പെരുവെള്ളത്തില് മുങ്ങി സ്വകാര്യ ബസുകള്‍
പ്രളയത്തില്‍ തകര്‍ന്ന് അടിഞ്ഞ് കേരളത്തിലെ ഗതാഗത മേഖല. കെഎസ്ടിആര്ടിക്ക് 50 കോടിയുടെ നഷ്ടം ഉണ്ടായതിന് പിന്നാലെ മറ്റ് മേഖലകളുടെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ തെളിയുന്നത് വന്‍ ബാധ്യതയാണ്.
പ്രളയത്തില്‍ കേരളത്തില്‍ വെള്ളം കയറി നശിച്ചത് 700 സ്വകാര്യ ബസുകള്‍. പത്തനംതിട്ട റാന്നി, ചെങ്ങന്നൂര്‍, അടൂര്‍, തിരുവല്ല, കാലടി എന്നിവിടങ്ങില്‍ ബസുകള്‍ പൂര്‍ണമായും മുങ്ങിപ്പോയി. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപവരെ ചിലവാവും ഇവ നന്നാക്കിയെടുക്കാന്‍. പത്തു കോടിയിലേറെ നഷ്ടമാണ് സ്വകാര്യ ബസ് ഉടകള്ക്കുണ്ടായത്.
ഒപ്പം എട്ടു ദിവസത്തോളം ബസുകള്‍ ഓടാത്തതിനാല്‍ ഉണ്ടായ നഷ്ടം വേറെയും ഇന്നലെ മുതലാണ് 90 ശതമാനം ബസുകളെങ്കിലും ഓടാന്‍ തുടങ്ങിയതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.
അഞ്ച് ശതമാനം വണ്ടികള്‍ വെള്ളം കയറി നശിച്ചെങ്കില്‍ അഞ്ച് ശതമാനം റോഡുകള്‍ തകര്‍ന്നതിനാലും വെള്ളം ഇറങ്ങാത്തതിനാലും ഓടാനാവാതെ കിടക്കുകയാണ്. ഓടിയ ബസുകള്‍ക്കാവട്ടെ കലക്ഷനുമില്ല. യാത്രക്കാരില്ലാതെ പകുതിയും കാലിയായിട്ടാണ് ബസുകള്‍ ഓടുന്നത്.
ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടാകുന്ന സമയമാണ് ഓണക്കാലം. ഓണക്കാലത്തെ പത്തു ദിവസം റെക്കോര്‍ഡ് കലക്ഷനാണ് പതിവ്. തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാറ് ഈ കലക്ഷനില്‍ നിന്നെടുത്താണ്. എന്നാല്‍ ഇക്കുറി കടം വാങ്ങിയാണ് പലരും ബോണസ് നല്‍കിയത്.
വേണം ടാക്സ് ഇളവ്
ടാക്സ് - ഇന്‍ഷ്വറന്‍സ് ഇനത്തില്‍ പ്രതിദിനം 700 രൂപ ഓരോ ബസുടമയും വഹിക്കണം. ബസുകള്‍ നിര്‍ത്തിയിട്ട എട്ടു ദിവസത്തേക്ക് 5,600 രൂപയാണ് ഓരോ ബസുടമക്കും ബാധ്യതയായത്. കേരളത്തില്‍ 14,600 സ്വകാര്യ ബസുകളാണ് കേരളത്തിലുള്ളത്. ഈയിനത്തില്‍ 81,76,000 രൂപയാണ് ഉടമകള്‍ക്ക് അധിക ബാധ്യതയാകുന്നത്. ഈ നഷ്ടം നികത്തുന്നതിനായി ഒരു മാസത്തെ ടാക്സ് ഇളവു നല്‍കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ അസോസിയേഷന് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് അസോസിയേഷന് നിവേദനം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് റോഡുകള്‍ അപ്പാടെ തകര്‍ന്നിരിക്കുകയാണ്. ഈ റോഡുകളൂടെ സർവീസ് നടത്തുന്ന ബസുകള്‍ക്ക് അറ്റകുറ്റപ്പണകള്‍ വര്‍ധിക്കും. ഈയിനത്തിനും അധികച്ചിലവ് വരും. പൊതുവെ ദുരിതം അനുഭവിക്കുന്ന സ്വകാര്യ ബസ് സർവീസുകള്‍ കൂടുതല്‍ ദുഷ്കരമാവുമെന്നു ചുരുക്കം.
ചരക്ക് ലോറികള്‍ നിശ്ചലം
ചരക്കു ലോറികളുടെ അവസ്ഥയും ദയനീയമാണ്. വെള്ളം കയറി ലോറികള്‍ കാര്യമായി നശിച്ചിട്ടില്ല. ഓട്ടമില്ലാത്തതാണ് ലോറി ഉടമകള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നം. കേരളത്തില്‍ ഒരു ലക്ഷം വലിയ ചരക്കു ലോറികളാണുള്ളത്. ഇതില്‍ 30 ശതമാനം അന്തര്‍ സംസ്ഥാന പെര്‍മിറ്റ് ഉള്ളതാണ്. ഇവക്ക് മാത്രമാണ് ഇപ്പോള്‍ അല്‍പ്പമെങ്കിലും ഓട്ടമുള്ളത്. 70ശതമാനം ലോറികളും വെറുതെ കിടക്കുകയാണ്. ഉത്സവകാലത്ത് നിര്‍ത്താതെ ഓട്ടം ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ അവസ്ഥയെന്ന് ലോറി ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി കെ.കെ. ഹംസ.
വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷിക്കാനിറക്കിയ കുറെ ലോറികള്‍ കേടായിട്ടുണ്ട്. പരിതാപകരമാണ് ഞങ്ങളുടെ അവസ്ഥ. എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥയും ഉത്തരവാദിത്വവും മനസിലാക്കി ഞങ്ങള്‍ സഹായങ്ങളൊന്നും ചോദിക്കുന്നില്ല. ഇന്‍ഷ്വറന്‍സ് തുകയില്‍ ഇളവു നല്‍കിയും ഡീസല്‍ വിലകുറച്ചും കേന്ദ്ര സര്‍ക്കാരിനു സഹായിക്കാനാവും. അതിനവര്‍ തയാറാവണം - ഹംസ പറഞ്ഞു.