12 മെഡിക്കൽ കോളെജുകൾക്ക് പ്രവേശനത്തിന് അനുമതിയില്ല
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് പുതിയ മെഡിക്കല്‍ കോളെജുകൾ ഉൾപ്പടെ 12 കോളെജുകൾക്ക് പ്രവേശനത്തിന് അനുമതിയില്ല. പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കല്‍ കോളെജ്, അടൂര്‍ ശ്രീ അയ്യപ്പ കോളെജുകളിലെ പ്രവേശനമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ (എംസിഐ) തടഞ്ഞത്. മറ്റ് ഒന്‍പതു മെഡിക്കല്‍ കോളെജുകളിലെ ഇത്തവണത്തെ പ്രവേശനവും മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞിട്ടുണ്ട്. മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതാണു കാരണം. എംസിഐ ശുപാര്‍ശകള്‍ അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.
സംസ്ഥാനത്തെ 12 മെഡിക്കൽ കോളെജുകളിലായി 1600 മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശന അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യവും അധ്യാപകരും ഇല്ലെന്ന കാരണത്താലാണ് സര്‍ക്കാര്‍-സ്വാശ്രയ മേഖലകളിലെ മെഡിക്കൽ കോളെജുകൾക്ക് പ്രവേശനാനുമതി നിഷേധിച്ചത്. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം അംഗീകാരിക്കുകയായിരുന്നു.
2014ൽ തുടങ്ങിയ ഇടുക്കി മെഡിക്കൽ കോളെജിലെ ആദ്യ ബാച്ചിന് ഇത്തവണയും അനുമതി സ്വന്തമാക്കാനായില്ല. നിലവിൽ പ്രവേശനം നടത്തിക്കൊണ്ടിരിക്കുന്ന പാലക്കാട് മെഡിക്കൽ കോളെജുകളടക്കം ഒമ്പത് മെഡിക്കൽ കോളെജുകൾക്കാണ് 2018-19 അധ്യയന വര്‍ഷം പ്രവേശനാനുമതി ലഭിക്കാതിരുന്നത്.
കെ എം സി റ്റി കോഴിക്കോട്, എസ്ആര്‍ മെഡിക്കൽ കോളജ്, പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട്, കേരള മെഡിക്കൽ കോളെജ് പാലക്കാട്, മൗണ്ട് സിയോൻ പത്തനംതിട്ട, അൽ അസ്ഹര്‍ തൊടുപുഴ, ഡോക്റ്റർ സോമെര്‍വെൽ മെമ്മോറിയൽ തിരുവനന്തപുരം, ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താതിനാൽ ഇത്തവണ പ്രവേശനം നടത്താനാകില്ല.