അവനെയാണല്ലേ നിനക്ക് ഇഷ്ടം, ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല; ദിലീപ് കാവ്യയോട് പറഞ്ഞു; രസകരമായ സംഭവം വെളിപ്പെടുത്തി ലാല്‍ ജോസ്
ആദ്യകാലത്ത് കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്നു കാവ്യ മാധവനെന്ന് ലാല്‍ ജോസ്. ഒരു ചാനലിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ സെറ്റില്‍വച്ച് ദിലീപ് പേടിപ്പിച്ച കഥയും ലാല്‍ ജോസ് പറയുകയുണ്ടായി.
‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒന്‍പതാം ക്ലാസില്‍ നിന്നു പത്തിലേയ്ക്ക് ജയിച്ചിട്ടേ ഉള്ളൂ. ഞങ്ങളെല്ലാം ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ഞാന്‍ കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള നായകനാരാ? ചോദ്യം കേട്ടതും ദിലീപ് തന്റെ പേര് ഇപ്പൊ പറയും എന്ന രീതിയില്‍ മുമ്പില്‍ ഇരിക്കുകയാണ്.
കാവ്യ ഉടനടി പറഞ്ഞു ‘കുഞ്ചാക്കോ ബോബന്’. ആ സമയത്ത് അനിയത്തിപ്രാവ് റിലീസ് ചെയ്ത് ചാക്കോച്ചന് കത്തി നില്ക്കുന്ന സമയാണ്. നിറം സിനിമയാണ് അടുത്ത റിലീസ്.
കാവ്യയുടെ ഉത്തരം കേട്ട ദിലീപിന്റെ മറുപടി ഇങ്ങനെ, ‘ആദ്യത്തെ സിനിമയായതും പോര, ഇവിടെ ഉളള ബുദ്ധിമുട്ടുകള്‍ മൊത്തം ഞാന്‍ അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു, എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം. ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല, ഇവളെ മാറ്റിയേര്.’ ഇങ്ങനെ പറഞ്ഞ് ദിലീപ് എഴുന്നേറ്റുപോയി.
കാവ്യ ഓര്‍ത്തു ദിലീപ് ഇതുവളരെ സീരിയസ് ആയി പറയുന്നതാണെന്ന്. അപ്പോള്‍ കാവ്യ, ദിലീപിനോട് പറഞ്ഞു, ‘അങ്ങനെയല്ല സിനിമയില്‍ കാണാന്‍ ഇഷ്ടം കുഞ്ചാക്കോ ബോബനെയാ, പക്ഷേ നേരിട്ട് കാണാന്‍ ചേട്ടനെയാ ഇഷ്ടം.’എന്ന്.
തന്റെ കൂടെ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ കണ്ണുകളുള്ള താരം ചാക്കോച്ചനാണെന്ന് സംവൃതയും പറഞ്ഞിരുന്നു. സംവൃതയുടെ ഈ അഭിപ്രായത്തിനു പിന്നാലെയാണ് ലാല്‍ജോസ് കാവ്യമാധവന്റെ ഇഷ്ടത്തിനെ കുറിച്ചും തുടര്‍ന്ന് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ചും വെളിപ്പെടുത്തിയത്.