ബാര്‍ കോഴ അന്വേഷിക്കാന്‍ പ്രത്യേക സംഘം: അനുബന്ധ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസ് നാലംഗ പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും അന്വേഷണം. വിജിലന്‍സ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനമായത്. മൂന്നു മാസത്തിനകം കോടതിയില്‍ അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലോചന. നേരത്തെ മാണിക്കനുകൂലമായി മൊഴി നല്കിയ ബാറുടമകളില്‍ നിന്നു വീണ്ടും മൊഴി എടുക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി.
തുടരന്വേഷണത്തില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു എസ്പി. ആര്.സുകേശന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ പുതിയ സംഘത്തെ നിയോഗിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി നജ്മല്‍ ഹസനാണ് അന്വേഷണ ഉദ്യോഗസ്ഥന്. ഇന്‍സ്പെക്ടര്‍മാരായ ഉജ്ജ്വല്‍ കുമാര്‍, രക്ഷിത്, സരീഷ് എന്നിവരും സംഘത്തിലുണ്ടാവും .സുകേശന് മേധാവിയായ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലാണ് ഇവരെല്ലാം പ്രവര്‍ത്തിക്കുന്നത്. കേസിന്റെ ഇതുവരെയുള്ള രേഖകളെല്ലാം സംഘം പരിശോധിച്ചു.
മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി സുകേശന് ഡയറക്ടര്‍ക്കു നല്കിയ ആദ്യ വസ്തുതാ റിപ്പോര്‍ട്ട്, അന്നത്തെ ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ നല്കിയ മറുപടി, സുകേശന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട്, അപ്പോഴത്തെ ഡയറക്ടറായിരുന്ന ഡിജിപി: എന്‍.ശങ്കര്‍ റെഡ്ഡി നല്കിയ 80 പേജ് മറുപടി റിപ്പോര്‍ട്ട്, ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളായിരുന്നവര് രണ്ടു ഘട്ടങ്ങളില്‍ നല്കിയ മൊഴികള്‍, ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ തെളിവുകള്‍, മൊഴിയുമായുള്ള വൈരുധ്യങ്ങള്‍ എന്നിവയെല്ലാം സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. കേസില്‍ മതിയായ തെളിവു ലഭിച്ചില്ലെന്നും തുടര്‍ നടപടി വേണ്ടെന്നും ചൂണ്ടിക്കാട്ടി 2015 ജൂലൈയിലാണു വിജിലന്‍സ് ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്.
ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു മാറ്റിയതിനു പിന്നാലെയാണ് ആ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ ബിജെപി നേതാവ് വി.മുരളീധരന് അടക്കമുള്ളവര്‍ ഹര്‍ജിയുമായി എത്തിയതോടെ കഴിഞ്ഞ ഒക്ടോബറില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ തുടര്‍നടപടി ആവശ്യമില്ലെന്നു കാണിച്ചു 2016 ഫെബ്രുവരിയില്‍ സുകേശന് വീണ്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പിന്നാലെ അതിനെതിരെ 11 ഹര്‍ജികളും കോടതിയിലെത്തി. അതിന്റെ വാദം നടക്കുന്നതിനിടെ ഭരണം മാറി. പുതിയ സര്‍ക്കാര്‍ വന്നതോടെ വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസും തിരിച്ചെത്തി. ബാര്‍ കോഴ, പാറ്റൂര്‍ ഭൂമിയിടപാട് എന്നീ കേസുകളിലെ തുടരന്വേഷണ സാധ്യത അദ്ദേഹം പരിശോധിച്ചു.
പുതിയ തെളിവുണ്ടെങ്കില്‍ അന്വേഷണം ആകാമെന്ന നിയമോപദേശവും ഡയറക്ടര്‍ക്കു ലഭിച്ചു. തുടര്‍ന്നു മാണിക്കെതിരെ തെളിവുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ട് എഴുതിയ സുകേശന് എന്താണു പിന്നീടു കോടതിയില്‍ നിലപാട് മാറ്റിയതെന്ന ഡയറക്ടറുടെ ചോദ്യത്തിനു തന്റെ കൈകാലുകള്‍ ബന്ധിച്ചാണു റിപ്പോര്‍ട്ട് എഴുതിച്ചതെന്നു സുകേശന് ഡയറക്ടര്‍ക്കു രഹസ്യ റിപ്പോര്‍ട്ടില്‍ മറുപടി നല്കി. അതിനു പിന്നാലെയാണു കേസില്‍ തെളിവു ശേഖരിക്കാന്‍ സമയം ലഭിച്ചില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സുകേശന് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടരന്വേഷണത്തിനു കോടതി അനുമതിയും നല്കി. അന്വേഷണത്തിനു സമയപരിധി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ വിജിലന്‍സ് കൂടുതല്‍ വിശകലനം ചെയ്യും.
ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ കോഴ സംബന്ധിച്ച പരാതി വ്യാജമാണെന്നോ അന്വേഷണത്തില്‍ വസ്തുതാപരമായ പിശകുണ്ടെന്നോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. ബാറുടമകളുടെ യോഗത്തില്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അവര്‍ സംസാരിച്ചതിന്റെ സിഡി നേരത്തെ ബാറുടമ ബിജു രമേശ് ഹാജരാക്കിയിരുന്നു. ഇതും കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കു നല്‍കും. പല ബാറുടമകളും സമ്മര്‍ദത്തിനു വിധേയരായാണു നേരത്തെ മൊഴി നല്‍കിയതെന്നു വിജിലന്‍സ് കരുതുന്നുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം മൊഴി വീണ്ടും രേഖപ്പെടുത്തില്ല. എന്നാല്‍ തെളിവിന് ആവശ്യമെന്നു കരുതുന്നവരുടെ മൊഴി രേഖപ്പെടുത്താനാണു സാധ്യത. കോടതി സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും കഴിവതും വേഗം അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.