അയോധ്യ കേസിലെ മധ്യസ്ഥ നിലപാട് തള്ളി മുസ്ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി:അയോധ്യ കേസില്‍ മധ്യസ്ഥ നിലപാടിനെ എതിർത്ത് മുസ്ലിം വ്യക്തിനിയമ ബോർഡ്. മധ്യസ്ഥ ചർച്ചകളെ എതിർത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് മുസ്ലിം വ്യക്തിനിയമ ബോർഡ് കത്ത് നൽകിയിരിക്കുകയാണ്.
പുറത്തുവന്ന ഒത്തുതീർപ്പ് നിർദ്ദേശത്തോട് യോജിക്കുന്നില്ല. സുന്നി വഖഫ് ബോർഡിന്റെ നിലപാട് മറ്റ് മുസ്ലിം കക്ഷികളെ അറിയിച്ചിട്ടില്ല. മധ്യസ്ഥസമിതിയുടെ ശുപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യം. അയോധ്യ തർക്കത്തിലെ വിധി എന്തായാലും അംഗീകരിക്കാമെന്ന നിലപാടും മുസ്ലിം വ്യക്തിനിയമ ബോർഡ്.
അയോധ്യ കേസുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയിൽ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഢ എന്നിവരുടെ നിലപാടുകളാണ് പുറത്തുവന്നത്. കേസിൽ ഇരുവരും ഒത്തുതീര്‍പ്പിൽ എത്തിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. അയോധ്യയിലെ തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്.
രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസിൽ സുപ്രീംകോടതിയിൽ മുസ്ലിം പക്ഷത്തെ കക്ഷികളിലൊന്നാണ് ബോർഡ്. മഥുര, കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകൾ ഉപേക്ഷിച്ചാൽ തർക്കഭൂമി വിട്ട് നല്‍കാം എന്നായിരുന്നു സുന്നി വഖഫ് ബോർഡിന്റെ നിലപാട്.
അയോധ്യയിലെ തര്‍ക്കഭൂമി വിട്ടു നൽകുന്നതിന് പകരം അയോധ്യയിൽ മറ്റൊരിടത്ത് മസ്ജിദ് പണിയാനുള്ള സ്ഥലം അനുവദിക്കണം, അയോധ്യയിലുള്ള 22 പള്ളികള്‍ പുതുക്കി പണിയാനുള്ള അവസരം നൽകണം, മറ്റൊരു സ്ഥലത്തും എതിര് കക്ഷികള്‍ തര്‍ക്കം ഉന്നയിച്ച് രംഗത്തുവരാൻ പാടില്ല, എഎസ്ഐയുടെ കീഴിലുള്ള പള്ളികളിൽ ആരാധന നടത്താനുള്ള അവസരം നൽകണം എന്നീ നാല് ഉപാധികൾ സുന്നി വഖഫ് ബോര്‍ഡ് കോടതിക്ക് മുന്നിൽ വച്ചിരുന്നു.
ഇത് അംഗീകരിക്കുകയാണെങ്കിൽ തർക്കഭൂമി വിട്ടുനൽകാമെന്ന നിലപാട് സ്വീകരിക്കുമെന്നും സുന്നി വഖഫ് ബോർഡ് അറിയിച്ചത് ഇതിന് പിന്നാലെയാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് മധ്യസ്ഥ നിലപാട് തള്ളി രംഗത്തെത്തിയത്.