ഓർമ്മകളിൽ ഒരേ ദിവസം പി.റ്റി ചാക്കോയും കെഎം മാണിയും
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ പിറവിക്ക് പിന്നിലെ രാഷ്ട്രീയ അതികായൻ പി.റ്റി ചാക്കോയുടെ നൂറ്റിനാലാം ജന്മദിനത്തില് കെഎം മാണിയുടെ വിയോഗം രാഷ്ട്രീയ ചരിത്രത്തിലെ നിയോഗമെന്നോണം അപൂര്‍വതയായി. ജന്മദിനത്തിന്റെ ഭാഗമായി കോട്ടയത്തെ പി.റ്റി ചാക്കോയുടെ പ്രതിമയ്ക്ക് മുന്നിലായിരുന്നു ചൊവ്വാഴ്ച അനുസ്മരണം നടന്നത്. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ പി.റ്റി ചാക്കോയുടെ മകനും കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി.സി തോമസും ചടങ്ങിനെത്തിയിരുന്നു.
അതേസമയം ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കേട്ടത് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വിയോഗ വാര്‍ത്തയാണ്. കോൺഗ്രസ് വിടാതെ കേരളത്തിന് ഒരു പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയത്തെ പ്രവര്‍ത്തിപഥത്തിലെത്തിച്ച പ്രായോഗിക രാഷ്ട്രീയ നേതാവിന്റെ വിയോഗ വാർത്ത.
കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു കോട്ടയത്ത് വാഴൂരില്‍ ജനിച്ച പി.റ്റി ചാക്കോ. വിമോചന സമരത്തിലൂടെ ശ്രദ്ധേയനായ കോണ്‍ഗ്രസ് നേതാവും. ആഭ്യന്തരമന്ത്രിയായിരിക്കെ വിവാദത്തില്‍പ്പെട്ട് രാജിവച്ചു വൈകാതെ അദ്ദേഹം കാലയവനികയ്ക്കുള്ളിലായി. ബാര്‍കോഴ കേസില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ കെ.എം മാണിയും പിന്നീട് അധികാരത്തിലേക്ക് എത്തിയില്ലെന്നതും മരണത്തിന് കീഴടങ്ങിയെന്നതും ചരിത്രത്തിലെ സമാനതകള്‍. പി.റ്റി ചാക്കോയുടെ 104-ാം ജന്മദിനമായിരുന്നു ഇന്നലെ.
ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച എഐസിസി അംഗം ലോകസഭാംഗം തുടങ്ങി പല പദവികള്‍ വഹിച്ച പി ടി ചാക്കോ കാല്‍നൂറ്റാണ്ട് കാലത്തോളം കേരള രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന വ്യക്തിത്വമാണ് കോട്ടയം നഗരത്തില്‍ പിടി ചാക്കോയുടെ പ്രതിമയാണ് കോട്ടയത്തെ അറിയാനുള്ള നാഴികക്കല്ലുകളിൽ ഒന്ന്.
കോണ്‍ഗ്രസിനോടുള്ള വിരോധത്തില്‍ നിന്നാണ് 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപമെടുത്തത്. കോണ്‍ഗ്രസില്‍ അതികായനായി നിന്ന പി.ടി ചാക്കോയുടെ അനുയായികള്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ സംരംഭം. പി.ടി ചാക്കോയ്ക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ കരുനീക്കങ്ങളോടും ഗൂഢാലോചനകളോടുമുള്ള പ്രതികരണമായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവിക്ക് പിന്നിൽ. ആഭ്യന്തര മന്ത്രിയായിരിക്കേ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ കേവലം ആറുമാസത്തിനുള്ളില്‍ പി.റ്റി ചാക്കോ മരിച്ചു. ആ മരണത്തെ തുടര്‍ന്നുണ്ടായ വിക്ഷോഭത്തിന്റെയും വിദ്വേഷത്തിന്റെയും പശ്ചാത്തലത്തിലാണ് 1964 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കേരളത്തിൽ പിളര്‍ത്തി കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ജനിച്ചത്.
1964 ഒക്ടോബര്‍ ഒമ്പതിന് കോട്ടയം ലക്ഷ്മിഹാളില് ചേര്‍ന്ന കണ്‍വന്‍ഷനാണ് പുതിയ പാര്‍ട്ടിക്ക് രൂപംനല്കിയത്. അതില്‍ അന്ന് പങ്കെടുത്തത് 150ല്‍ താഴെ പ്രവര്‍ത്തകരാണ്. കെ എം ജോര്‍ജിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. അന്ന് വൈകിട്ട് തിരുനക്കര മൈതാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ എന്‍എസ്എസ് നേതാവ് മന്നത്ത് പത്മനാഭനാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. കേരളകോൺഗ്രസ്സ്. അതേ പ്രസ്ഥാനം കരുപ്പിടിപ്പിച്ച നേതാവ് ഇവിടെയെത്തും അനേകം അണികളുടെ അകമ്പടിയോടെ തിരുനക്കരയിൽ. ജീവനുള്ളകാലം അദ്ദേഹം മറക്കാത്ത കെ.എം മാണിയുടെ സ്വന്തം തിരുനക്കരയിൽ.