ചുമതല പൂര്‍ത്തിയാക്കിയേ നിലയ്ക്കൽ വിടുകയുള്ളൂവെന്ന് യതീഷ് ചന്ദ്ര . . .
തന്നെ നിലയ്ക്കലില്‍ ചുമതലയില്‍ നിന്നും മാറ്റിയ വാര്‍ത്ത പച്ചക്കള്ളമാണെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര.
ഡ്യൂട്ടി കാലാവധി കഴിയുന്ന 30ന് പകരം ആള് വന്നതിനു ശേഷം മാത്രമേ ചുമതല വിടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. യതീഷ് ചന്ദ്രയെ മാറ്റിയെന്ന വാര്‍ത്ത ശരിയല്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമും അറിയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ യതീഷ് ചന്ദ്രയുടെ നിലപാട് ഏറെ വിവാദമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ രൂക്ഷമായി നോക്കി യതീഷ് ചന്ദ്ര പ്രതികരിച്ചതും സോഷ്യല്‍ മീഡിയകളില്‍ വലിയ തരംഗമാണ്.
സന്നിധാനത്ത് ഹരിവരാസനം തൊഴാന്‍ ചെന്ന യതീഷ് ചന്ദ്രക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ അന്ന്യ സംസ്ഥാനത്തു നിന്നു വന്നിരുന്ന അയ്യപ്പഭക്തര്‍ മുതല്‍ സുരക്ഷാ ചുമതല നോക്കാന്‍ വന്ന കേന്ദ്ര സേനയുടെ കമാന്‍ണ്ടോ വരെ ഉണ്ടായിരുന്നു.
ഹിന്ദു ഐക്യവേദി നേതാവ് ശശികലയോട് സത്യം ചെയ്യിച്ചതും ബി.ജെ.പിയുടെ മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതും ഉള്‍പ്പെടെ നിലയ്ക്കലില്‍ പ്രതിഷേധക്കാരെ നിലക്കുനിര്‍ത്തിയാണ് യതീഷ് ചന്ദ്ര 30 ന് ചുമതല ഒഴിയുന്നത്.
എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യതീഷ് ചന്ദ്രയെ സര്‍ക്കാര്‍ മാറ്റിയെന്നും തിങ്കളാഴ്ച ചുമതല ഒഴിയുമെന്നുമുള്ള വാര്‍ത്തകള്‍ പ്രമുഖ മാധ്യമങ്ങളിലടക്കം വരികയായിരുന്നു.
സംഘപരിവാര്‍ ഈ സ്ഥലമാറ്റത്തെ അവര്‍ ‘കൊടുപ്പിച്ച’ പണിയായി സോഷ്യല്‍ മീഡിയകളില്‍ പ്രചരണമാക്കിയതോടെയാണ് യതീഷ് ചന്ദ്ര തന്നെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. 30ന് ചുമതല ഒഴിഞ്ഞ് തൃശൂരില്‍ എത്തുന്ന യതീഷ് ചന്ദ്രക്ക് അവിടെയും സംഘപരിവാര്‍ പ്രതിഷേധത്തെ നേരിടേണ്ടി വരും.
ശക്തമായ പ്രതിഷേധം യതീഷ് ചന്ദ്രക്കെതിരെ നടത്തുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യതീഷ് ചന്ദ്ര തൃശൂരില്‍ എത്തിയാല്‍ ഇതുവരെ സ്വീകരിച്ച നടപടിയാവില്ല പ്രതിഷേധക്കാരോട് ഉണ്ടാകുകയെന്നാണ് തൃശൂരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാകുന്നത്.
യതീഷ് ചന്ദ്രയുടെ അഭാവത്തിലും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വെടിക്കെട്ടിന്റെ കേന്ദ്രമായ തൃശൂരില്‍ യതീഷ് ചന്ദ്ര തിരിച്ചെത്തുന്നതോടെ പ്രതിഷേധക്കാര്‍ക്കെതിരെ വീണ്ടും പോലീസ് വെടിക്കെട്ട് നടത്തുമോ എന്ന ആകാംക്ഷയിലാണ് ജനങ്ങള്‍.