വൃക്കയെ അറിയാൻ
വൃക്കയും വിസര്ജനവ്യവസ്ഥയും
മനുഷ്യനെപ്പോലെ ഉയര്‍ന്ന പടിയിലുള്ള ജന്തുക്കളില്‍ വിസര്‍ജനം നടക്കുന്നതു പ്രധാനമായും ഒരുജോഡി വൃക്കകള്‍ വഴിയാണ്. വാരിയെല്ലുകള്‍ക്കു താഴെ ഉദരാശയത്തിനുള്ളില്‍ നട്ടെല്ലിനോടു ചേര്‍ന്നു പയര്‍വിത്തിന്റെ ആകൃതിയില്‍ ഈ പ്രധാന അവയവം സ്ഥിതിചെയ്യുന്നു. ശരീരത്തിലെ അധികമുള്ള ജലം, ലവണങ്ങള്‍, യൂറിയ തുടങ്ങിയവയെ രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുക എന്നതാണു വൃക്കയുടെ പ്രധാന ജോലി. വൃക്കാസിര, വൃക്കാധമനി, മൂത്രാശയം, മൂത്രനാളം എന്നിവയുള്‍പ്പെട്ട വിസര്ജനവ്യവസ്ഥയാണ് ഇതിനു വേണ്ടപ്രവര്ത്തനങ്ങളെല്ലാം നടത്തുന്നത്. വൃക്കാധമനിയാണു വൃക്കയിലേക്കു രക്തം എത്തിക്കുന്നത്. വൃക്കാസിരയാവട്ടെ വൃക്കയില്‍നിന്നു രക്തം പുറത്തേക്കു വഹിക്കുന്നു. അരിച്ചുമാറ്റിയ മൂത്രം താല്‍ക്കാലികമായി സംഭരിക്കപ്പെടുന്നതു മൂത്രാശയത്തിലാണ്. മൂത്രനാളം വഴി ഇതു പുറത്തേക്കു പോവുകയും ചെയ്യുന്നു.
വൃക്കയുടെ ഘടന
വൃക്കയുടെ നെടുകെയുള്ള ഛേദം പരിശോധിച്ചാല്‍ കോര്‍ട്ടക്സ്, മെഡുല, പിരമിഡുകള്‍, പെല്‍വിസ്, നെഫ്രോണ്‍ എന്നീ ഭാഗങ്ങള്‍ കാണാം. ഏറ്റവും പുറമെ കാണപ്പെടുന്ന ഇരുണ്ടു ചുവപ്പുനിറത്തോടു കൂടിയ ഭാഗമാണു കോര്‍ട്ടക്സ്. കോര്ട്ടക്സിനുള്ളില് കാണപ്പെടുന്ന മങ്ങിയ ചുവപ്പുനിറത്തോടുകൂടിയ ഭാഗമാണു മെഡുല. മെഡുലയില്‍ പെല്വിസിലേക്കു തള്ളി നില്ക്കുന്ന ഭാഗങ്ങളാണു പിരമിഡുകള്‍. മൂത്രവാഹിയുടെ മകള്ഭാഗം പെല്‍വിസ് എന്നറിയപ്പെടുന്നു. വൃക്കയുടെ അടിസ്ഥാന യൂണിറ്റാണു നെഫ്രോണ്‍. ഒരു വൃക്കയില്‍തന്നെ അനേകായിരം നെഫ്രോണുകള്‍ കാണപ്പെടുന്നു.
നെഫ്രോണിന്റെ ഘടനയും ധര്‍മ്മവും
ഒരറ്റം തുറന്നതും മറ്റേയറ്റം അടഞ്ഞതുമായ നീണ്ടു ചുരുണ്ട കുഴലാണു നെഫ്രോണുകള്‍. രക്തത്തില്‍നിന്നു മൂത്രം വേര്‍തിരിച്ചെടുക്കുക എന്നതാണു നെഫ്രോണുകളുടെ ജോലി.
ബോമാന്‍സ് ക്യാപ്സ്യൂള്‍
നെഫ്രോണിന്റെ അടഞ്ഞ അറ്റത്തു സ്ഥിതിചെയ്യുന്ന കപ്പുപോലെയുള്ള ഇരട്ട ഭിത്തിയോടുകൂടിയ ഭാഗമാണു ബോമാന്‍സ് ക്യാപ്സ്യൂള്‍. ബോമാന്‍സ് ക്യാപ്സ്യൂളിന്റെ ഉള്ളില്‍ കാണപ്പെടുന്ന നേര്‍ത്ത ഭിത്തിയുള്ള രക്തക്കുഴലുകളാണ് ഗ്ലോമറുലസ്.
ഗ്ലോമറുലാര്‍ ഫില്‍ട്രേറ്റ്
വൃക്ക ആദ്യമായി അരിച്ചെടുക്കുന്ന ജലം, ലവണങ്ങള്‍, യൂറിയ എന്നിവയടങ്ങുന്ന ദ്രാവകമാണു ഗ്ലോമറുലാര്‍ ഫില്‍ട്രേറ്റ്. ബോമാന്‍സ് ക്യാപ്സ്യൂളിന്റെ ഇരട്ടഭിത്തികള്ക്കിടയിലേക്ക് ഇത് ഊറിയിറങ്ങുന്നു. അവിടെനിന്നും ശരീരത്തിനാവശ്യമായ ജലം, ഗ്ലൂക്കോസ് എന്നിവ രക്തക്കുഴലുകളിലേക്കു തിരികെ ആഗിരണം ചെയ്യപ്പെട്ടതിനുശേഷം അവശേഷിക്കുന്ന ദ്രാവകമാണു മൂത്രമായി പുറത്തുപോകുന്നത്.
അളവ് നിയന്ത്രിക്കുന്നത്
ശരീരത്തിലുള്ള ജലത്തിന്റെ അളവനുസരിച്ച് ഗ്ലോമറുലാര്‍ ഫില്ട്രേറ്റില്നിന്ന് എത്രത്തോളം ജലം പുനരാഗിരണം ചെയ്യണമെന്നു നെഫ്രോണിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതു പിറ്റ്യൂറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ആന്റിഡൈ യുറെറ്റിക് ഹോര്‍മോണ്‍ ആണ്.വൃക്കരോഗങ്ങള്‍. ഇതിന്റെ രണ്ടു ഭിത്തികള്‍ക്കിടയിലുള്ള സ്ഥലം ക്യാപ്സ്യുലാര് സ്പെയ്സ് എന്നറിയപ്പെടുന്നു.
1800 ലിറ്റര്‍ രക്തം അരിച്ച് ഒന്നരലിറ്റര്‍ മൂത്രം
ഒരു ദിവസം 1800 ലിറ്റര്‍ രക്തം 25 ലക്ഷം നെഫ്രോണുകള്‍ എന്ന അരിപ്പയിലൂടെ കടന്നുപോകുന്നു. ശരീരത്തിലുള്ള രക്തം മുഴുവനും 24 മണിക്കൂറിനുള്ളില്‍ 350 തവണ ഇങ്ങനെ വൃക്കകളിലൂടെ കടന്നു പോകുന്നുണ്ട്. ഒരാളില്‍ ശരാശരി ഒരു ദിവസം ഒന്നര ലിറ്റര്‍ മൂത്രം ഉണ്ടാകുന്നുണ്ട്. ഈ 1800 ലിറ്റര്‍ രക്തം അരിച്ചെടുത്തു 170 ലിറ്റര്‍ ഫില്‍ട്രേറ്റ് ദ്രാവകവും അതില്‍ നിന്നു 11/2 ലിറ്റര്‍ യഥാര്‍ത്ഥ മൂത്രവും ഉണ്ടാകുന്നു.
നിറം കൊടുക്കുന്നതു യൂറോക്രോം
മൂത്രത്തിന്റെ യഥാര്‍ത്ഥ നിറം ഒരിരുണ്ട ഇളംമഞ്ഞ നിറമാണ്. വെള്ളം ധാരാളം കുടിച്ചാല്‍ അതിന്റെ നിറം കുറയും. യൂറോക്രോം എന്ന വര്ണകമാണു മൂത്രത്തിന് ഈ നിറം നല്‍കുന്നത്. മാംസ്യത്തിന്റെ വിഘടനഫലമായാണു യൂറോക്രോം ഉണ്ടാകുന്നത്. വേനല്ക്കാലത്തു ത്വക്കിലൂടെ വിയര്‍പ്പായും ശ്വാസകോശത്തിലൂടെയും ധാരാളം ജലം നഷ്ടപ്പെടുന്നതിനാല്‍ മൂത്രത്തിലെ ജലാംശം കുറയുന്നു. അതുമൂലം അതില്‍ അലിഞ്ഞ യൂറോക്രോമിന്റെ സാന്ദ്രത കൂടുന്നു. അതിന്റെ ഫലമായി മൂത്രത്തിന്റെ മഞ്ഞനിറം കൂടുകയും ചെയ്യുന്നു. പനിയുണ്ടാകുമ്പോഴും ഈ അവസ്ഥയുണ്ടാക്കാം.
മൂത്രമുണ്ടാവാന് വെള്ളം കുടിക്കണ്ട
വെള്ളം ഒട്ടും കുടിച്ചില്ലെങ്കിലും ശരീരം മൂത്രം ഉല്പാദിപ്പിക്കും. രക്തത്തില്‍ അലിഞ്ഞു കൊണ്ടിരിക്കുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യുക എന്നതു മനുഷ്യശരീരത്തിന്റെ ഒരു പ്രധാന ധര്‍മ്മമാണ്. അതു നടന്നില്ലെങ്കില്‍ മരണം ഉറപ്പാണ്. വെള്ളം കുടിച്ചില്ലെങ്കിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകുന്ന കുറച്ചു വെള്ളമാണ് ഇതിനു സഹായകരമാകുന്നത്. രക്തത്തില്‍ വിഷവസ്തുക്കള്‍ കൂടുന്നതനുസരിച്ച് ദാഹവും കൂടും. 2 ലിറ്ററിനും ഇടയ്ക്കു മൂത്രമാണ് ഉല്പാദിപ്പിക്കപ്പടുന്നത്. മഴക്കാലത്തും തണുപ്പുകാലത്തും മൂത്രത്തിന്റെ അളവുകൂടുന്നു.
- വൃക്കകള്‍ ഓരോ മണിക്കൂറിലും 12തവണ രക്തം ശുചീകരിക്കുന്നു.
- 100ഗ്രാം വൃക്കകലകളിലേക്ക് ഒരുമിനിറ്റില്‍ 400മി.ലി രക്തമാണ് ഒഴുകിയെത്തുന്നത്.
- ഓരോ വൃക്കയിലും ഏകദേശം 12ലക്ഷം നെഫ്രോണുകള്‍ എന്ന അരിപ്പകളുണ്ട് . ഇവ ഒന്നിനുപുറകില്‍ ഒന്നായി ചേര്‍ത്തുവച്ചാല്‍ 8 കി.മീ നീളം വരും.
- ഒരുവൃക്കദാനം ചെയ്തുകഴിയുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വൃക്കയുടെ 50%വലുതാകുന്നു.ഈവലിപ്പം അധികമുള്ള ജോലിചെയ്യാന്‍ പര്യാപ്തമാക്കുന്നു.
- ഒരുദിവസം 1ലിറ്ററിനും 2 ലിറ്ററിനും ഇടയ്ക്കു മൂത്രമാണ് ഉല്പാദിപ്പിക്കപ്പടുന്നത്. മഴക്കാലത്തും തണുപ്പുകാലത്തും മൂത്രത്തിന്റെ അളവുകൂടുന്നു.