ട്രംപിന്‍െറ വാദങ്ങള്‍ പരിഹാസ്യമെന്ന് ഒബാമ
വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്കെതിരായി അട്ടിമറിക്ക് സാധ്യതയുണ്ടെന്ന റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി ഒബാമ രംഗത്ത്. രണ്ടാഴ്ചത്തെ അവധിക്കാലം ശനിയാഴ്ച തുടങ്ങുന്നതിനുമുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിനെതിരെ ശക്തമായ ഭാഷയില്‍ ഒബാമ സംസാരിച്ചത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നേക്കാമെന്ന ട്രംപിന്‍െറ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രസ്താവന പരിഹാസ്യമാണെന്ന് പറഞ്ഞ ഒബാമ, പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പക്വതയോടെ പെരുമാറണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ആണവായുധങ്ങള്‍ സംബന്ധിച്ചത് ഉള്‍പ്പെടെ അതീവ സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങള്‍ ഇദ്ദേഹം എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ചോദിച്ച ഒബാമ, പ്രസിഡന്റുപദമെന്നത് ഗൗരവമേറിയ പദവിയാണെന്നും ഓര്‍മിപ്പിച്ചു.
ഈ വര്‍ഷം ജനുവരിയില്‍ ഇറാനില്‍ പിടിയിലായ യു.എസ് നാവിക ഉദ്യോഗസഥരെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം നല്‍കിയെന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ആരോപണം അദ്ദേഹം തള്ളി.പശ്ചിമേഷ്യയിലെ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ, ഐ.എസിനെതിരായ മുന്നേറ്റത്തില്‍ സഖ്യസേന കാര്യമായ മുന്നേറ്റം തന്നെ നടത്തിയിട്ടുണ്ടെങ്കിലും ഭീഷണി പൂര്‍ണമായും ഒഴിവായിട്ടില്ളെന്നും പറഞ്ഞു.
ഇതുവരെ 14,000ലധികം വ്യോമാക്രമണങ്ങള്‍ ഇറാഖില്‍ സഖ്യസേന നടത്തിയിട്ടുണ്ട്. അവരുടെ ശക്തി ക്ഷയിച്ചിട്ടുണ്ട്. എങ്കിലും, യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐ.എസ്. ഭീകരാക്രമണത്തില്‍നിന്നും മുക്തമല്ല, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഐ.എസ്. ആക്രമണങ്ങളോടുള്ള പ്രതികരണത്തില്‍ അതിരുകവിയുന്നത് തിരിച്ചടിയാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സിറിയയില്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് മതിയായ നടപടി സ്വീകരിക്കാത്തതിന് റഷ്യയെയും അദ്ദേഹം കുറ്റപ്പെടുത്തി. ലിബിയയില്‍ വ്യോമാക്രമണം ആരംഭിച്ചത് സിര്‍ത്ത് തിരിച്ചുപിടിക്കാനുള്ള ലിബിയന്‍ സര്‍ക്കാറിന്‍െറ നീക്കത്തെ പിന്തുണച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു.