യുഎസിൽ പ്രക്ഷോഭം പടരുന്നു, നാഷണൽ ഗാർഡുകളെ വിളിച്ച് ഗവർണർമാർ
മിനിയപൊലീസ് (യുഎസ്): അമെരിക്കയിൽ കാൽമുട്ടുപയോഗിച്ച് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ കഴുത്തുഞെരിച്ചു കൊന്ന വിവാദ സംഭവത്തിൽ പ്രക്ഷോഭം പടരുന്നു. മിനിയപൊലീസിൽ നിന്ന് ന്യൂയോർക്ക്, തുൾസ്, ലോസ് ആഞ്ചലസ് പോലുള്ള നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. പൊലീസ് വാഹനങ്ങളും മറ്റും കലാപകാരികൾ അഗ്നിക്കിരയാക്കി.
സംസ്ഥാന ഗവർണർമാർ ക്രമസമാധാനപാലനത്തിനായി നാഷണൽ ഗാർഡുകളെ വിളിച്ചു. പ്രക്ഷോഭകാരികളെ ഓടിക്കാൻ പൊലീസിന് റബർ ബുള്ളറ്റുകൾ ഉപയോഗിക്കേണ്ടിവന്നു. മിനിയപൊലീസിൽ വ്യാപകമായി കെട്ടിടങ്ങൾ നശിപ്പിച്ചിട്ടുണ്ട്. കടകൾ കൊള്ളയടിച്ചു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് വലിയ തോതിൽ പ്രക്ഷോഭകാരികൾ തടിച്ചുകൂടുന്നത്. കൊവിഡ് കൂടുതൽ പകരാൻ ഇത് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ പ്രവർത്തകരും പങ്കുവയ്ക്കുന്നു.
ഇന്നലെ ഒരു ഡസനോളം നഗരങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭം പലയിടത്തും പിന്നീട് അക്രമാസക്തമായി. ഫ്ലോറിഡ, സൗത്ത് കരോളിന തുടങ്ങിയ പ്രദേശങ്ങളിൽ ചെറിയ തോതിൽ അക്രമങ്ങളുണ്ടായി. ലോസ് ആഞ്ചലസിൽ പൊലീസ് ലാത്തിയും റബർ ബുള്ളറ്റുകളും ഉപയോഗിച്ചാണ് പ്രക്ഷോഭകാരികളെ ഓടിച്ചത്. അക്രമികൾ പൊലീസ് വാഹനം കത്തിച്ചു.
ന്യൂയോർക്കിൽ അക്രമികളെ പൊലീസ് ബാറ്റൺ ഉപയോഗിച്ച് നേരിടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. നൂറുകണക്കിനാളുകളെ കസ്റ്റഡിയിലെടുത്തു. കൊവിഡ് പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലുള്ള ഇത്തരം പ്രക്ഷോഭങ്ങൾ വലിയ ഭീഷണി ഉയർത്തുന്നതായി ഗവർണർമാർ പറയുന്നു.
അതേസമയം, കറുത്ത വർഗക്കാരോടുള്ള അക്രമങ്ങളുടെ തുടർച്ച മാത്രമാണിതെന്നും ഈ കാടത്തം ഇനിയും തുടരാൻ അനുവദിക്കാനാവില്ലെന്നുമാണ് പ്രക്ഷോഭകർ പറയുന്നത്. ദീർഘകാലമായുള്ള കറുത്തവർഗക്കാരുടെ നിരാശയും അരിശവുമാണ് പുറത്തുവരുന്നതെന്നും വിലയിരുത്തപ്പെടുന്നു.