ഇന്ത്യയുടെ എംആർഎൻഎ വാക്സിന് പരീക്ഷണാനുമതി
ന്യൂഡൽഹി : കൊവിഡ് 19നെതിരേ ലോകം ഒറ്റക്കെട്ടായി പൊരുതുന്നതിനിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എംആർഎൻഎ വാക്സിന്റെ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അനുമതി. പൂനെ ആസ്ഥാനമായ ജെന്നോവയ്ക്കാണ് ആദ്യ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി. എച്ച്ജിസിഒ 19 എന്ന പേരിലുള്ള എംആർഎൻഎ വാക്സിൻ വൈകാതെ പരീക്ഷണം തുടങ്ങും.
യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ ഫൈസറും മോഡേണയും ഉൾപ്പെടെ വികസിപ്പിച്ചത് എംആർഎൻഎ വാക്സിനുകളാണ്. രോഗപ്രതിരോധത്തിനുള്ള പരമ്പരാഗത മാർഗങ്ങളല്ല എംആർഎൻഎ വാക്സിനുകൾ പ്രയോഗിക്കുന്നത്. പകരം കൊവിഡ് 19നു കാരണമാകുന്ന സാർസ് കൊവ്-2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾ (ശരീരകോശങ്ങളിൽ കയറിപ്പറ്റാൻ സഹായിക്കുന്ന കൊളുത്തുപോലെയുള്ള ആവരണം) പുനഃസൃഷ്ടിക്കാന് കോശങ്ങൾക്കു നിർദേശം നൽകുകയാണ് മെസഞ്ചർ ആർഎൻഎ അഥവാ എംആർഎൻഎ വാക്സിൻ ചെയ്യുന്നത്.
എംആർഎൻഎ വാക്സിൻ ഒരിക്കൽ ശരീരത്തിൽ കുത്തിവച്ചാൽ, സ്പൈക്ക് പ്രോട്ടീന്റെ ലക്ഷക്കണക്കിനു പകർപ്പുകൾ സൃഷ്ടിക്കാൻ ശരീരകോശങ്ങൾക്കു നിർദേശം ലഭിക്കും. ഇതോടെ, രോഗസാധ്യത തിരിച്ചറിഞ്ഞ് ആന്റിബോഡികൾ നിർമിക്കാനും ശരീരം തയാറാകും. ഈ ആന്റിബോഡികൾ രക്തത്തിൽ നിലനിൽക്കുകയും യഥാർഥ വൈറസ് ശരീരത്തിൽ കടന്നാൽ അപ്പോൾ തന്നെ പോരാടി ഇല്ലാതാക്കുകയും ചെയ്തും.
അതേസമയം, അമ്പതു വർഷം പിന്നിട്ട വെക്റ്റർ വാക്സിൻ മാർഗമാണ് ഓക്സ്ഫഡ്-അസ്ട്രസെനേക വാക്സിനിൽ ഉപയോഗിച്ചിട്ടുള്ളത്. സാർസ് കൊവ് - 2 വൈറസിനോട് ഏറെ സമാനതകളുള്ള ഒരു ജലദോഷ വൈറസിന്റെ (അഡിനോ വൈറസ്) ദുർബല പതിപ്പാണ് വെക്റ്റർ വാക്സിനിൽ ഉപയോഗിച്ചിട്ടുള്ളത്. ജനിതക മാറ്റം വരുത്തിയ നിർജീവ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ സ്പൈക്ക് പ്രോട്ടീനുകൾ മാത്രം നിർമിക്കാനേ കഴിയൂ. എന്നാൽ, സ്പൈക്ക് പ്രോട്ടീനുകൾ കാണുന്ന ശരീരകോശങ്ങൾ യഥാർഥ വൈറസെന്നു കരുതി ആന്റിബോഡികൾ ഉത്പാദിപ്പിക്കും. ബാധിക്കാനോ വർധിക്കാനോ കഴിയാത്ത നിർജീവ വൈറസ് ഉപയോഗിക്കുന്ന വാക്സിനുകളും പരീക്ഷണത്തിലുണ്ട്.
ഉപയോഗിക്കാനും നിർമിക്കാനും കൂടുതൽ എളുപ്പമെന്നതാണ് എംആർഎൻഎ വാക്സിന്റെ സവിശേഷത. പൂർണമായും കൃത്രിമ പദാർഥങ്ങളായതിനാൽ ഇവ സൃഷ്ടിക്കാൻ ഒരു ജൈവ കോശത്തിന്റെയും ആവശ്യമില്ല. മറ്റു വാക്സിനുകളുടെ നിർമാണത്തിന് നിർജീവ, ദുർബല വൈറസുകൾ ഉണ്ടാക്കിയെടുക്കാൻ ജൈവ കോശം ആവശ്യമാണ്. കൃത്രിമ പദാർഥമായതിനാൽ ഇവ ഒരു ഘട്ടത്തിലും രോഗകാരിയാകുകയുമില്ല. കൊവിഡ് പോലുള്ള മഹാമാരിക്കാലത്ത് ഏറ്റവും ആശ്രയിക്കാവുന്നത് എംആർഎൻഎ വാക്സിനുകളെയാണെന്ന് ജൈവസാങ്കേതിക വിദ്യാ സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു.