ജെറ്റും പറക്കൽ നിർത്തി
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിപ്പോയ ജെറ്റ് എയർവേയ്സിന് ഇനി പറക്കാനാവില്ല; താത്കാലികമായെങ്കിലും. കാൽ നൂറ്റാണ്ടുകാലം യാത്രക്കാരെയും കൊണ്ടു പറന്ന ജെറ്റ് എയർവേയ്സിന്റെ വിമാനങ്ങളെല്ലാം നിലത്തുറഞ്ഞു. രാത്രി പത്തരയോടെ അമൃത്സറിൽ നിന്നുള്ള മുംബൈ-ഡൽഹി വിമാനമായിരുന്നു ഈ വിമാനക്കമ്പനിയുടെ അവസാന സർവീസ്. താത്കാലികമായി സർവീസ് നിർത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു.
20,000 തൊഴിലുകൾ ഇതോടെ അനിശ്ചിതത്വത്തിലായി. യാത്രക്കാർക്കു റീഫണ്ട് നൽകാനുള്ള വകയിലും വായ്പക്കാർക്കു തിരിച്ചുകിട്ടാനുള്ള തുകയിലുമായി ആയിരക്കണക്കിനു കോടി രൂപയുടെ കാര്യവും അനിശ്ചിതത്വത്തിൽ. ബാങ്കുകൾക്കു മാത്രം 8,500 കോടിയിലേറെ നൽകാനുണ്ട്.
ബാങ്കുകളുടെ കൂട്ടായ്മ 400 കോടി രൂപയുടെ അടിയന്തര സഹായം നിഷേധിച്ചതാണ് ജെറ്റ് എയർവേയ്സിനെ താഴെയിറക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസ് വിളിച്ചുചേർത്ത യോഗത്തിൽ അടിയന്തരമായി 400 കോടി രൂപയുടെ വായ്പ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടെങ്കിലും നൽകാനാവില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചു ബാങ്കുകൾ. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
അഞ്ചു വർഷത്തിനിടെ പ്രവർത്തനം നിർത്തുന്ന ഏഴാമത്തെ ആഭ്യന്തര വിമാന സർവീസ് കമ്പനിയാണ് പ്രമുഖ വ്യവസായി നരേഷ് ഗോയൽ സ്ഥാപിച്ച ജെറ്റ്. കടക്കെണിയിൽ നിന്നു കരകയറാനുള്ള പരിശ്രമങ്ങളിലായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ കമ്പനി. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കമ്പനി അടച്ചുപൂട്ടാതിരിക്കാൻ സർവ ശ്രമങ്ങളും നടത്തിനോക്കി കേന്ദ്ര സർക്കാർ. പക്ഷേ, ഇനിയും വായ്പ നൽകാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ബാങ്കുകൾ. കഴിഞ്ഞ ഡിസംബറിൽ 123 വിമാനങ്ങൾ പറപ്പിച്ചിരുന്നതാണു കമ്പനി. കഴിഞ്ഞ മാസത്തോടെ ഇരുപതും പിന്നീട് പതിനൊന്നുമായി കുറഞ്ഞു. ഇന്നലെ സർവീസ് നിർത്തുമ്പോൾ വെറും അഞ്ചു വിമാനങ്ങൾ മാത്രമാണുണ്ടായിരുന്നത്.
അടിയന്തര സഹായമില്ലാത്തതിനാൽ ഇന്ധനത്തിനും വിമാന വാടകയ്ക്കും മറ്റു ചെലവുകൾക്കും പണമില്ലെന്ന് കമ്പനി അറിയിച്ചു. ഈ സാഹചര്യത്തിൽ ഉടൻ പ്രാബല്യത്തോടെ അന്താരാഷ്ട്ര- ആഭ്യന്തര സർവീസുകൾ നിർത്തുകയാണെന്നും അവർ വ്യക്തമാക്കി. ജെറ്റ് എയർവേയ്സ് സർവീസ് കുറച്ചതോടെ തന്നെ ആഭ്യന്തര വിമാന നിരക്ക് കുത്തനെ വർധിച്ചിരുന്നു. ഇനി ഇതു വീണ്ടും കൂടും. വേനലവധിക്കാലത്തെ വിമാനയാത്രാ നിരക്ക് വൻതോതിൽ കുതിച്ചുയരും.