ഇതെന്റെ മരണക്കുറിപ്പാണ്’; കള്ളവോട്ട് ചെറുക്കാനുള്ള ശ്രമത്തില്‍ ജീവന് നഷ്ടപ്പെട്ടേക്കുമെന്ന് സുരേഷ് കീഴാറ്റൂര്‍; ‘റീത്ത് പൊലീസ് വെയ്ക്കണം’
തദ്ദേശ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരില്‍ സംഘര്‍ഷമുണ്ടാകുമെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍. കീഴാറ്റൂര്‍ ബൂത്തില്‍ സിപിഐഎം നൂറിലധികം കള്ളവോട്ടുകള്‍ ചെയ്യുമെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു. കളളവോട്ട് ചെയ്യാന്‍ വയല്‍ക്കിളികള്‍ അനുവദിക്കില്ല. ചെറുത്തുനില്‍പ്പിനിടെ ജീവന് നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. ജനാധിപത്യത്തിന് വേണ്ടി രക്തസാക്ഷിയാകാന്‍ തയ്യാറാണ്. ഭാര്യയും കുട്ടികളും ഒപ്പമുള്ളവരും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. പൊലീസ് സംരക്ഷണയുണ്ടായിരുന്നിട്ടും വീടിന് നേര്‍ക്ക് മുന്‍പ് ആക്രമണമുണ്ടായിട്ടുണ്ട്. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ കീഴാറ്റൂര്‍ ബൂത്തില്‍ സിസി ടിവി ക്യാമറ വെയ്ക്കണമെന്ന ആവശ്യം അധികാരികള്‍ ചെവിക്കൊള്ളുന്നില്ല. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും നിസംഗത തുടരുന്ന പൊലീസ് തന്റെ മൃതദേഹത്തില്‍ റീത്ത് വെയ്ക്കണമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഇത് തന്റെ മരണക്കുറിപ്പാണ് എന്ന പ്രസ്താവനയോടെയാണ് വയല്‍ക്കിളി നേതാവ് ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.
കള്ളവോട്ടുകൊണ്ട് ആരും അങ്ങോണ്ട് വരേണ്ട. കീഴാറ്റൂര്‍ ബുത്തില്‍ ചെറുത്തുനില്ക്കും. അവസാന തുള്ളി രക്തവും വീഴ്ത്തും. ജലത്തിനും മണ്ണിനും ഭൂമിയ്ക്കും വേണ്ടിയുള്ള ഒരു സമരത്തില്‍ രക്തസാക്ഷിയാകുന്നതിന് എനിക്ക് ഒരു ഭയവുമില്ല.
സുരേഷ് കീഴാറ്റൂര്‍
പൊലീസ് സംരക്ഷണ വേണമെന്ന ആവശ്യവുമായി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷ് രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിനെതിരെ മത്സരിക്കുന്ന തനിക്ക് സുരക്ഷ വേണമെന്നാനശ്യപ്പെട്ട് ലത തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്കുകയുണ്ടായി. വോട്ടെടുപ്പ് നടക്കുന്ന കീഴാറ്റൂര്‍ ജിഎല്‍പി സ്കൂളില്‍ വെബ്ക്യാമറ വേണമെന്നാവശ്യപ്പെട്ട് കീഴാറ്റൂരിലെ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ഹൈക്കോടതിയേയും സമീപിച്ചു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ഉയര്‍ന്ന സമര കൂട്ടായ്മയാണ് വയല്‍ക്കിളികള്‍. കീഴാറ്റൂരില്‍ വലിയ സ്വാധീനമാണ് ഇവര്‍ക്കുള്ളത്. കീഴാറ്റൂര്‍ സമരത്തിന് മുന്‍ നിരയില്‍ നിന്ന് പ്രതിഷേധിച്ചവരില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളാണ് ലത. ബൈപ്പാസ് നിര്‍മ്മാണ ഉദ്ഘാടനം സമയത്ത് കീഴാറ്റൂര്‍ വയലില്‍ വെച്ച് പിണറായി വിജയന്റേയും നിതിന്‍ ഗഡ്കരിയുടേയും കോലം കത്തിച്ചുകൊണ്ടായിരുന്നു വയല്‍ക്കിളികളുടെ പ്രതിഷേധം.
സുരേഷ് കീഴാറ്റൂര്‍ പറഞ്ഞത്
“വയല്‍കിളികള്‍ കീഴാറ്റൂരില്‍ മത്സരിക്കുന്നു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ലത സുരേഷ്. കഴിഞ്ഞ വര്‍ഷം 615 വോട്ടുകള്‍ പോള്‍ ചെയ്തപ്പോ 500ലധികം വോട്ടുകള്‍ നേടി സിപിഐഎം ജയിച്ച സ്ഥലത്താണ് ഞങ്ങള്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നു. അത് ഗൗനിക്കുന്നില്ല. കാരണം ജനങ്ങളാണ് വിധിയെഴുതുന്നത്. പക്ഷെ, ആ വിധിയെഴുത്തിനെ മറ്റൊരു രൂപത്തില്‍ മാറ്റിമറിക്കാനുള്ള ഒരു ശ്രമം കൂടി ഇവിടെ നടക്കുന്നുണ്ട്. നൂറിലധികം കള്ളവോട്ടുകള്‍ കീഴാറ്റൂരിനകത്തുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ 64ഓളം കള്ളവോട്ടുകള്‍ നടത്തിയ്പ്പോള് അതിന്റെ ദൃശ്യങ്ങള്‍ ഞാനാണ് പുറത്തുവിട്ടത്. പത്ത് മിനുട്ട് കഴിയുമ്പോള്‍ എന്റെ വീടിന് ചുറ്റും 200ഓളം പട്ടാളക്കാര്‍, പാര്‍ട്ടി ഗ്രാമം കാക്കുന്ന പട്ടാളക്കാര്‍ വളഞ്ഞു. ഭിന്നശേഷിക്കാരായ എന്റെ ഭാര്യയേയും മകനേയും പറയാന്‍ പറ്റാത്ത ഭാഷയില്‍ അധിക്ഷേപിച്ചു. ഒടുവില്‍ കള്ളക്കേസും. ഞങ്ങളെ കടന്നാക്രമിച്ച് ഞങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്തു.
പൊലീസിന്റെ കനത്ത സുരക്ഷയുണ്ടായിട്ടും അത് വെട്ടിച്ച് വീടിന് നേരെ ആക്രമണമുണ്ടായി. തെളിവുകൊടുത്തിട്ടുപോലും പ്രതികളെ പിടിക്കാന്‍ തളിപ്പറമ്പ് പൊലീസിന് കഴിഞ്ഞിട്ടില്ല. കീഴാറ്റൂരില്‍ സിപിഐഎമ്മും വയല്‍ക്കിളികളും നേരിട്ട് മത്സരിക്കുകയാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാമമാത്രമായ വോട്ട് മാത്രമേയുളളൂ. ഇത്രയും സംഘര്‍ഷഭരിതമായ സ്ഥലത്ത് നമ്മള് മത്സരിക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ അനുഭവം മുന്നിലുണ്ട്. എന്റെ വീട് രണ്ട് തവണ ആക്രമിക്കപ്പെട്ടു. സഖാക്കള്‍ ആക്രമിക്കപ്പെട്ടു. ഒരുപാട് കേസുകള്‍ തളിപ്പറമ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലും പൊലീസ് രഹസ്യാന്വേഷണ വിഭാഗം യാതൊരു സംഘര്‍ഷ സാധ്യതയും ഇവിടെ കാണുന്നില്ല. പക്ഷെ, ഞങ്ങള്‍ക്ക് ഭയമുണ്ട്. കീഴാറ്റൂര്‍ ബൂത്തിലെ തെരഞ്ഞെടുപ്പ് മാന്യമായി നടക്കില്ല. ബൂത്ത് പിടിച്ചടക്കലും ജനങ്ങളെ വിരട്ടിയോടിക്കലും സംഘര്‍ഷവും ഇവിടെയുണ്ടാകും. തളിപ്പറമ്പ് പൊലീസ് നിസംഗത കാണിച്ചാല്‍ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു അപമാനമായി ഈ സംഭവം അവശേഷിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും പരാതി കൊടുത്തിട്ടുണ്ട്. ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യമെല്ലാം തളിപ്പറമ്പ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാവുന്ന കാര്യമാണ്. എന്നിട്ടുപോലും ഒരു വെബ് ക്യാമറയോ മറ്റ് സംഗതികളോ കീഴാറ്റൂര്‍ പോളിങ് ബൂത്തില്‍ വെച്ചിട്ടില്ല. പാര്‍ട്ടി തിട്ടൂരം മാത്രം അനുസരിക്കുന്ന പൊലീസായാല്‍ നാട്ടില്‍ ജനാധിപത്യവും സമാധാനവും പുലരില്ല.
തെരഞ്ഞെടുപ്പിന് പത്തോളം ദിവസങ്ങള്‍ മാത്രമാണുള്ളത്. നാളെ എനിക്ക് എന്തു സംഭവിച്ചാലും വിഷയമില്ല. കാരണം ജലത്തിനും മണ്ണിനും ഭൂമിയ്ക്കും വേണ്ടിയുള്ള ഒരു സമരത്തില്‍ രക്തസാക്ഷിയാകുന്നതിന് എനിക്ക് ഒരു ഭയവുമില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അട്ടിമറിക്കാമെന്ന വിശ്വാസക്കാരനുമല്ല. പക്ഷെ, എന്റെ ഭാര്യയും കുട്ടികളും സഹപ്രവര്‍ത്തകരും നാളെ ആക്രമിക്കപ്പെട്ടാല്‍ ഉത്തരവാദി തളിപ്പറമ്പ് പൊലീസ് മാത്രമായിരിക്കും. രാഷ്ട്രീയ അധികാരികള്‍ പറയുന്നത് മാത്രമല്ല ജനങ്ങളുടെ കാര്യങ്ങള്‍ മനസിലാക്കി അതില്‍ യഥാര്‍ത്ഥ നിലപാട് എടുക്കേണ്ടവരാണ് പൊലീസ്.
വടക്കേ മലബാറിനെ, പ്രത്യേകിച്ച് കണ്ണൂരിനെ നിങ്ങള്‍ക്ക് നന്നായറിയാം. കള്ളവോട്ടിന്റെ ഉത്സവം നടക്കുന്ന സ്ഥലങ്ങളാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും കുറ്റപ്പെടുത്തുന്നില്ല. അവരവരുടെ ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടികള്‍ കള്ളവോട്ട് നടത്തും. പക്ഷെ, വയല്‍ക്കിളികള്‍ മണ്ണില്‍ ചവിട്ടി നടക്കുന്നവരാണ്. കള്ളവോട്ടുകൊണ്ട് ആരും അങ്ങോണ്ട് വരേണ്ട. ചെറുത്തുനില്ക്കും ബൂത്തില്‍. ആ ചെറുത്ത് നില്പുയരുമ്പോള്, അത്തരം കള്ളവോട്ടുകളെ പ്രതിരോധിക്കേണ്ട പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും മൗനം പാലിക്കുന്നതുകൊണ്ടാണ് കള്ളവോട്ട് നടക്കുന്നത്. നിയമം നടപ്പാക്കേണ്ട ഭരണാധികാരികള്‍ അതില്‍ നിന്ന് പിന്തിരിഞ്ഞാല് പൗരന്റെ ഉത്തരവാദിത്തം നിറവേറ്റി നാളെ വീണുമരിച്ചാലും എന്റെ ദേഹത്ത് പൂമാലയര്പ്പിക്കേണ്ടത് എന്റെ സഖാക്കളല്ല. റീത്ത് വെയ്ക്കേണ്ടത് തളിപ്പറമ്പ് പൊലീസ് തന്നെയായിരിക്കും. തളിപ്പറമ്പ് പൊലീസിന് റീത്ത് വെയ്ക്കാനുള്ള എല്ലാ അവസരവും സൃഷ്ടിച്ചുകൊണ്ട് ഞാനിത് അവസാനിപ്പിക്കുന്നു. ഇത്തരം തെമ്മാടിത്തങ്ങള്‍ നാടിനകത്ത് നടക്കാന്‍ പാടില്ലെന്ന് ജനങ്ങളാണ് പറയേണ്ടത്. യഥാര്‍ത്ഥ ജനാധിപത്യപ്രകാരം യഥാര്‍ത്ഥ വോട്ടവകാശം സംരക്ഷിക്കേണ്ട കടമ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും ഭരണകൂടത്തിനുമുണ്ട്. ആ ബാധ്യതയില്‍ നിന്ന് പിന്തിരിഞ്ഞാല് അവസാന തുള്ളി രക്തവും വീഴ്ത്തും. ജനാധിപത്യം പുനസ്ഥാപിക്കാനും മരിക്കാനാണെങ്കിലും വയല്‍ക്കിളികള്‍ തയ്യാറാകും. അത് ഈ നാടിനോട് തുറന്നുപറയുകയാണ്. നാളെ കീഴാറ്റൂരിനകത്ത് ഒരു പ്രശ്നമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പൊലീസിനും ഭരണകൂടത്തിനുമാണ്. കാരണം ഇതെന്റെ മരണക്കുറിപ്പാണ്.”