‘ഞാൻ സംസാരിച്ചത് സദുദ്ദേശപരമായി, ബോധ്യപ്പെടുത്തിയാൽ അതിനൊരു പരിഹാരമുണ്ട് ‘; വിവാദത്തിൽ എം സി ജോസഫൈൻ
വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരിയുടെ ബന്ധുവിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ചു എം സി ജോസഫൈൻ. 89 വയസ്സുള്ള ലക്ഷ്മിക്കുട്ടി അമ്മയോട് പത്തനംത്തിട്ടയിലെ അടൂരിൽ നടക്കുന്ന അദാലത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ പറ്റി അന്വേഷിച്ച ബന്ധുവിനോട് എം സി ജോസഫൈൻ കയർത്തുവെന്ന ആരോപണത്തിനാണ് വനിതാ കമ്മീഷൻ അധ്യക്ഷ റിപ്പോർട്ടറിനോട് മറുപടി പറഞ്ഞത്.
എം സി ജോസഫൈൻ റിപ്പോർട്ടറുമായി നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
‘വിളിക്കുന്നയാൾ 28ആം തിയതി പത്തനംതിട്ടയിലെ അടൂരിൽ വെച്ച് നടക്കുന്ന അദാലത്തിൽ അച്ചാമ്മക്ക് കത്ത് വന്നിട്ടുണ്ടെന്നാണ് പറയുന്നത്.
അപ്പൊ ഞാൻ പറഞ്ഞു അതിനു പോകണം. അപ്പൊ അതല്ല അമ്മക്ക് 89 വയസ്സായി ..അപ്പൊ ഞാൻ ചോദിച്ചു… വീടെവിടെയാ ..മലയാലപ്പുഴ ..അതെനിക്കറിയില്ല..ഏതു ജില്ലയിലാണോ അദാലത്തു നടക്കുന്നത് ..പരാതിക്കാരിയുടെ അഡ്രസ് ഏതു ജില്ലയിലാണോ അവിടെയാണ് വിളിപ്പിക്കുക . അപ്പൊ സ്വാഭാവികമായും പത്തനംതിട്ടയിലെ പരാതിക്കാരിയാണ് ..അതുകൊണ്ടു പത്തനംത്തിട്ടയിലെ 28ആം തിയതിയിലെ അദാലത്തിലേക്ക് അവരെ വിളിപ്പിച്ചിരിക്കുന്നത്.
അപ്പൊ ഇയാൾ പറഞ്ഞു. അമ്മക്ക് 89 വയസ്സായി ..എങ്ങനെയാണ്..?
അപ്പൊ ഞാൻ പറഞ്ഞു 89 വയസ്സുള്ള അമ്മയെ കൊണ്ട് എന്തിനാ നിങ്ങൾ വനിതാ കമ്മീഷന് പരാതി കൊടുപ്പിച്ചത് ..? പരാതി കൊടുത്താൽ പോകണ്ടേ..? എന്ന് ഞാനാദ്യം ചോദിച്ചു
ഞാൻ ചോദിച്ചു നിങ്ങള്ക്ക് അങ്ങനെയുള്ളപ്പോൾ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കായിരുന്നില്ലേ ? അത് ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടൊന്നും ഒന്നുമായില്ല…അത് കൊണ്ടാണ്.. അപ്പൊ ഞാൻ പറഞ്ഞു അങ്ങനെ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് അവർ അനങ്ങിയില്ലെങ്കിൽ നിങ്ങൾക്ക് അവിടെയുള്ള പൊതുപ്രവർത്തകരോട് ആരോടെങ്കിലും പറഞ്ഞു അവരെ ഇടപെടുത്താമായിരുന്നില്ലേ ..?
ഇല്ല അത്..പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് അവർ അനങ്ങിയില്ല..അതുകൊണ്ടു അദാലത്തിൽ 89 വയസ്സായ അമ്മയെ എങ്ങനെ കൊണ്ട് വരുമെന്നാണ് അയാളുടെ ചോദ്യം. ഞാൻ പറഞ്ഞു പരാതി തന്നാൽ പരാതിക്കാരി വരണം. അതാണൊരു സാമാന്യ മര്യാദ.’
89 വയസുള്ള പ്രായമേറിയ വയ്യാത്ത ആളാണെങ്കിൽ അദാലത്തിൽ നേരിട്ട് വരികയല്ലാതെ മറ്റൊരു പോംവഴിയുണ്ടോ എന്ന ചോദ്യത്തിന് , ‘നമ്മളെ അവർ ബോധ്യപ്പെടുത്തണ്ടേ 89 വയസ്സായി എന്ന് . രേഖാമൂലം ബോധ്യപ്പെടുത്തിയാൽ..എവിടെയെങ്കിലും അടുത്ത് തരാമോ എന്ന് ചോദിച്ചാൽ അത്തരം നടപടികൾ എടുത്തേനേ.’
ബോധ്യപ്പെടുത്തിയാൽ അതിനൊരു പരിഹാരമുണ്ട് എന്നാണോ മാഡം പറയുന്നത് എന്ന ചോദ്യത്തിന് ..’തീർച്ചയായും അതെ’ എന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ മറുപടി പറഞ്ഞത്.
‘വിളിച്ചയാൾ സംസാരിക്കുന്ന രീതി way of talk വേറൊരു തരത്തിലായിരുന്നു. എന്താ പറയുക ..എന്നെ ശകാരിക്കുന്ന പോലെ..അപ്പൊ ഞാനും കുറച്ചു പരുക്കനായി ..നമ്മൾ വളരെ തരംതാണ് സംസാരിക്കേണ്ട കാര്യമില്ലല്ലോ..നമ്മൾ വളരെ സ്പഷ്ടമായി പറയും.
ഈ പറഞ്ഞ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നോ എന്ന ചോദ്യത്തിന് ഞാൻ സദുദ്ദേശപരമായി തന്നെയാണ് സംസാരിച്ചത്. 89 വയസ്സുള്ള അമ്മയെ പിന്നെന്തിന് പരാതി കൊടുപ്പിച്ചു.? പരാതി കൊടുത്താൽ വരാൻ അവർ ബാധ്യസ്ഥരാണ്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വരൂ ഇല്ലെങ്കിൽ വരേണ്ട എന്നും കൂടി ഞാൻ പറഞ്ഞു. അത് പരാതി തരുന്നവരുടെ താൽപര്യമാണ്.’
കഴിഞ്ഞ വർഷം ജനുവരിയിൽ വൃദ്ധയെ അയൽവാസി മദ്യലഹരിയിൽ മർദിച്ച സഭവത്തിൽ ആണ് പരാതി നൽകിയിരുന്നത്. പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശി ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി