കാഞ്ഞാറും വിജിലന്റും പിന്നെ വോളിബോളും (കെ.ജി. ഗോപാലകൃഷ്ണന് നായര്‍)
കെ.ജി. ഗോപാലകൃഷ്ണന് നായരുടെ ഓര്‍മ്മകളിലൂടെ....
കാഞ്ഞാറും വിജിലന്റും പിന്നെ വോളിബോളും (കെ.ജി. ഗോപാലകൃഷ്ണന് നായര്‍)
1948-ല്‍ ഞാന്‍ അറക്കുളം സെന്റ് തോമസ് യു പി സ്കൂളില്‍ (അന്ന് ഇംഗ്ലീഷ് സ്കൂള്‍ എന്നായിരുന്നു പേര്) പ്രിപ്പ്രേട്ടറി ക്ലാസ്സില്‍ (ഇന്നത്തെ 5-ാം ക്ലാസ്സ്) പഠിക്കുന്ന കാലം. കാഞ്ഞാര്‍ പഴയ പോലീസ് സ്റ്റേഷന്റെ എതിര്‍വശം. ഇന്ന് തോമസ് നരിമറ്റം സാര്‍ താമസിക്കുന്നതിന്റെ പടിഞ്ഞാറുഭാഗത്ത് ഉഗ്രന്‍ വോളിബോള്‍ കളി നടന്നിരുന്നു. കയറുകൊണ്ട് മെടഞ്ഞെടുത്ത നെറ്റ്, കാക്കി നിക്കറിട്ടവരും മുണ്ട് തറ്റുടുത്തവരും കളിയോടു കളി. നല്ല ജനക്കൂട്ടവും. അന്നത്തെ കാഞ്ഞാറിലെ പ്രമുഖരെല്ലാം വൈകുന്നേരം ഗ്രൗണ്ടിലുണ്ടാകും. കളിക്കാരും കാഴ്ചക്കാരുമായി. വിശപ്പും ദാഹവും മറന്ന് സന്ധ്യവരെ ഈ കളി കണ്ടേ ഞാന്‍ വീട്ടില്‍ ചെല്ലാറുള്ളൂ.
അന്ന് കാഞ്ഞാറ്റിലെ ഏക സ്വര്‍ണ്ണവ്യാപാരി ശങ്കരന്‍നായര്‍ കാക്കി നിക്കറിട്ട് ഗ്രൗണ്ടിലെത്തുന്നു. പ്രമുഖ വ്യാപാരിയായിരുന്ന തുടിയംപ്ലാക്കല്‍ കുട്ടിച്ചേട്ടന്‍, കെ.കെ. വേലായുധന്നായര്, കൂവപ്പള്ളിയില്‍ നിന്നും വരുന്ന നൈനാന് (ഇന്നത്തെ നൈനാനല്ല), എം.എ. സെയ്തുമുഹമ്മദ് സാഹിബ് (മുല്ലാച്ചന്), ഉശക റാവുത്തര്‍ (സുലൈമാന്‍ റാവുത്തര്‍ എം.എല്‍.എ.യുടെ കൊച്ചത്ത) എന്നിവരെല്ലാം അന്ന് കളിച്ചിരുന്നു. പുളിക്കല്‍ ഫ്രഞ്ചു, പാലേക്കുന്നേല്‍ ഇസ്മായില്‍ (ഇന്നില്ല) എന്നിവരുള്‍പ്പെട്ട ഞങ്ങള്‍ അന്ന് വെറും പെറുക്കികളായിരുന്നു (പന്ത് പെറുക്കി കൊടുക്കുന്നവര്‍). അന്ന് ക്ലബ്ബിന്റെ പേര് എച്ച്.എം.സി (ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍) എന്നായിരുന്നു. ആയിടയ്ക്ക് സുമുഖനായ ഒരു ചെറുപ്പക്കാരന് പളപള മിന്നുന്ന ചുവന്ന സാറ്റിന് ഷോട്സുമിട്ട് കളിക്കാനിറങ്ങി. അന്നത്തെ പൗരമുഖ്യനും യു.എം.എസ് ബസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായിരുന്ന കൊന്താലം ആശാന്റെ മകന് ബായി (കെ.കെ. ഇബ്രാഹിം) ആയിരുന്നു ആ യുവതാരം.
1950-ല്‍ വോളിബോള്‍ ഗ്രൗണ്ട് അവിടെ നിന്നും ഇന്ന് നരിമറ്റം സാര്‍ താമസിക്കുന്നതിന്റെ കിഴക്കുവശത്തേയ്ക്ക് മാറ്റി. ഇതോടെ സകലരും കളിക്കാനിറങ്ങി. ഞങ്ങളെ പോലുള്ളവര്‍ക്കും ഇടയ്ക്കിടയ്ക്ക് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ അവസരം കിട്ടി. എന്നാല്‍ സീനിയറന്മാര്ക്ക് ആ നിമിഷം ഇറങ്ങിക്കൊടുക്കണം. ഐ ഷാള്‍ എന്നറിയപ്പെട്ടിരുന്ന ഇലംതുരുത്തേല് ഹമീദ്, ലബ്ബ വീട്ടില്‍ കാസിം, പുളിക്കല്‍ കുഞ്ഞേട്ടന്, പാലേക്കുന്നേല്‍ ഹസ്സന്‍കനി (ഇടത്തു കയ്യന്‍) കണ്ടക്ടര്‍ ബഷീറിന്റെ അത്ത എന്നിവര്‍ക്ക് പുറമേ കുടയത്തൂരില്‍ നിന്നും വന്നിരുന്ന ഒരു അജാനബാഹു, ഇടതുകയ്യന് കുന്നേമുറിയില്‍ കറിയാപ്പി, കോളപ്രയില്‍ നിന്നും താണ്ടന്‍ (കെ.എസ്. കൃഷ്ണപിള്ള), ശങ്കരപ്പള്ളിയില്‍ നിന്നും മേടയില്‍ കുഞ്ചെറിയ (ഓരോ അടിക്കും ഓരോ ചീറ്റു ചീറ്റും) എന്നിവരെല്ലാം നാലു മണിയോടെ ഗ്രൗണ്ടിലെത്തും. കളിക്കാരുടെ ബാഹുല്യം മൂലം വോളിബോള്‍ ഗ്രൗണ്ടിനടുത്ത് ഒരു ബാഡ്മിന്റണ്‍ കോര്‍ട്ടും വെട്ടിയുണ്ടാക്കി. മണ്ണൂര്‍ കുര്യാച്ചന്, കൈതോലില്‍ ഇട്ടിക്കുഞ്ഞ്, കടുവംമാക്കല് പ്രഭാകരന്, താണ്ടന്‍, ഇടത്തൊട്ടിയില്‍ സിദ്ദിഖ് സാര്‍, മണ്ണൂര്‍ അപ്പച്ചന് എന്നിവരെല്ലാം ഒന്നാന്തരം ബാഡ്മിന്റണ്‍ കളിക്കാരായിരുന്നു.
ആകെപ്പാടെ ഒരുണര്വ്വും ആവേശവും അന്നുണ്ടായിരുന്നു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്ന പേരു മാറ്റി വിജിലന്റ് ക്ലബ്ബ് എന്ന പേരിടുന്നത് ബായിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ജാതിമത ചിന്തപോലും വരരുത് എന്നായിരുന്നു ഇതിന്റെ പിന്നിലെ ആശയം. വിജിലന്റ് ക്ലബ്ബിന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്നു ബായി. ബായിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ അന്ന് പല ടൂര്‍ണമെന്റുകളിലും പങ്കെടുത്തു. കൂടാതെ, വാഴക്കുളം, വേഴങ്കാനം, കുറുമണ്ണ്, കൊല്ലപ്പള്ളി എന്നീ ടീമുകളെ മാച്ചിന് ക്ഷണിച്ചു വരുത്തി കളിക്കുന്ന ഒരേര്‍പ്പാടും അന്നുണ്ടായിരുന്നു. ക്ലബ്ബിന്റെ കത്തുമായി ചെന്ന് അവരെ വെല്ലുവിളിക്കുന്ന ഒരേര്‍പ്പാട്. അന്നത്തെ നല്ല ടീമായിരുന്നു വേഴങ്കാനം. വേഴങ്കാനം അപ്പച്ചന് പ്രസിദ്ധനായ ഒരു കളിക്കാരന് ആയിരുന്നു. വേഴങ്കാനത്തെ വെല്ലുവിളിക്കുന്ന കത്തുമായി ഞാനാണ് പോയത്. തലേന്ന് കയ്യൂരുള്ള എന്റെ അച്ഛന്റെ വീട്ടില്‍ പോയി കിടന്ന് പിറ്റേദിവസം ഏതാണ്ട് രണ്ടു മണിക്കൂര്‍ നടന്ന് വേഴങ്കാനത്തെത്തി കത്തു കൊടുക്കുന്നു. കത്തിന് മറുപടി തന്നു. കളിക്കാന്‍ വരുന്ന ദിവസം ആയിരക്കണക്കിനാളുകള്‍ കളി കാണാനുണ്ടാകും. വലിയ വാശിയാണ്. തോറ്റാലും ജയിച്ചാലും വരുന്ന ടീമിന് അവല് നനച്ചതും പഴവും കൂട്ടി ഉഗ്രന്‍ കാപ്പിയും കൊടുക്കും. ഞങ്ങളെല്ലാം ഇത്തരം കാപ്പി ഒത്തിരി കഴിച്ചിട്ടുണ്ട്.
അക്കാലത്ത് വിജിലന്റ് വോളി ടൂര്‍ണമെന്റുകളും തുടങ്ങി. കൂടാതെ, കേരളത്തിലെ പ്രഗത്ഭരായ കളിക്കാരടങ്ങുന്ന ടീമുകള്‍ ഇവിടെ വന്ന് പ്രദര്‍ശന മത്സരങ്ങളും നടത്തിയിട്ടുണ്ട്. പപ്പന് വരെ ഈ ഗ്രൗണ്ടില്‍ വന്ന് കളിച്ചിട്ടുണ്ട്. 1950-കളുടെ അവസാനം മുതല്‍ കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും തുടങ്ങി. അന്ന് ക്ലബ്ബുകള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. കെ.കെ. ഇബ്രായി, കറിയാപ്പി, താണ്ടന്‍, പുളിക്കല്‍ ഫ്രഞ്ചു. പുളിക്കല്‍ സെബാസ്റ്റ്യന്‍, കിഴക്കേമഠം പരി, ഇന്നത്തെ ക്ലബ്ബ് പ്രസിഡന്റ് ഇ.എ. കനി, മാവേലിച്ചാലില് രാജന്, മുട്ടത്തു നിന്നും നടന്നു വന്ന് കളിച്ചിരുന്ന അധികാരത്തില്‍ അപ്പു എന്നിവര്‍ ഉള്‍പ്പെട്ട കാഞ്ഞാര്‍ ടീം അന്നത്തെ പ്രതാപികളടങ്ങിയ കേരള പോലീസിനെ വരെ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അക്കാലത്ത് വെള്ളിയാമറ്റത്തു നിന്നും ഒരു നീണ്ട ഇടതുകയ്യന് പയ്യന് ദിവസവും നടന്നു വന്ന് കളിക്കുമായിരുന്നു. നിരപ്പേല്‍ എന്‍.വി. വര്‍ക്കിയായിരുന്നു അത്.
1970 മുതലാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് അന്തര്‍ജില്ലാ അടിസ്ഥാനത്തില്‍ നടത്താന്‍ തുടങ്ങിയത്. 1973-ലാണ് ഇടുക്കിജില്ലാ വോളിബോള്‍ അസോസിയേഷന് രൂപീകരിക്കപ്പെടുന്നതും ഞാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയാകുന്നതും. 73 മുതല്‍ കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബ് തുടര്‍ച്ചയായി ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു വരുന്നു. ഇതിനിടെ വിജിലന്റ് കോര്‍ട്ടിന് ഒന്നിലധികം സ്ഥാനചലനങ്ങളുണ്ടായി. ഇന്നത്തെ പോലീസ് സ്റ്റേഷന് ഇരിക്കുന്ന സ്ഥലത്തേയ്ക്കും അവിടെ നിന്ന് മുല്ലാച്ചന്റെ പാക്കട്ടി ഇരിക്കുന്ന സ്ഥലത്തേയ്ക്കും മാറ്റമുണ്ടായി. 1975-ലെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് അവിടെ വച്ചായിരുന്നു. കാഞ്ഞാറില്‍ ആദ്യമായി ഫ്ളഡ് ലൈറ്റ് കോര്‍ട്ടില്‍ കളി നടക്കുന്നത് അന്നാണ്. വീട്ടിയാങ്കല്‍ ജോണി ക്യാപ്റ്റനായുള്ള കാഞ്ഞാര്‍ ടീം മൂലമറ്റം എച്ച്.ആര്.സി.യെ തോല്‍പ്പിച്ച് ആദ്യമായി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അന്ന് കാഞ്ഞാറിനു വേണ്ടി ഡോ. ജോര്‍ജ് മാത്യു അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവച്ചത്. അക്കരെ നിന്നും അവസാനമായി ഇന്നത്തെ സ്ഥലത്തേയ്ക്ക് ഗ്രൗണ്ട് മാറ്റി. അനേകം തവണ ഇവിടെ വച്ച് ജില്ലാ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തിയിട്ടുണ്ട്. ആണ്ടുതോറും ഒരു മത്സരം ഇവിടെ പതിവായി. 50 വര്‍ഷക്കാലം സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം വേറൊരു ക്ലബ്ബും ഇന്നില്ലെന്നു പറയാം.
എത്രയോ കളിക്കാര്‍ ഈ ഗ്രൗണ്ടില്‍ കളിച്ച് ജില്ലാ ടീമുകളിലും സംസ്ഥാന ടീമുകളിലും കയറിയിട്ടുണ്ട്. 1959-ല്‍ ജംഷഡ്പൂര്‍ നാഷണലില്‍ വിജിലന്റ് ക്ല്ബ്ബിലെ ഒരംഗമായി എനിക്ക് കേരള ടീമിനെ നയിക്കുവാനുള്ള ഭാഗ്യമുണ്ടായി. കറിയാപ്പിയും താണ്ടന്പിള്ളയും ഒട്ടും മോശക്കാരായിരുന്നില്ല. സംസ്ഥാന മിനി ടീമിലും ജൂനിയര്‍ ടീമിലും കളിച്ച് ഇന്ത്യന്‍ സര്‍വ്വീസസ് ടീമില്‍ വരെ പലപ്രാവശ്യം കളിച്ച കളിക്കാരന്, പുളിക്കല്‍ സാബു ഫ്രാന്‍സിസ് 9 വയസ്സു മുതല്‍ വിജിലന്ര് കോര്ട്ടിലിറങ്ങുമായിരുന്നു. അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല കിരീടം നേടിയ മഹാത്മാഗാന്ധി സര്‍വ്വകാലാശാല ടീമിന്റെ ക്യാപ്റ്റനും പിന്നീട് സംസ്ഥാന ടീമിലെ അംഗമാവുകയും ചെയ്ത വെട്ടുകാട്ടില്‍ വിനു തോമസ്, ഈരാറ്റുപേട്ട നാഷണല്‍ ലീഗില്‍ കേരളത്തിന്റെ കുപ്പായമണിഞ്ഞ കബീര്‍, സംസ്ഥാന ജൂനിയര്‍ ടീമിലും, യൂത്ത് ടീമിലും കളിച്ചുയര്ന്ന് വരുന്ന ഷിഹാബ്, 1988-ല്‍ ദേശീയ യൂത്ത് ചാമ്പ്യന്മാരായ കേരള ടീമിലം അംഗവും ഈ വര്‍ഷം സേലം നാഷണലില്‍ സര്‍വ്വീസസിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ഷിജാസ് എന്നിവരെല്ലാം കാഞ്ഞാറിന്റെ സന്തതികളാണ്. ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ടീമുകളില്‍ അംഗമായ ഹാറൂണ്‍, ജൂനിയര്‍ ടീമംഗം ഹുസൈന്, യൂത്ത് ടീമിലെ മനു മാത്യു എന്നിവരെല്ലാം ഭാവിയിലെ പ്രതീക്ഷകളാണ് - ഈ പരമ്പര വളര്‍ന്നു വരും എന്നാണെന്റെ പ്രതീക്ഷ
50-ാം വര്‍ഷത്തില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് ഈ പ്രദേശത്തെ യുവകായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കും എന്നുള്ള വിശ്വാസത്തോടെ ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടെ.
സ്നേഹപൂര്‍വ്വം
കെ.ജി. ഗോപാലകൃഷ്ണന് നായര്‍ (ജനറല്‍ കണ്‍വീനര്‍, കനക ജൂബിലി അഖിലകേരള വോളിബോള്‍ മേള)