സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം ശക്തം; ആക്രമണം നടത്തുന്നത് ഇറാനിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന്; ഐഎസ് ഭീകരര്‍ സിറിയയില്‍ നിന്ന് വാഹനങ്ങളുമായി കടന്നുകളഞ്ഞു
ദമാസ്കസ്: സിറിയയിലെ വിമത നിയന്ത്രിത പ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണങ്ങള്‍ ശക്തമാക്കി. ഇറാനിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നാണ് ചൊവ്വാഴ്ച വ്യോമാക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അലപ്പോയും ഇദ്ലിബും ദെയര്‍ അല്‍-സൂര് പ്രവിശ്യ എന്നീ പ്രദേശങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ 27 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക സംഘടനകള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇറാനില്‍നിന്ന് ആക്രമണം നടത്തുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍അസദിന്റെ വിഭാഗത്തെ സഹായിക്കുന്ന നിലപാടാണ് റഷ്യയും ഇറാനും നേരത്തേ മുതല്‍ സ്വീകരിച്ചത്. 2011ല്‍ ബാഷര്‍ അല്‍അസദിന് നേരെ ഒരു ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സൈനിക, സാമ്പത്തിക പിന്തുണ നല്കി ഇറാന് സഹായിച്ചിരുന്നു.
”നിര്‍ഭാഗ്യകരമാണ്, എന്നാല്‍ അതിശയിപ്പിക്കുന്നില്ല”എന്നാണ് യുഎസ് റഷ്യയുടെ വ്യോമാക്രമണത്തെ കുറിച്ച് പ്രതികരിച്ചത്.
ഇറാഖിലെയും ഇറാനിലെയും കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ റഷ്യ അനുവാദം ചോദിച്ചതായി നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിറിയയിലെ ഐ.എസ് സ്വാധീന മേഖലകളിലും മുമ്പ് അന്നുസ്റ ഫ്രണ്ട് എന്നറിയപ്പെട്ട വിമത നിയന്ത്രിത പ്രദേശങ്ങളിലുമാണ് ആക്രമണം നടത്തിയതെന്ന് റഷ്യ അറിയിച്ചു. റഷ്യയുടെ സൈനികരെ വഹിച്ചുള്ള വിമാനങ്ങള്‍ ഇറാനിലത്തെിയ ചിത്രങ്ങള്‍ നേരത്തേ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍, എത്രത്തോളം സൈനികരും യുദ്ധസാമഗ്രികളും എത്തി എന്നത് വ്യക്തമായിട്ടില്ല. ഇറാന്റെ സഹായം ആക്രമണങ്ങള്‍ക്കുള്ള യാത്ര 60 ശതമാനം കുറക്കാന്‍ സഹായിക്കും. സമയവും ചെലവും കുറക്കാന്‍ പുതിയ കേന്ദ്രം സഹായിക്കുമെന്ന് റഷ്യന്‍ അധികൃതര്‍ അവകാശപ്പെട്ടു. സിറിയയില്തന്നെയുള്ള റഷ്യയുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വലിയ വിമാനങ്ങളടക്കം ഇറാനിലെ കേന്ദ്രത്തിലത്തെിച്ചിട്ടുണ്ട്.
അതേസമയം വടക്കന്‍ സിറിയന്‍ നഗരമായ മാന്‍ബിജില്‍ നിന്ന് വാഹനങ്ങളുമായി ഐഎസ് ഭീകരര്‍ക്ക് കടന്നുകളയാന്‍ സൈന്യത്തിന് അനുവാദം നല്‍കേണ്ടിവന്നു. ചില ഐഎസ് പോരാളികള്‍ ഇതിനോടകം തന്നെ തുര്‍ക്കിയിലേക്ക് കടന്നെന്നും എന്നാല്‍ കൂടുതല്‍ പേര് ഇനിയും സിറിയയില്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് പൊതുവായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ ചില ഉദ്യോഗസ്ഥരാണ് പേര് വെളിപ്പെടുത്താതെ സംഭവത്തെ കുറിച്ച് പറഞ്ഞത്. ഐഎസ് പോരാളികളെ നഗരം വിട്ടുപോകാന്‍ അനുവദിച്ച തീരുമാനം എടുത്തത് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് കമാന്‍ഡറാണെന്ന് യുഎസ് വക്താവ് കേണല്‍ ക്രിസ് ഗാര്‍വര്‍ പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തില്‍ ഐഎസിനെതിരെ നടക്കുന്ന പോരാട്ടസഖ്യത്തിന്റെ യുഎസ് വക്താവാണ് ക്രിസ് ഗാര്‍വര്‍. ഓരോ വാഹനങ്ങളിലും സാധാരണക്കാര്‍ ഉണ്ടായിരുന്നെന്നും ആളപായം ഒഴിവാക്കുന്നതിനായാണ് സൈന്യം വാഹനങ്ങള്‍ വിട്ടുപോകാന്‍ അനുവാദം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാറുകളില്‍ എത്ര സാധാരണക്കാര്‍ ഉണ്ടെന്ന കാര്യം തനിക്കറിയില്ല. എന്നാല്‍ ചിലര്‍ ബന്ദികളായിരുന്നെന്നും ഗാര്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖ് അക്രമണങ്ങളില്‍ ഉള്‍പ്പെടെ ഐഎസ് തുടര്‍ച്ചയായി മനുഷ്യ പരിചകളെയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.