വൻ മാറ്റങ്ങളുമായി ടീം ഇന്ത്യ; വിൻഡീസ് പര്യടനത്തിലുള്ള ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി-20യും ഏകദിനങ്ങളും രണ്ടു ടെസ്റ്റ് മത്സരങ്ങളും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോഹ്ലി തന്നെയാണ് മൂന്ന് ഫോർമാറ്റിലെയും നായകൻ. നേരത്തെ, ലോകകപ്പ് പരാജയത്തോടെ ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റൻസി പരീക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. രോഹിത് ശർമയെ ഏകദിന ടീമിന്റെ നായകനാക്കണം എന്ന വാദവും ഉയർന്നിരുന്നു. എന്നാൽ അത്തരമൊരു നീക്കത്തിന്റെ സാധ്യതകൾ തള്ളിയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ടീം പ്രഖ്യാപനം.
ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തുപോയ ഓപ്പണർ ശിഖർ ധവാൻ ടീമിലേക്ക് തിരിച്ചെത്തി. ഏകദിന- ട്വന്റി-20 ടീമുകളിലാണ് ധവാനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ധോനി ടീമിൽ നിന്നു മാറിനിന്നതോടെ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് ഋഷഭ് പന്ത് മൂന്ന് ഫോർമാറ്റിലും ഇടംനേടി. അതേസമയം, ടെസ്റ്റിൽ രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയുണ്ട്. ടെസ്റ്റിൽ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റൻ. ഏകദിനത്തിൽ നേരത്തെ തന്നെ രോഹതി ശർമയാണ് ഉപനായകൻ. കോഹ്ലിക്കൊപ്പം രവീന്ദ്ര ജഡേജ, രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമുകളിലും ഉൾപ്പെട്ട താരങ്ങൾ. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഏകദിന, ട്വന്റി-20 മത്സരങ്ങളിൽ വിശ്രമം അനുവദിച്ചു. ഓഗസ്റ്റ് മൂന്നിനാണ് പര്യടനം ആരംഭിക്കുന്നത്.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, കേദാർ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, നവദീപ് സൈനി.
ട്വന്റി-20 ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവദീപ് സൈനി.