വാവ സുരേഷ് അല്ല കജോൾ; മൂർഖൻ പാമ്പുകളുടെ കൂട്ടുകാരി
പത്തി ഉയർത്തി നിൽക്കുന്ന മൂർഖൻ... കണ്ടാൽ ആരും പേടിച്ചു പോകും. അല്ലെങ്കിലും വിഷമേറെയുള്ള മൂർഖനെ പേടിക്കാത്തവരുണ്ടാകുമോ.. എന്നാൽ മൂർഖൻ പാമ്പിനെ കളിക്കൂട്ടുകാരാക്കിയൊരു കൊച്ചു പെൺകുട്ടിയുണ്ട്. മലയാളികളുടെ സ്വന്തം വാവ സുരേഷിനെ പോലെ ഇവൾക്കും പാമ്പിനോട് വല്ലാത്ത സ്നേഹമാണ്. കജോൾ.. എന്നാണ് പാമ്പുകളുടെ കൂട്ടുകാരിയുടെ പേര്.
ഊണും ഉറക്കവും പാമ്പുകൾക്കൊപ്പം.. ഏതുനേരവും കൂടെയുള്ള പാമ്പുകൾ തന്നെയാണ് കജോളിന്റെ അടുത്ത കളിക്കൂട്ടുകാരും. പാമ്പിനോടുള്ള സ്നേഹം മൂത്ത് സ്കൂളിൽ പോകാൻ പോലും മടിയാണ് ഈഎട്ടു വയസുകാരിക്ക്. അയൽപ്പക്കത്തെ വീട്ടിലെ കുട്ടികളെല്ലാം പാമ്പിനെ കണ്ട് ഓടുമ്പോൾ കജോൾ പാമ്പിന് അരികിലേക്ക് ഓടിയെത്തും.
ഉത്തർപ്രദേശിലെ ഖടമ്പൂരിലാണ് കജോളിന്റെ വീട്. അമ്പതുകാരനായ താജ് മുഹമ്മദിന്റെ മകളാണ് കജോൾ. പാമ്പുപിടിത്തമായിരുന്നു താജ് മുഹമ്മദിന്റെയും ജോലി. അച്ഛന് പാമ്പുപിടുത്തക്കാരനായതുകൊണ്ട് തന്നെ കുട്ടിക്കാലം തൊട്ടേ പാമ്പുകളെയൊന്നും ഇവൾക്ക് പേടിയില്ല. പതിവായി എന്നും ഏതാണ്ട് ഏഴുമണിയോടെ ഉറക്കമുണരും. ഉറങ്ങിയെഴുന്നേറ്റ ഉടനെ കജോൾ പാമ്പുകളുടെ അരികിലേക്ക് പോകും. കജോളിന്റെ കിടപ്പുമുറിയിൽ തന്നെ പെട്ടിയിലാണ് പാമ്പുകളെയും സൂക്ഷിച്ചിരിക്കുന്നത്.
അച്ഛനും സഹോദരനുമൊപ്പം കജോൾ
പിന്നെ ആ പാമ്പുകളെയും കൂട്ടിയാണ് ഭക്ഷണം കഴിക്കുന്നതും കളിക്കാൻ പോകുന്നതുമെല്ലാം. നല്ല കൊടും വിഷമുള്ള രാജവെമ്പാല ഇനത്തിൽപ്പെട്ട ആറു പാമ്പുകളാണ് കജോളിന്റെ ഉറ്റ തോഴന്മാർ. കജോൾ ഭക്ഷണം കഴിക്കുന്നതിന് മുൻപേ പ്രിയപ്പെട്ട പാമ്പുകൾക്ക് ആഹാരം കൊടുക്കും. അതൊരു പതിവാണ്.
ഈ വിഷപാമ്പുകൾ കാരണം കജോളിന്റെ പഠിപ്പും മുടങ്ങിയിട്ടുണ്ട്. മൂന്നു വയസ് മുതൽ കജോൾ സ്കൂളിൽ പോകാറില്ല. പാമ്പുകളെ വിട്ടുപിരിയാൻ കഴിയാത്തതാണ് കാരണം. പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോൾ പറയുന്നു. എന്നാൽ പാമ്പുകൾക്ക് പുറകെ നടക്കുന്നത് കജോളിന്റെ അമ്മയ്ക്ക് അത്ര ഇഷ്ടമൊന്നുമല്ല. പാമ്പുകൾക്ക് ദയയില്ലെന്നും കജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ടെന്നും കജോളിന്റെ മാതാപിതാക്കാൾ പറയുന്നു. പക്ഷേ അവളെ നിരുത്സാഹപ്പെടുത്താൻ ഇവർക്ക് സാധിക്കുന്നില്ല.
മൂർഖൻ പാമ്പിനെ കഴുത്തിലിട്ടും കൈകളിൽ കോരിയെടുത്തും ഭക്ഷണം കോരിവായിൽ വച്ചു കൊടുത്തും കജോൾ പാമ്പുകൾക്കൊപ്പം വ്യത്യസ്ത ജീവിതം നയിക്കുകയാണ്. നല്ല നീളവും ഭാരവമുള്ള വിഷപ്പാമ്പുകളെ വളരെ സുഗമമായാണ് കജോൾ കൈകാര്യം ചെയ്യുന്നത്. കജോളിന് രണ്ടു സഹോദരന്മാരും, ആറു സഹോദരികളുമുണ്ട്.