ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മിഷന് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് കേരള ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്.
കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്കിയ ഹര്‍ജിയിലാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്റ്ററെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഹൈക്കോടതി വിധി വരുന്നതോടെ സാധാരണഗതിയില്‍ ഈ പരിഷ്കാരമെല്ലാം അസാധുവാകും. ഹൈക്കോടതി വിധിയില്‍ ഈ നിയമനങ്ങളും പരിഷ്കാരങ്ങള്‍ക്കും കൂടി സ്റ്റേയുണ്ടോ എന്ന കാര്യം വ്യക്തമല്ല.
സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്. ഡോ.എം.എ. ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗനിര്‍ദേശം നല്‍കാനായി ഖാദര്‍ കമ്മിഷന് രൂപം നല്‍കിയത്.
പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റ്, ഹയർ സെക്കൻഡറി ഡയറക്റ്ററേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്റ്ററേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മിഷന്റെ പ്രധാനശുപാര്‍ശ. സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൽ നിക്ഷിപ്തമാക്കണമെന്നുമായിരുന്നു കമ്മിഷന് ശുപാര്‍ശ.