നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത് കൊടും കുറ്റവാളികള്‍ക്കൊപ്പം; ക്രെഡിറ്റ് മോദി സര്‍ക്കാരിനല്ലെന്ന് കോണ്‍ഗ്രസ്; ഇത് പതിവു പോലെയുള്ള തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആരോപണം
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും തിരക്കേറിയ ജയിലില്‍. ദക്ഷിണ പടിഞ്ഞാറന്‍ ലണ്ടനില്‍ കൊടും കുറ്റവാളികളെ മാത്രം പാര്‍പ്പിക്കുന്ന ഹെര്‍ മെജസ്റ്റീസ് ജയിലിലാണ് ഇപ്പോള്‍ നീരവ്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബി കാറ്റഗറി ജയിലാണിത്.
ഹോളിയുടെ തലേദിവസമാണ് 48കാരനായ നീരവ് മോദിയെ വെസ്റ്റ് മജിസ്റ്റ്റേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ജില്ലാ ജഡ്ജായി മേരി മലേന് മാര്‍ച്ച് 29വരെ മോദിയെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വെള്ള ഷര്‍ട്ടും ട്രൗസറുമായിരുന്നു മോദി ധരിച്ചിരുന്നത്. അടുത്ത ആഴ്ച കേസിന്റെ ആദ്യ വാദം കേള്‍ക്കുന്നത് വരെ പ്രതിയെ പ്രത്യേക സെല്ലിലായിരിക്കും പാര്‍പ്പിക്കുക. തിരക്കുള്ള ജയിലായതിനാല്‍ നീരവിനൊപ്പം നിരവധി കുറ്റവാളികളും ഉണ്ടാകും. നിലവില്‍ കൈമാറ്റത്തിനായി തടവില്‍ കഴിയുന്ന പാക് കുറ്റവാളിയായ ജാബിര്‍ മോട്ടിയും നീരവിനൊപ്പം ഇപ്പോള്‍ സെല്ലിലുണ്ട്.
അറസ്റ്റിലാകുമ്പോള്‍ വെസ്റ്റ് ഐലന്റിലെ സെന്റര്‍ പോയന്റിലുള്ള ആഡംബര പാര്‍പ്പിട സമുച്ചയത്തിലായിരുന്നു നീരവ് താമസിച്ചിരുന്നത്. ഫോബ്സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രമുഖനാണ് നീരവ് മോദി. ഫോബ്സിന്റെ പഠനപ്രകാരം 175 കോടി ഡോളറാണ് നീരവ് മോദിയുടെ ആസ്തി. മദ്യവ്യവസായി വിജയ്മല്യയുടെ കേസിന് സമാനമായ രീതിയിലായിരിക്കും ബ്രിട്ടീഷ് കോടതി നീരവ് മോദിയുടെ കേസും കൈകാര്യം ചെയ്യുന്നത്.
13,500 കോടി രൂപയുടെ പി.എന്‍.ബി തട്ടിപ്പുകേസില്‍ നീരവും അമ്മാവന് മെഹുല്‍ ചോക്സിയുമാണ് മുഖ്യപ്രതികള്‍. തട്ടിപ്പുവിവരം പുറത്തറിയുന്നതിന് മുന്‍പ് തന്നെ ഇരുവരും രാജ്യം വിടുകയും ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയില്‍ 2018 ജൂണില്‍ നീരവിനും മറ്റുരണ്ടുപേര്‍ക്കും എതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത് പതിവു പോലെയുള്ള തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. നീരവിനെ അറസ്റ്റ് ചെയ്തത് പ്രകടനം മാത്രമാണെന്നും മോദി സര്‍ക്കാരിന് ഒരു മേന്മയും ആവകാശപ്പെടാനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിമര്‍ശിച്ചു.
ബിജെപി അദ്ദേഹത്തെ രാജ്യം വിടാന്‍ സഹായിക്കുക മാത്രമാണ് ചെയ്തത്. തെരഞ്ഞെടുപ്പിന് വേണ്ടിയാണ് അയാളെ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തിരിച്ചു വിടുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ലണ്ടനിലെ ടെലിഗ്രാഫ് പത്രവും അതിന്റെ ലേഖകനുമാണ് മോദിയെ കണ്ടെത്തി കാണിച്ചു കൊടുത്തതിന്റെ ക്രെഡിറ്റെന്നും മോദി ഇതിന് അവകാശം ഉന്നയിക്കുന്നത് രസകരമാണെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.
വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റു ചെയ്തതിന്റെ ക്രെഡിറ്റ് മോദി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ഇതുപോലുള്ള നിരവധി സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി പുറത്തിറക്കുമെന്നും മമത വിമര്‍ശിച്ചു.
ഇതുപോലെ രണ്ടോ മൂന്നോ സ്ട്രൈക്കുകള്‍ ഉണ്ടാകും. സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത്. കേന്ദ്രം ബോധപൂര്‍വം ഇത്തരംകാര്യങ്ങള്‍ ചെയ്യുമെന്നും മമത കുറ്റപ്പെടുത്തി.