രണ്ട് സിം കാർഡുള്ള ഫോണ് മാരകായുധമല്ല; പൊലീസിനെതിരെ കാനം
കോഴിക്കോട്:യുഎപിഎ കേസിൽ പൊലീസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതു വെടിയുണ്ടകൾ കൊണ്ടല്ല.
രണ്ടു സിം കാർഡുള്ള ഫോണ് മാരകായുധമല്ലെന്നും കാനം. ഇടതുപക്ഷമുന്നണി എടുക്കുന്ന നിലപാടുകൾക്കപ്പുറം പൊലീസ് എടുക്കുന്ന നടപടികളെയെല്ലാം പിന്തുണയ്ക്കാൻ സിപിഐക്കു ബാധ്യതയില്ല.
പൊലീസുകാർക്ക് അവരുടേതായ ലക്ഷ്യമുണ്ട്. കേന്ദ്രത്തിൽ നടത്തുന്ന മാവോ വേട്ടയുടെ പിന്തുടർച്ചയാണ് കേരളത്തിലും നടക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകൾ കൊണ്ടല്ല.
അങ്ങനെയെയായിരുന്നു എങ്കിൽ രാജ്യത്തു കമ്യൂണിസ്റ്റുകൾ ഉണ്ടാവുമായിരുന്നില്ല. മാവോവാദികളെ വെടിവച്ചു കൊല്ലുന്നതിനു പകരം അവരെ ജനാധിപത്യ ക്രമത്തിലേക്കു കൊണ്ടുവരികയാണു വേണ്ടത്. കോടതികൾ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിനു പകരം ഫാസിസ്റ്റ് ശ്രമങ്ങൾക്കു പിന്തുണ നൽകുകയാണെന്നും കാനം.
ലൈബ്രറികളിൽ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാൽ മതിയാകില്ല. പുസ്തകങ്ങൾ സൂക്ഷിക്കുന്നത് എങ്ങനെ കുറ്റകരമാകുന്നത്?. രണ്ടു സിം കാർഡുള്ള ഫോണ് മാരകായുധമല്ല. യുഎപിഎ ചുമത്തിയ വിദ്യാർഥികൾക്കെതിരേ തെളിവ് ചമയ്ക്കാൻ പൊലീസ് ശ്രമിക്കുകയാണ്. പൊലീസിന്റെ നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഇടതുപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ നടപ്പിലാക്കാൻ പാടില്ലെന്നും കാനം.
യുഎപിഎ കേസിൽ ഇടതുസർക്കാരിന് രണ്ടഭിപ്രായം പാടില്ല. പൊലീസ് റിപ്പോർട്ട് അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകളെ ബഹുമാനമില്ല. ഇസ്ലാമിക തീവ്രവാദവും മാവോയിസ്റ്റുകളും തമ്മിൽ കൂട്ടുകെട്ടുണ്ടോയെന്ന് അറിയില്ല. സിപിഐക്ക് ഇന്റലിജൻസ് റിപ്പോർട്ടൊന്നും കിട്ടാറില്ല. പി. മോഹനന് അങ്ങനെ റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ എന്ന് അദ്ദേഹം പറയണമെന്നും കാനം