ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്കി ഉമ്മന്‍ചാണ്ടി; ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വ സാധ്യത തള്ളാതെ ഹൈക്കമാന്‍ഡ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്കി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി. എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നാണു ധാരണ. താനിപ്പോള്‍ എംഎല്‍എയാണ്. കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി ഒരു സ്വകാര്യചാനലിനോട് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വ സാധ്യത ഹൈക്കമാന്‍ഡ് തള്ളിക്കളഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അതാത് ഘടകങ്ങളുടെ നിര്‍ദേശം പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റ ചുമതലയുളള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്പറഞ്ഞു.
കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനുള്ളതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം നേരത്തേ തീരുമാനിച്ചതാണ്. അതില്‍ മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ തിരികെപിടിക്കാന്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം ആഗ്രഹിക്കുന്ന ഏതു സീറ്റും നല്കാന് തയാറാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നേതൃത്വത്തില്‍ നിന്നു സമ്മര്‍ദം ഉയരുമ്പോഴും പാര്‍ട്ടിയിലെ നിര്‍ണായക സ്വാധീന നഷ്ടമാകുമെന്നതും സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നു ചുവടുമാറ്റാന്‍ താല്പര്യമില്ലാത്തതുമാണ് ഉമ്മന്‍ചാണ്ടിയെ തടയുന്നത്.
സീറ്റ് വിട്ടുകൊടുക്കില്ലെന്നു വ്യക്തമാക്കിയെങ്കിലും കോട്ടയത്തു സ്ഥാനാര്‍ഥി നിര്‍ണയം കേരള കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. മുന്‍ എംഎല്‍എമാരും യുവനേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തുണ്ട്. രണ്ടാമതൊരു സീറ്റ് പാര്‍ട്ടിക്കു ലഭിച്ചില്ലെങ്കില്‍ കോട്ടയം സീറ്റിന് ജോസഫ് വിഭാഗവും അവകാശം ഉന്നയിച്ചേക്കും. ഇതൊഴിവാക്കാന്‍ ജനപിന്തുണയുള്ള ഒരാളെ മാണിഗ്രൂപ്പില്‍നിന്നു കണ്ടെത്തണം. പരിഗണനയിലുള്ള പ്രധാനപേരുകള്‍ തോമസ് ചാഴിക്കാടന്റേതും സ്റ്റീഫന്‍ ജോര്‍ജിന്റേതുമാണ്. ജോസ് കെ.മാണിയുടെ വിശ്വസ്തനെന്ന നിലയില്‍ പ്രിന്‍സ് ലൂക്കോസും പരിഗണനാപട്ടികയിലുണ്ട്.
തുടക്കത്തില്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷയെ പരിഗണിച്ചെങ്കിലും എതിര്‍സ്വരം ഉയര്‍ന്നതോടെ പിന്മാറി. ജോസ് കെ.മാണി മത്സരരംഗത്തില്ലാത്ത സാഹചര്യത്തിലാണു സീറ്റിനായി ജോസഫ് ഗ്രൂപ്പ് രംഗത്തെത്തിയത്. കിട്ടില്ലെന്ന് ഉറപ്പായിട്ടും ഇടുക്കി സീറ്റ് ആവശ്യപ്പെട്ടതു ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്.
ഉമ്മന്‍ചാണ്ടിയെ മല്‍സരരംഗത്തിറക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് നിര്‍ണായക പോരാട്ടത്തില്‍ ഒരു സീറ്റ് സുനിശ്ചിതമാക്കാം എന്നതുതന്നെയാണ്. കൂടാതെ നിയമസഭ തിരഞ്ഞെടുപ്പിലൂടെ അകന്നുപോയ മതന്യൂനപക്ഷങ്ങളെ വീണ്ടും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാമെന്നുമാണ് പ്രതീക്ഷ