വേർതിരിവ് പാടില്ല, സേവന മനോഭാവം കളയരുത്, ദേശീയ- പ്രാദേശിക താത്പര്യങ്ങൾ ഒന്നിച്ചു പോകണം: മോദി
ഡൽഹി: ഈ ലോക്സഭാ തെരഞ്ഞെടുപ്പു പല സമൂഹങ്ങളെ ഒന്നിപ്പിച്ചുവെന്നും മതിലുകള്‍ പൊളിച്ചു ഹൃദയങ്ങളെ ഒന്നാക്കിയെന്നും നരേന്ദ്ര മോദി. നമ്മളെ വിശ്വസിച്ചവർക്കു വേണ്ടിയാണു നമ്മൾ ഇവിടെയെത്തിയിട്ടുള്ളത്. ഇതു പുതിയ ഇന്ത്യയുടെ തുടക്കമാണ്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി പറഞ്ഞു. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎയ്ക്ക് കിട്ടിയ ഈ വലിയ ജനവിധി വലിയ ഉത്തരവാദിത്വവും കൊണ്ടു വരുന്നുണ്ട്. അധികാരത്തിന്റെ ഗർവ്വ് ജനങ്ങൾ അംഗീകരിക്കില്ല. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴും ജനങ്ങളെ സഹായിക്കാനാണ് തയാറാകേണ്ടത്. ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാര്‍ജിക്കുന്നു എന്നും മോദി പറഞ്ഞു. എല്ലാ തടസങ്ങളെയും എന്‍ഡിഎ ഈ തെരഞ്ഞെടുപ്പില്‍ മറികടന്നു. എൻഡിഎയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാൻ. നിങ്ങൾക്കു തുല്യനാണെന്നും മോദി പറഞ്ഞു.
ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ ഭയമുണ്ടാക്കി. ഭയത്തിൽ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം. ദേശീയ താത്പര്യവും പ്രാദേശിക സ്വപ്നങ്ങളും ഒന്നിച്ചു നീങ്ങണമെന്നും മോദി വ്യക്തമാക്കി.
പലരും അവരവരുടെ മന്ത്രിസഭകള്‍ ഉണ്ടാക്കുകയാണ്. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന വാർത്തയൊന്നും ശരിയല്ല. മന്ത്രിമാരെ നിശ്ചയിക്കുന്നത് മാധ്യമങ്ങൾ അല്ല. അടുപ്പം കാട്ടി എത്തുന്നവരെ സൂക്ഷിക്കണം. വഴിതെറ്റിക്കുന്നവരുണ്ട്. വിഐപി സംസ്കാരം ഒഴിവാക്കണം. മഹാത്മാ ഗാന്ധി, ദീൻദയാൽ ഉപാധ്യായ, രാംമനോഹർ ലോഹ്യ എന്നിവരുടെ ആശയങ്ങളാണ് രാജ്യത്തെ ഏറ്റവും സ്വാധീനിച്ചത്. ഇത്തവണ സർക്കാരുണ്ടാക്കിയത് പാവപ്പെട്ടവരെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഏറ്റവുമധികം വനിതാ പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തിയ ചരിത്ര മുഹൂര്‍ത്തമാണിത്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയുമധികം വനിതാ എംപിമാര്‍ പാര്‍ലമെന്റിലെത്തുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു നരേന്ദ്രമോദി. എല്ലാ എന്‍ഡിഎ നേതാക്കളും, എന്‍ഡിഎയുടെ എല്ലാ ഘടകക്ഷികളും തന്നെ നേതാവായി തെരഞ്ഞെടുത്തു. ഇതില്‍ എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു.
സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ അനുഗ്രഹവും നരേന്ദ്ര മോദി തേടി. നരേന്ദ്ര മോദി വികസന വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് അമിത്ഷാ പറഞ്ഞു. സാധാരണക്കാര്‍ മോദിയെ വിശ്വസിച്ചുവെന്നതിന്റെ തെളിവാണ് വിജയം. കുടുംബ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണിതെന്നും അമിത്ഷാ പറഞ്ഞു.