കൊവിഡ് ബാധിതർ അഞ്ചര ലക്ഷത്തിലേക്ക്, മരണം 16,475
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതർ അഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 19,459 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 5,48,318 ആയിട്ടുണ്ട്. 380 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 16,475 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞദിവസം 19,906 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതാണ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വർധന.
തുടർച്ചയായി ആറാം ദിവസമാണ് രാജ്യത്ത് പതിനയ്യായിരത്തിലേറെ പേർക്ക് വൈറസ് സ്ഥിരീകരിക്കുന്നത്. ജൂൺ മാസത്തിൽ ഇതുവരെ 3,57,783 പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധിതരിൽ 3.21 ലക്ഷത്തിലേറെ പേരും രോഗമുക്തരായി. 2.1 ലക്ഷത്തിലേറെ പേരാണ് ചികിത്സയിലുള്ളത്. റിക്കവറി നിരക്ക് 58.67 ശതമാനം.
1,70,560 കൊവിഡ് പരിശോധനകളാണു ഞായറാഴ്ച നടത്തിയതെന്ന് ഐസിഎംആർ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 1,64,626 ആയിട്ടുണ്ട്. 7,429 പേർ സംസ്ഥാനത്തു മരിച്ചു. ഡൽഹിയിൽ 83,077 പേർക്കാണ് രോഗബാധയുണ്ടായത്. 2623 പേർ മരിച്ചു. തമിഴ്നാട്ടിൽ 82275 പേർക്കു രോഗബാധയും 1079 മരണവുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിലുള്ളത്.
ഗുജറാത്തിൽ രോഗബാധിതർ 31,320 ആയി; മരണസംഖ്യ 1808ഉം. 6712 പേരാണ് സംസ്ഥാനത്തു ചികിത്സയിലുള്ളത്. ഉത്തർപ്രദേശിൽ 22,147 കൊവിഡ് ബാധിതർ. മരണസംഖ്യ 660. രാജസ്ഥാനിലും പശ്ചിമ ബംഗാളിലും വൈറസ് ബാധിതർ 17,000 കടന്നു. പശ്ചിമ ബംഗാളിൽ 639 പേർ ഇതുവരെ മരിച്ചപ്പോൾ രാജസ്ഥാനിൽ മരണസംഖ്യ 399 ആണ്.