സൗമ്യനായ കർക്കശക്കാരൻ..
പാർലമെന്റിലെ ചുമരുകൾക്കുള്ളിലെ എന്നത്തെയും സൗമ്യനായ സ്പീക്കർ... അതായിരുന്നു സോമനാഥ് ചാറ്റർജി. രൂപത്തിലും ഭാവത്തിലും ജീവിതത്തിലും എന്നും എളിമ കാത്തുസൂക്ഷിച്ച നേതാവ്. എന്നാൽ ഈ സൗമ്യതയ്ക്കുള്ളിലും കർക്കശമായ നിലപാടുകളെടുക്കുന്നതിൽ തെല്ലും മടിയില്ലാതിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.
നിലപാടിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നു പുറത്താക്കപ്പെടേണ്ടി വന്നെങ്കിലും ജീവിതത്തിന്റെ അവസാനനിമിഷം വരെയും അദ്ദേഹം തികഞ്ഞ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു.. 89 വർഷം നീണ്ട ജീവിതത്തിന്റെ അവസാനം വരെയും സോമനാഥ് ചാറ്റർജിയുടെ ജീവവായും കമ്യൂണിസം തന്നെയായിരുന്നു. ഏതാനും നാളുകളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് മരിക്കുന്നത്.
ഇന്ത്യ കണ്ട പ്രഗത്ഭനായ സ്പീക്കർമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജിഹ്വയായിരുന്നു. ഘനഗാംഭീര്യമാർന്ന ശബ്ദത്തിലൂടെ പാർലമെന്റിൽ ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും ഒരുമിച്ചു നിറുത്തുന്നതിനും സമാധന അന്തരീക്ഷമുണ്ടാക്കുന്നതിനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
എത്ര ശബ്ദമാനമായ വേളയിലും സഭയെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സോമനാഥ് ചാറ്റർജി നിയന്ത്രിച്ചിരുന്നുവെന്നതു ശ്രദ്ധേയമാണ്. മാന്യമായ പെരുമാറ്റത്തിലൂടെ ജനാധിപത്യചട്ടങ്ങൾ പാലിച്ചുകൊണ്ട് സഭയെ നിയന്ത്രിക്കുമ്പോഴും അംഗങ്ങളുടെ അവകാശങ്ങളെ ഒരിക്കലും ഹനിച്ചിരുന്നില്ല സോമനാഥ് ചാറ്റർജി.
പത്തു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോമനാഥ് ചാറ്റർജി സിപിഎം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 2004-2009ൽ ആദ്യ യുപിഎ സർക്കാരിന്റെ കാലത്താണ് ചാറ്റർജി ലോക്സഭ സ്പീക്കറാകുന്നത്. പിന്നീട് 2008 പകുതിയോടെ സിപിഎം, യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും തുടർന്ന് സോമനാഥ് ചാറ്റർജി സ്പീക്കർ പദവിയിൽ നിന്ന് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പദവി രാജിവയ്ക്കാതിരുന്ന ചാറ്റർജിയെ പാർട്ടിയിൽ നിന്നു പുറത്താക്കി.
ആണവക്കരാർ വിഷയത്തെ ചൊല്ലിയാണ് സിപിഎം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. സ്പീക്കർ സ്ഥാനം കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് പാർട്ടിയിലേക്ക് മടങ്ങിവരണമെന്നു അദ്ദേഹം തീവ്രമായി ആഗ്രഹിച്ചിരുന്നു. പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടുവെങ്കിലും ഇടതുപാർട്ടികളുടെ അപചയത്തിനെതിരേ എന്നും ശബ്ദമുയർത്തിയിരുന്നു.
പാർട്ടിയിലുള്ളവരുടെ മനസുമാറാതെ തിരികെയില്ലെന്നു പറഞ്ഞുവെങ്കിലും സിപിഎമ്മിലേക്കൊരു മടക്കം അദ്ദേഹം ആഗ്രഹിച്ചിരുന്നു. പാർട്ടിയിലേക്കുള്ള മടക്കം സോമനാഥ് ചാറ്റർജി മാത്രമായിരുന്നില്ല ആഗ്രഹിച്ചിരുന്നത്. ബംഗാളിലെ സിപിഎം നേതാക്കളും ചാറ്റർജിയെ പാർട്ടിയെ തിരിച്ചെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേന്ദ്രനേതൃത്വം ഒരിക്കലും അദ്ദേഹത്തിന് അനുകൂലമായി തീരുമാനമെടുത്തിരുന്നില്ല.
പത്തു തവണ സിപിഐ എമ്മിന്റെ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.1971ലാണ് ആദ്യമായി ലോക്സഭയിൽ എത്തുന്നത്. അസമിലെ തേജ്പൂരിൽ 1929ലാണ് സോംനാഥ് ചാറ്റർജിയുടെ ജനനം. അച്ഛൻ നിർമൽ ചന്ദ്ര ചാറ്റർജി, അമ്മ: ബീണാപാണി ദേവി. ഭാര്യ :രേണു ചാറ്റർജി. മക്കൾ : പ്രതാപ് ചാറ്റർജി, അനുരാധ, അനുഷില. കോൽക്കത്ത പ്രസിഡൻസി കോളെജ് , കോൽക്കത്ത യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് ജീസസ് കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
രാഷ്ട്രീയത്തിലേക്കെത്തും മുൻപേ അഭിഭാഷകനായിരുന്നു. സിവിൽ,ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അവഗാഹമുണ്ടായിരുന്ന വ്യക്തിത്വമാണ്. ഒരു കാലത്ത് സിപിഎമ്മിനെ സൈദ്ധാന്തികവഴിയിലൂടെ നയിച്ച നേതാവിനെയാണ് ഈ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.