മനോജിന്റെ ദൃഢനിശ്ചയത്തിന് കരുത്തായി സജി; പെരിയാർ മറുകര താണ്ടി കാഴ്ചയില്ലാത്ത പതിനൊന്നുകാരൻ
ആലുവ: കാഴ്ചയില്ലാത്തവരുടെ ലോകത്തു നിന്നും കാഴ്ചയുള്ളവരുടെ കണ്ണ് തുറപ്പിക്കാൻ മനോജ് എന്ന പതിനൊന്ന് വയസുകാരൻ ആലുവാപ്പുഴ നീന്തിക്കയറി. നീന്തൽ പരിശീലകൻ സജി വാളശേരിലിനൊപ്പം മുപ്പതടി ആഴമുള്ള ആലുവാപ്പുഴയുടെ ഓളപ്പരപ്പിലൂടെ ഏതാണ്ട് അറുന്നൂറ് മീറ്ററോളം കൈകാലിട്ടടിച്ച് ജന്മനാ അന്ധനായ മനോജ് കരപറ്റിയപ്പോൾ, അവന്റെ നിശ്ചയദാർഢ്യത്തിന് സാക്ഷ്യംവഹിക്കാൻ പുഴക്കരയിൽ തടിച്ചുകൂടിയ ജനങ്ങൾ കരഘോഷത്തോടെ ആർപ്പ് വിളിക്കുകയായിരുന്നു.
ആരവങ്ങൾക്കൊടുവിൽ അന്ധവിദ്യാലയത്തിലെ മനോജിന്റെ സഹപാഠികൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ജനറൽസല്യൂട്ട് നൽകി പ്രിയകൂട്ടുകാരനെ സ്വീകരിച്ചു. വൈകല്യം ഒന്നിനും ഒരു തടസമാവില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച തന്റെ പൊന്നുമോനെ മാറോടടുപ്പിച്ച് ചുംബിച്ച് അമ്മ സുധ ടവ്വൽകൊണ്ട് തല തുവർത്തുകയായിരുന്നു. വിശ്രമത്തിനു മുന്നേ ഇനിയും ഒരുപാടൊരുപാട് മൈലുകൾ അവന് സഞ്ചരിക്കാനുണ്ട്.
പാലക്കാട് വടക്കഞ്ചേരി പുതക്കാട് അർജുൻ വില്ലയിൽ രമേശിനും, ഭാര്യ സുധയ്ക്കും തങ്ങളുടെ രണ്ടാമത്തെ മകൻ മനോജിന് ജന്മനാ കാഴ്ചശക്തിയില്ലന്നറിഞ്ഞപ്പോൾ ചങ്ക് തകർന്നു പോയെങ്കിലും, വിധിയോട് പൊരുതി അവൻ വൈകല്യമില്ലാത്തവർക്കൊപ്പം മത്സരിച്ച് ഒന്നാമനായപ്പോൾ ഇരുളിൽ പൊലിഞ്ഞുപോയ സന്തോഷ കണങ്ങൾ ഒന്നൊന്നായി തിരികെയെത്തുകയായിരുന്നു.
ജില്ലാതല ജനറൽ വിഭാഗത്തിൽ എറണാകുളത്ത് നടത്തിയ ചാന്ദ്രയാൻ ക്വിസ് മത്സരത്തിൽ കാഴ്ചവൈകല്യമുള്ള മനോജിന്റെ ടീമാണ് കിരീടം നേടിയത്. കീഴ്മാട് അന്ധവിദ്യാലയത്തിൽ മകന് വിദ്യാഭ്യാസം നൽകുവാൻ ഏഴ് വർഷങ്ങൾക്ക് മുൻപ് ചൊവ്വരയിലെത്തിയ രമേശിനും ഭാര്യ സുധയ്ക്കും മകനെപ്രതി ആശ്വസിക്കാൻ ഇന്ന് ഏറെയുണ്ട്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും പ്രസംഗ മത്സരങ്ങളിലും പ്രവൃത്തിപരിചയമേളയിലുമെല്ലാം മനോജ് അംഗീകാരങ്ങൾ വാരിക്കൂട്ടി.
ഏതൊരു നല്ല കാര്യത്തിനും പ്രചോദനമാകാൻ മറ്റൊരു നല്ലവ്യക്തി ഉണ്ടാവും. ഇവിടെ എനിക്കത് എന്റെ പ്രിയപ്പെട്ട സ്വിമ്മിങ് മാസ്റ്റർ സജി വാളശേരിലാണ്. ആലുവാപ്പുഴ നിഷ്പ്രയാസം നീന്തിക്കടന്ന ഏഴാം ക്ലാസുകാരൻ മനോജിന്റെ വാക്കുകളാണിത്. നീന്തൽ പഠിക്കണമെന്ന് ആഗ്രഹം നേരത്തെ ഉണ്ടായെങ്കിലും അന്ധവിദ്യാലയത്തിലെ പ്രിൻസിപ്പാൾ ജിജി വർഗീസും, സജിസാറും സപ്പോർട്ട് ചെയ്തതിനാൽ 30 ദിവസം കൊണ്ട് പെരിയാറിന് കുറുകെ നീന്താനായെന്ന് മനോജ്.
നീന്താൻ പഠിച്ചാൽ വെള്ളത്തിൽ സംഭവിക്കുന്ന അപകടങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ സാധിക്കുമെന്ന് മാത്രമല്ല അപകടത്തിൽപ്പെട്ട മറ്റുള്ളവരെക്കൂടി രക്ഷിക്കാനും സാധിക്കുമെന്ന് ഈ കൊച്ചുമിടുക്കൻ കൂട്ടിച്ചേർത്തു. നീന്തൽ വശമില്ലാത്തതിനാൽ ദിവസവും അപകടങ്ങളിൽപെട്ട് ഒരുപാട് പേർ മരിക്കുന്നു.
ഈ മരണനിരക്ക് കുറക്കാനുള്ള ഒരേയൊരു മാർഗം നീന്തൽ പരിശീലനം മാത്രം. വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ എപ്പോഴും അവർക്ക് കൂട്ടിനുണ്ടാകും. എന്നാൽ വൈകല്യം ഇല്ലാത്തവരെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻ മാതാപിതാക്കൾ പലരും തയാറാവില്ല. ഇത്തരക്കാരുടെ കണ്ണു തുറപ്പിക്കാനാണ് മനോജിനെപ്പോലുള്ള കാഴ്ച വൈകല്യമുള്ള കുട്ടികളെ നീന്തിക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആലുവ മുൻസിപ്പൽ ഓഫീസിനു സമീപം ഫർണിച്ചർ സ്ഥാപനം നടത്തുന്ന സജി വാളശേരിൽ പറഞ്ഞു.
2010 ലാണ് സജി യാതൊരുവിധ ലാഭേഛയുമില്ലാതെ ആലുവാപ്പുഴയോരത്ത് നീന്തൽ പരിശീലിപ്പിക്കാൻ തുടങ്ങിയത്. ഈ ചുരുങ്ങിയ കാലംകൊണ്ട് ഏതാണ്ട് മൂവായിരത്തി ഇരുന്നൂറിൽപ്പരം പേരെ നീന്തൽ പഠിപ്പിക്കാൻ കഴിഞ്ഞെന്ന് ഏറെ ചാരിതാർഥ്യത്തോടെ സജി ഓർക്കുന്നു. ഇതിൽതന്നെ 750 ഓളം പേരെ ആലുവാപ്പുഴക്ക് കുറുകെ നീന്തിക്കാനും സജിക്ക് കഴിഞ്ഞിട്ടുണ്ട്.
വാളശേരിൽ റിവർ സ്വിമ്മിങ് ക്ലബ് എന്ന സ്ഥാപനം നടത്തുന്ന സജി ഇക്കഴിഞ്ഞ 2015 ൽ അന്ധവിദ്യാലയത്തിലെ വിദ്യാർഥിയായ നവനീതിനെ ആലുവ പുഴയ്ക്ക് കുറുകെ നീന്തിച്ചിരുന്നു നാലു വയസു മുതൽ നൂറു വയസു വരെയുള്ള, കൈകാലുകൾ ചലിപ്പിക്കാൻ കഴിയുന്ന ഏതൊരാൾക്കും അനായാസം നീന്തൽ പരിശീലിക്കാൻ സാധിക്കുമെന്ന് സജി. മുപ്പത് ദിവസം കൊണ്ട് നാല് ഘട്ടങ്ങളിലൂടെയുള്ള ചിട്ടയായ പരിശീലനത്തിലൂടെയാണ് സജി നീന്തൽ പഠിപ്പിക്കുന്നത്.