കമലയെ വാഴ്ത്തി ബൈഡൻ, അമ്മയെ ഓർത്ത് കമല
വാഷിങ്ടൺ: തന്റെ വൈസ്പ്രസിഡന്റ് സ്ഥാനാർഥി ഇന്ത്യൻ വംശജയായ കമല ഹാരിസിനെ മുക്തകണ്ഠം പ്രശംസിച്ച് യുഎസ് തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. വൈസ്പ്രസിഡന്റ് നോമിനിയുടെ പ്രഖ്യാപനത്തിനു ശേഷം ഇരുവരും ആദ്യമായി ഒന്നിച്ചു വേദിയിലെത്തിയപ്പോഴാണ് എഴുപത്തേഴുകാരനായ ഡെമൊക്രറ്റിക് നേതാവിന്റെ ആവേശകരമായ പ്രസംഗം.
തൊഴിലും ഉദാരമായ സുരക്ഷാപദ്ധതികളും ജനങ്ങൾക്കു വാഗ്ദാനം ചെയ്ത കമല ഹാരിസ് ചെന്നൈയിൽ ജനിച്ചു വളർന്ന് അമെരിക്കയിൽ കുടിയേറിയ തന്റെ അമ്മയെ ഓർത്തുകൊണ്ടാണ് വിൽമിങ്ടണിലെ ഈ ചടങ്ങിൽ പ്രസംഗിച്ചത്. വെറുതേയിരുന്നു പരാതി പറയാതെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ രംഗത്തിറങ്ങണമെന്ന് തന്നെ പഠിപ്പിച്ചത് അമ്മ ശ്യാമള ഗോപാലനാണെന്ന് കമല ഓർത്തു.
അമെരിക്കൻ പ്രസിഡന്റും നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും പ്രസംഗം. കറുത്ത വർഗക്കാരിയായ വൈസ് പ്രസിഡന്റ് യുഎസ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാകുമെന്ന് ബൈഡൻ പറഞ്ഞു.
നിരവധി സവിശേഷതകളുള്ള പ്രഗത്ഭയായ നേതാവാണ് കമലയെന്നും അദ്ദേഹം വിവരിച്ചു. ട്രംപിനെ തോൽപ്പിക്കാൻ തനിക്കൊപ്പം നിൽക്കേണ്ട ഏറ്റവും പറ്റിയ ടീം അംഗം. മഹാമാരിയും മുറിവേറ്റ സാമ്പത്തിക വ്യവസ്ഥയും വർണവിവേചനവും തളർത്തിയ അമെരിക്കയെ മുന്നോട്ടു നയിക്കാൻ കമലയുടെ നേതൃശേഷിക്കു കഴിയുമെന്നും ബൈഡൻ പറഞ്ഞു.
കമല കർക്കശക്കാരിയാണ്, പരിചയസമ്പന്നയാണ്, വിട്ടുകൊടുക്കാത്ത പോരാളിയാണ്. എങ്ങനെ ഭരിക്കണമെന്ന് കമലയ്ക്കറിയാം. കടുത്ത തീരുമാനങ്ങൾ എങ്ങനെയെടുക്കണമെന്നും അറിയാം. ആദ്യ ദിവസം മുതൽ അതിനു കഴിയും അവർക്ക്- ബൈഡൻ പറഞ്ഞു.
കൊവിഡ് സാഹചര്യത്തിൽ മാസ്ക് ധരിച്ചാണ് ഇരുവരും വേദിയിലെത്തിയത്. സംസാരിക്കുമ്പോൾ ഇരുവരും മാസ്ക് മാറ്റുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാൻ തക്കവണ്ണം കുറച്ചു പേരേ പരിപാടി നടന്ന ഹൈസ്കൂൾ ജിമ്മിൽ ഉണ്ടായിരുന്നുള്ളൂ. സാധാരണ പതിവുള്ളതുപോലെ നിറഞ്ഞുകവിഞ്ഞ പാർട്ടി അനുയായികളും ആരവങ്ങളുമില്ലാതെ, പരസ്പര ആശ്ലേഷമില്ലാതെ പോരാട്ടത്തിൽ ആദ്യത്തെ ഒത്തുചേരൽ.
ഇന്നു രാവിലെ രാജ്യത്തെ പെൺകുട്ടികൾ, പ്രത്യേകിച്ചു കറുത്തവർഗക്കാരായവർ, എഴുന്നേറ്റത് വലിയ ആവേശത്തോടെയാണ്. സമൂഹത്തിൽ അവഗണിക്കപ്പെട്ടവരാകുന്നു എന്ന അവരുടെ തോന്നൽ ഇല്ലാതാവുന്നതിന്റെ ആവേശം. അവർ ആദ്യമായി പുതിയ വഴി കാണുന്നു- ബൈഡൻ പറഞ്ഞു.
ലിംഗസമത്വത്തിനു വേണ്ടി പോരാടിയ വനിതാ നേതാക്കളുടെ നിശ്ചയദാർഢ്യവും ത്യാഗവുമാണ് തന്നെ ഈ വേദിയിലെത്തിച്ചതെന്ന് പിന്നാലെ പ്രസംഗിച്ച കമല പറഞ്ഞു. തന്റെ ജീവിതം ഇവിടെവരെ എത്തിച്ചതിൽ അമ്മയുടെ പങ്ക് വളരെ വലുതാണെന്നും അവർ. പ്രവർത്തിച്ചു ലക്ഷ്യം നേടാൻ എന്നെയും സഹോദി മായയെയും പഠിപ്പിച്ചത് അമ്മയാണ്.
ലോകത്തിന്റെ എതിർ വശങ്ങളിൽ നിന്നു വന്നവരാണ് അമ്മയും അച്ഛനും; ഒരാൾ ഇന്ത്യയിൽ നിന്നും ഒരാൾ ജമൈക്കയിൽ നിന്നും. ലോക നിലവാരമുള്ള വിദ്യാഭ്യാസം തേടിയാണ് അവർ ഇവിടെ വന്നത്. അറുപതുകളിലെ പൗരാവകാശ പ്രക്ഷോഭങ്ങളാണ് അവരെ ഒന്നിപ്പിച്ചത്. വിദ്യാർഥികളെന്ന നിലയിൽ ഓക് ലൻഡിന്റെ തെരുവുകളിൽ അവർ ഒന്നിച്ചു കണ്ടു, ഒന്നിച്ചു മാർച്ച് ചെയ്തു, നീതിക്കുവേണ്ടി ശബ്ദമുയർത്തി. ആ പോരാട്ടം അമെരിക്ക ഇപ്പോഴും തുടരുകയാണ്- കമല പറഞ്ഞു. ഈ പ്രതിഷേധ പാതയിലേക്ക് എന്നെയും മായയെയും കൊണ്ടുവന്നത് മാതാപിതാക്കളാണ്. അമെരിക്കയിലെ എല്ലാ തലമുറയും ഈ പോരോട്ടം തുടരണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ്- കമല കൂട്ടിച്ചേർത്തു.
അമെരിക്കൻ സുപ്രീം കോടതിയിൽ വരെ ഞാൻ അവസര സമത്വത്തിനു വേണ്ടി വാദിച്ചു. കോടതികളിൽ ഇതിനു വേണ്ടി പൊരുതി- ഡിസ്ട്രിക്റ്റ് അറ്റോർണിയായിരുന്നപ്പോഴത്തെ പോരാട്ടങ്ങൾ ഓർത്തുകൊണ്ട് കമല പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ജനങ്ങളോട് യാതൊരു ബാധ്യതയും കാണിക്കുന്നില്ലെന്നും കമല. കൊവിഡ് മഹാമാരി നേരിടുന്നതിൽ ട്രംപ് തികഞ്ഞ പരാജയമാണ്. പ്രതിസന്ധിയിൽ രാജ്യത്തെ നയിക്കാൻ ട്രംപിനു കഴിയില്ലെന്നു തെളിഞ്ഞിരിക്കുന്നു- കമല കുറ്റപ്പെടുത്തി. നമ്മുടെ സാമ്പത്തിക വ്യവസ്ഥ, നമ്മുടെ ആരോഗ്യം, നമ്മുടെ കുട്ടികൾ, നമ്മുടെ രാജ്യം... എല്ലാം പ്രതിസന്ധിയിലാണ്- കമല പറഞ്ഞു.