ഭാര്യയുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയിലുമെന്ന് നൈജീരിയന്‍ പ്രസിഡന്റ്; സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം രൂക്ഷം
ബര്‍ലിന്‍: സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്നിറക്കുമെന്ന ഭാര്യയുടെ ഭീഷണിക്കെതിരെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. ‘ഏത് പാര്‍ട്ടിയിലാണ് എന്റെ ഭാര്യ എന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം, വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയിലുമാണെന്ന് ‘ ബുഹാരി പറഞ്ഞു. ബര്‍ലിനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഭാര്യ ഐഷ ബുഹാരി നടത്തിയ പ്രസ്താവനയ്ക്കെതിരെ ബുഹാരി പ്രതികരിച്ചത്. തനിക്ക് ഭാര്യ ഐഷയേക്കാളും പ്രതിപക്ഷാംഗങ്ങളെക്കാളും അറിവുണ്ടെന്നും ബുഹാരി പറഞ്ഞു. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍ സന്നിഹിതയായിരുന്ന ചടങ്ങിലാണ് ബുഹരിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
കുത്തഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെ നേരെയാക്കിയില്ലെങ്കില്‍ നൈജീരിയന്‍ പ്രസിഡന്റിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ഭാര്യ ഐഷ ബുഹാരി കഴിഞ്ഞ ദിവസം ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നുമാണ് പ്രസിഡന്റിന് ഭാര്യ മുന്നറിയിപ്പു നല്‍കിയത്.
പ്രസിഡന്റിന് തന്റെ സര്‍ക്കാരിന് കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് ഐഷ പറഞ്ഞു. താന്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നു പോലും പ്രസിഡന്റിന് അറിയില്ല. പുതുതായി നിയമിതരായ 50 പേരില്‍ 45 പേരെയും പ്രസിഡന്റിന് അറിയില്ല. ഏതാനും ചിലരുടെ വേണ്ടപ്പെട്ടവരെയാണ് പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടവരില്‍ പലരും ജോലി ചെയ്യാതെ വീട്ടിലിരിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ 2019 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി വ്യക്തമാക്കിയിരുന്നു. ഇതാണ് മുഹമ്മദ് ബുഹാരിയെ പ്രകോപിതനാക്കിയത്.
അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ബുഹാരി പ്രസിഡന്റായി അധികാരത്തിലേറിയത്. നൈജീരിയയുടെ രാഷ്ട്രീയ രംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഐഷ ബുഹാരി. തിരഞ്ഞെടുപ്പില്‍ ഭാര്യയും ബുഹാരിയ്ക്കുവേണ്ടി പ്രചരണ രംഗത്തിറങ്ങിയിരുന്നു.
അതേസമയം ബുഹാരിയുടെ പ്രസ്താവന തമാശയായി എടുത്താല്‍ മതിയെന്ന് വിശദീകരിച്ചുകൊണ്ട് പിന്നീട് പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് രംഗത്തെത്തി. രാഷ്ട്രീയത്തില്‍ ഇത്തരം ചില നര്മങ്ങള് ആവശ്യമാണെന്ന് വക്താവ് ഗരാബ് ഷേഹു ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റ് മുഹമ്മദ് ബുഹാരി സ്ത്രീവിരുദ്ധനായ ഒരാളല്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായി കാമി അഡേസുന് എന്ന വനിതയാണുള്ളത്. ഇത് വനിതകളെക്കുറിച്ച് ബുഹാരിക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയിയിലും മറ്റു മാധ്യമങ്ങളിലും നൈജീരിയന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.