്നപ്പോള്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് സിപിഐഎം പിടിച്ചെടുത്തു. ഇത് തന്നെയാണ് ബിജെപി തന്ത്രവും. യുഡിഎഫിനെ മൂന്നാം കക്ഷിയാക്കി താഴ്ത്തി ഇടതുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് പാര്‍ട്ടി ലക്ഷ്യം. അതിന്റെ പരീക്ഷണമാണ് തില്ലങ്കേരിയില്‍ നടന്നതെന്നാണ് പ്രചരണം. ബിജെപിയുടെ വോട്ടാണ് പ്രചാരണത്തിന് ആക്കം കൂട്ടുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ 285 വോട്ടിന് ജയിച്ച തില്ലങ്കേരിയില്‍ ഇത്തവണ സിപിഐഎം സ്ഥാനാര്‍ത്ഥി ബിനോയ് കുര്യന് 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോര്‍ജ് ഇരുമ്പുകുഴിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തില്ലങ്കേരിയില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടര്‍ന്നാണ് വിദ്യാര്‍ഥിനിയായ ലിന്‍ഡ ജെയിംസ് മുള്ളന്‍കുഴി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികൂടിയായിരുന്ന ബിനോയ് കുര്യന് സിപിഐഎമ്മിന്റെ യുവജന നേതാവാണ്. പോള്‍ ചെയ്ത 32,580 വോട്ടില്‍ ബിനോയ് കുര്യന് 18,687-ഉം ലിന്‍ഡ 11,707 വോട്ടും നേടി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതും ഇടതുമുന്നണിയുടെ വോട്ട് കൂടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ബിജെപി യുടെ രണ്ടായിരത്തോളം വോട്ട് എങ്ങോട്ടുപോയി എന്നതാണ് സംശയം.
2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-എന്‍ഡിഎ മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെന്നാണ് ബിജെപി നേതാക്കള്‍ പ്രാദേശിക നേതാക്കളോട് നിര്‍ദേശിച്ചത്. ബിജെപിക്ക് വേരോട്ടമില്ലാതിരുന്ന കര്‍ണാടക, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചതാണ് വളര്‍ച്ചക്ക് കാരണമെന്ന് ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലൊഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമാണ് ബിജെപി സ്വീകരിച്ചിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഒരേ പോലെ എതിര്‍ക്കുക എന്നതായിരുന്നു സ്വീകരിച്ചു വന്ന നയം. എന്നാല്‍ കോണ്‍ഗ്രസിനെ ആക്രമിക്കുക എന്ന നയത്തിലേക്ക് മാറുക എന്നതാണ് ബിജെപി പുതുതായി സ്വീകരിക്കുന്ന നയം.