ദുരിതമൊഴിയാതെ കുട്ടനാട്; ആയിരക്കണക്കിന് പേര് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍
ആലപ്പുഴ: മഴക്കെടുതിയെ തുടര്‍ന്ന് ജനജീവിതം താറുമാറായ കുട്ടനാട്ടില്‍ ദുരിതമൊഴിയുന്നില്ല. മഴ കുറഞ്ഞിട്ടും ആയിരക്കണക്കിന് പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ റേഷനും അവശ്യസാധനങ്ങളും കിട്ടുന്നില്ലെന്നാണ് പരാതി.ആലപ്പുഴ നഗരത്തിലെ കേന്ദ്രത്തില്‍ മാത്രമാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ക്യാമ്പുകളിലുള്ളവര്‍ ബില്ലുമായി കേന്ദ്രത്തിലെത്തി സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ്. എന്നാല്‍ വിതരണകേന്ദ്രത്തിലെത്താന്‍ പോലും ദുരിത ബാധിതര്‍ക്ക് സൗകര്യമില്ല.
മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതം തുടരുകയാണ്. കഴിഞ്ഞ ദിവസം മഴയ്ക്ക് ശമനമുണ്ടായെങ്കിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. ആലപ്പുഴയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ് .വെളളപ്പൊക്കത്തിന് പിന്നാലെ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ ആളിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പാലക്കാട് ചിറ്റൂര്‍ പുഴയോരങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം മഴക്കെടുതിക്കുള്ള പൂര്‍ണമായ സഹായം കേന്ദ്രമന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന കേന്ദ്രമന്ത്രിതല സമിതി കേരളത്തിലെത്തി വിശദമായ പഠനം നടത്തും. 80 കോടി രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. 831.1 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരാഴ്ച നീണ്ട ദുരിതപേമാരിയില് കോട്ടയം ജില്ലയിലെ കാര്ഷികമേഖലയിലുണ്ടാക്കിയത് കോടികളുടെ നഷ്ടമാണ്. ആറായിരം ഹെക്ടറിലെ നെല്‍കൃഷി നശിച്ചതിന് പുറമെ ക്ഷീരമേഖലയിലും കോടികളുടെ നഷ്ടമുണ്ടായി. കര്‍ഷകര്‍ക്ക്, തീറ്റപോലും വാങ്ങാന്‍ കഴിയാതായതോടെ കന്നുകാലികള്‍ ഉള്‍പ്പെടെ ചത്തൊടുങ്ങുകയാണ്.
വിതച്ച് ആഴ്ചകള്‍ തികയുംമുന്പ് നെല്‍പ്പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. നെല്‍കൃഷിയില്‍ മാത്രം 20 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. കുമരകം, അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, വെച്ചൂര്‍ പഞ്ചായത്തുകളിലാണ് നഷ്ടം ഏറെയും. 170 ഹെക്ടറിലെ പച്ചക്കറി കൃഷിയും 35 ഹെക്ടര്‍ റബറും നശിച്ചു. 1200ക്ഷീരകര്‍ഷകരെയാണ് പേമാരിയും പ്രളയവും കണ്ണീര്ക്കുടിപ്പിച്ചത്. പ്രതിദിനം 15000 ലിറ്റര്‍ പാലിന്റെ കുറവ് വന്നു. തീറ്റപോലും കിട്ടാതായതോടെ 30ലേറെ കറവപശുക്കളും കിടാങ്ങളും ചത്തു.