മലയാളി ചിട്ടിയില്‍ ചേര്‍ന്നാല്‍
മലയാളിയുടെ സമ്പാദ്യശീലത്തിലെ പ്രധാനഭാഗമായിരുന്നു ചിട്ടികള്‍, നോട്ട് നിരോധനവും, കര്‍ശന നടപടികളും വന്നതോടെ പല ചിട്ടികമ്പനികളും ബാങ്കുകളും ചിട്ടിയോട് സലാം പറഞ്ഞു. പക്ഷെ മലയാളിയുടെ ചിട്ടിഭ്രമത്തെ മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്ന ധനവകുപ്പിന്റെ പുതിയ തന്ത്രമാണ് സമ്പാദ്യ മേഖലയിലെ ഏറ്റവും വലിയ വിശേഷം.
അത് വിദേശമലയാളിയെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് എന്നുള്ളതിനാല്‍ ഗുണദോഷങ്ങള്‍ ആകുലപ്പെടുത്തുന്നതും അവരെയാണ്, അതുകൊണ്ട് ഈ ലക്കം ധന്ഗുരുവില് മലയാളിയുടെ ആഗോള ചിട്ടിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.
എന്തുകൊണ്ട് പ്രവാസിച്ചിട്ടി
കേരളത്തിലേയ്ക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ ഗണ്യമായ പങ്കും ബാങ്ക് ചാനല്‍ വഴി വ്യാവസായികമായി മുന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകുകയാണ്. കേരളത്തിലേക്കിതു തിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമം. അതുകൊണ്ട് പ്രവാസികള്‍ക്ക് നഷ്ടവുമില്ല.
ബാങ്കുകളിലും മറ്റും നിക്ഷേപിക്കുന്ന പോലെ സമ്പാദ്യത്തില്‍ ഒരു ചെറുഭാഗം മലയാളികള്‍ക്കെല്ലാം സുപരിചിതമായ കേരള സര്‍ക്കാരിന്റെ ഗ്യാരണ്ടിയുള്ള ചിട്ടിയില്‍ നിക്ഷേപിക്കുന്നു. ഈ നിക്ഷേപിച്ച പണം ഈടായി നല്കി വായ്പ എടുക്കണമെങ്കില്‍ പലിശ നല്‍കേണ്ടി വരും.
റിസ്കില്ല
പ്രവാസികളല്ല പശ്ചാത്തല സൗകര്യങ്ങളില്‍ നിക്ഷേപം നടത്തുന്നത്. അതുകൊണ്ട് അതിന്റെ റിസ്ക് അവരുടെ മേല്‍ ഇല്ല. അവര്‍ ചിട്ടിയില്‍ സമ്പാദിക്കുകയേ ചെയ്യുന്നുള്ളൂ. ആ സമ്പാദ്യത്തിന്റെ ഒരു ഭാഗം കിഫ്ബി ബോണ്ടുകള്‍ വഴി കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കപ്പെടുകയാണ്. നിലവിലെ സ്ഥിതി
കേരളത്തിനുള്ളില്‍ ഇപ്പോള്‍ 18,000 കോടി ടേണ്‍ഓവറുള്ള കെഎസ്എഫ്ഇ ചിട്ടിയില്‍ നിന്നും 5000 കോടി രൂപ ട്രഷറിയില്‍ ഡെപ്പോസിറ്റായി ഇട്ടിട്ടുണ്ട്. ഇത് കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നു. കെഎസ്എഫ്ഇയ്ക്ക് പലിശയും ലഭിക്കുന്നു. മുതല്‍ മുടക്ക് ആവശ്യമുള്ളപ്പോള്‍ തിരിച്ചു നല്‍കുകയും ചെയ്യും. ഇതുപോലെ തന്നെയാണ് പ്രവാസിചിട്ടിലെ പണവും ഉപയോഗിക്കുക
.
എങ്ങനെ നേട്ടം
ഈ ചിട്ടി തുടങ്ങിയാല്‍ സര്‍ക്കാരിനുള്ള നേട്ടം എന്താണെന്ന് ചോദ്യമുണ്ട് അതിങ്ങനെ വിശദീകരിക്കാം. കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ പകുതിപേര് പ്രവാസി ചിട്ടിയില്‍ ചേര്‍ന്നാല്‍ 10,000 കോടി രൂപയെങ്കിലും ഫ്രീ ഫ്ളോട്ടായി ചുരുങ്ങിയ പലിശക്ക് കിഫ്ബിക്ക് ലഭ്യമാക്കാനാകും. പ്രവാസി ചിട്ടിയില്‍ പണം മുടക്കുന്നവര്‍ക്ക് എന്തൊക്കെ നേട്ടം ലഭിക്കുമെന്നാണ് ധന്ഗുരു പ്രധാമായും പരിശോധിച്ചത്. അതില്‍ നിന്ന് മനസിലായ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
നികുതി കൈപൊള്ളിക്കില്ല
ബാങ്കുകളില്‍ നിന്നും കിട്ടുന്ന പലിശയ്ക്ക് 12 ശതമാനം ജിഎസ്ടി കൊടുക്കണം. ചിട്ടിയില്‍ പലിശ ഇല്ല. പക്ഷെ, ഫോര്‍മാന്‍സ് കമ്മീഷന് 12 ശതമാനം ജിഎസ്ടി കൊടുക്കണം. പക്ഷെ, ഓര്‍ക്കേണ്ടുന്ന വസ്തുത ഫോര്‍മാന്‍സ് കമ്മീഷന് 5 ശതമാനമേ വരുന്നുള്ളൂവെന്നതാണ്. എന്നുവച്ചാല്‍ മുടക്കുന്ന തുകയുടെ 0.6 ശതമാനം. ബാങ്കിലാണെങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുന്ന തുകയുടെ ഏതാണ്ട് 0.9 ശതമാനം നികുതി നല്‍കണം.
ബാങ്ക് നിക്ഷേപവും ചിട്ടിയും
രണ്ട് നിക്ഷേപത്തിലും പണം സുരക്ഷിതമാണ്, രണ്ടും തിരിച്ചുകിട്ടുകയും ചെയ്യും. ബാങ്കിലാണെങ്കില്‍ പലിശയുംകൂടി കിട്ടും. ചിട്ടിയിലാണെങ്കില്‍ മാസ ഗഡുക്കളിലെ കിഴിവായിട്ടാണ് സാമ്പത്തിക നേട്ടം ലഭിക്കുക. ബാങ്ക് പലിശയേക്കാള്‍ ഒട്ടും കുറവല്ല, ചിട്ടിയില്‍ നിന്നുള്ള നേട്ടമെന്ന് കണക്കുകള്‍ തെളിയിക്കുന്നുണ്ട്.
ആവശ്യമുള്ളപ്പോള്‍ ലാഭത്തോടെ പിന്‍വലിക്കാം
എന്‍ആര്‍ഐ നിക്ഷേപത്തില്‍ നിന്ന് ആകര്‍ഷകമായ നേട്ടം ഇല്ലാത്തിനാല്‍ ബാങ്കുകളില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാനാണ് പലര്‍ക്കും ആഗ്രഹം. അങ്ങനെ ഇട്ടാല്‍ ഫിക്സഡ് ഡിപ്പോസിറ്റിലെ പണം കാലാവധി തീര്‍ന്നേ പിന്‍വലിക്കാനാവൂ. എന്നാല്‍ ചിട്ടിയില്‍ ഇറക്കുന്ന പണം അത്യാവശ്യം വന്നാല്‍ ലേലം വിളിച്ച് എടുക്കാം. പിന്നെ, ഒറ്റയടിക്ക് പണം മുടക്കണ്ട. ചിട്ടി ഒരു പ്രതിമാസ ഡെപ്പോസിറ്റ് സ്കീമാണെന്ന് പറയാം.
ഇന്‍ഷ്വറന്‍സ്
കെഎസ്എഫ്ഇ ചിട്ടിക്ക് മറ്റു ചില അധിക നേട്ടങ്ങള്‍ കൂടിയുണ്ട്. നിങ്ങള്‍ക്ക് അപകടം ഉണ്ടായാല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് ഉണ്ട്. അപകടംമൂലം പണിയെടുക്കാന്‍ കഴിയാതെ വന്നാല്‍ നിങ്ങളുടെ മിച്ച ഗഡുക്കള്‍ ഇന്‍ഷ്വറന്‍സ് കമ്പനി അടച്ചുകൊള്ളും. മരിച്ചു പോയാലും ഈ ഇന്‍ഷ്വറന്‍സ് ഉണ്ട്. മൃതദേഹം കെഎസ്എഫ്ഇ നാട്ടിലെത്തിക്കുകയും ചെയ്യും. എല്‍ഐസിയുമായി ചേര്‍ന്ന് ഒരു പെന്ഷന് പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
കമ്പനി പൊട്ടുമോ
ചിട്ടിക്കമ്പനി പൊളിഞ്ഞാല്‍ സമ്പാദ്യം നഷ്ടപ്പെടില്ലേ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇന്ത്യയില്‍ ഒട്ടേറെ കറക്കു കമ്പനികളുണ്ട്. ഈ തട്ടിപ്പുകാരില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് 1969 ല്‍ കേരള സര്‍ക്കാര്‍ ചിട്ടി നടത്തുന്നതിന് ഒരു സര്‍ക്കാര്‍ കമ്പനി ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കേരളത്തിലെ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് 35 ലക്ഷം ചിട്ടി വരിക്കാരടക്കം ഒരു കോടിയോളം ആളുകളുമായി ഇടപാട് നടത്തുന്ന സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണല്ലോ ഗ്യാരന്റി.
ലാഭത്തില്‍
സര്‍ക്കാര്‍ പദ്ധതികള്‍ നഷ്ടത്തില്ലേ, ഇതില്‍ കാശിട്ടാല്‍ എങ്ങനെ, കെഎസ്എഫ്ഇ തുടങ്ങിയ സമയം മുതല്‍ തുടങ്ങിയ ഒരു സംശയമാണിത്.
എന്നാല്‍ കെഎസ്എഫ്ഇ ഉണ്ടായതു മുതല്‍ ഇന്നു വരെ ലാഭത്തിലോടുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ്.