‘നാലല്ല, അഞ്ച് സീറ്റ് ആവശ്യപ്പെടും’; ജോസ് കെ മാണിക്കും അതേ അവകാശമുണ്ട്; യുഡിഎഫ് പ്രവേശനം തള്ളി എകെ ശശീന്ദ്രന്
എന്‍സിപി ഇടത് മുന്നണി വിടുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്. മാണി സി കാപ്പന് പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ മുന്നണി വിടേണ്ട സ്ഥിതിയൊന്നുമില്ലെന്നും എകെ ശശീന്ദ്രന് വ്യക്തമാക്കി. പാലാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി ഇടത് മുന്നണി വിട്ട് യുഡിഎഫില്‍ ചേരുകയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലായിരുന്നു ശശീന്ദ്രന് നിലപാട് വ്യക്തമാക്കിയത്.
സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ ഏത് പാര്‍ട്ടിക്കും അവകാശമുണ്ടെന്നും പരമാവധി സീറ്റ് കിട്ടാന്‍ ഓരോ പാര്‍ട്ടിയും മുന്നണിയില്‍ നിലപാട് സ്വീകരിക്കുമെന്നും ശശീന്ദ്രന് വ്യക്തമാക്കി.
ഇടത് മുന്നണി വിടുന്നതോടെ മാണി സി കാപ്പന് പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തകള്‍ മാണി സി കാപ്പന് നിഷേധിച്ചു.
എന്‍സിപി ഇടത് മുന്നണി വിടുകയാണെന്ന വാര്‍ത്ത നിഷേധിച്ച് മാണി സി കാപ്പന്. നിലവില്‍ മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.
‘ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തുടരും.’ മാണി സി കാപ്പന് പ്രതികരിച്ചു.
മാണി സി കാപ്പന് മുന്നണി വിടുമെന്നുളള പ്രചാരണത്തെ ആദ്യഘട്ടത്തില്‍ തന്നെ എകെ ശശീന്ദ്രന് നിഷേധിച്ചിരുന്നു. എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍സിപി. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.
എകെ ശശീന്ദ്രന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം;
കേരളത്തില്‍ അല്ല മറ്റ് എല്ലാ സംസ്ഥാനങ്ങളിലും മുന്നണി രാഷ്ട്രീയം നടത്തുന്നവരില്‍ ചര്‍ച്ചകള്‍ അവസാന നിമിഷം വരെയുണ്ടാവും. അന്തിമ പ്രഖ്യാപനം വരുന്നത് എല്‍ഡിഎഫ് ഔദ്യോഗികമായി സീറ്റ് വിഭജനം പ്രഖ്യാപിക്കുമ്പോഴാണ്. അതിന് ധാരാളം സമയമുണ്ട്.
നാല് സീറ്റ് മാത്രമല്ല, അഞ്ച് സീറ്റ് വേണമെന്ന് പറയും. നമ്മള് അഞ്ച് സീറ്റ് ആവശ്യപ്പെടില്ലായെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. സീറ്റ് ചര്‍ച്ചയുടെ ഘട്ടത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ എന്‍സിപിക്ക് അവകാശമുണ്ട്. ഏത് മുന്നണിയിലേയും ഏത് ഘടകകക്ഷികള്‍ക്കും അവകാശം ഉണ്ട്. ഒരു സീറ്റ് വിട്ടുകൊടുക്കുമെന്ന് ഏതെങ്കിലും പാര്‍ട്ടി പറയുമോ? സിറ്റിംഗ് സീറ്റ് ആരും വിട്ടുകൊടുക്കില്ല. മുന്നണി വിടുന്ന കാര്യം ആലോചിച്ചിട്ടില്ല. മുന്നണി രൂപീകരിച്ചത് രാഷ്ട്രീയ സാഹചര്യങ്ങള്‍കൊണ്ടാണ്. അതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
ജോസ് കെ മാണിക്ക് പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ അവകാശം ഇല്ലേ?. ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഇടത് മുന്നണി സ്വാതന്ത്യം തന്നിട്ടുണ്ട്. അതില്‍ ജോസ് കെ മാണിക്ക് ഉന്നയിക്കാം, മാണി സി കാപ്പന് ഉന്നയിക്കാം.