ചെങ്കൊടിയുടെ വീര്യം രാജസ്ഥാനിലും . . ചോര ചിന്തിയ പ്രക്ഷോഭം . . പൊലീസ് വെടിവയ്പ് . .
ജയ്പൂർ : സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലീസ് വെടിവയ്പ്. നിരവധി പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മരണത്തിനും ജീവിതത്തിനും ഇടയില്‍ പിടയുന്ന കര്‍ഷകരുടെ വേദന ഏറ്റെടുത്ത് കിസാന്‍ സഭ കഴിഞ്ഞ 22 ദിവസമായി നടത്തി വരുന്ന സമരം രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിന് വലിയ വെല്ലുവിളിയായിരുന്നു.
മഹാരാഷ്ട്ര മോഡല്‍ കര്‍ഷക മുന്നേറ്റം രാജസ്ഥാനിലേക്കും പടര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.
സമരക്കാരും പൊലീസും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടി. ചോര ഒലിച്ച് പിടഞ്ഞിട്ടും സമരമുഖത്ത് നിന്നും പിന്മാറാതെ ചെങ്കൊടിയുമായി കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്.
സി.പി.എമ്മിന് കാര്യമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയെ പിടിച്ചുലച്ച സമരത്തിനുശേഷം സമാനമായി പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത രാജസ്ഥാനിലും സി.പി.എം കര്‍ഷക സംഘടന വന്‍ മുന്നേറ്റമുണ്ടാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്
കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അംറ റാം പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് ജനക്കൂട്ടത്തിനുനേരെ പൊലിസ് വെടിവെച്ചത്.
അംറ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകരുടെയും സാധാരണക്കാരുടേയും ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാണ് വസുന്ധര രാജെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കിസാന്‍ സഭ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.
‘ജനാധിപത്യ സംവിധാനത്തില്‍ വേറിട്ട അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും നീതി നിഷേധങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും അവകാശമുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തുന്നു. ജനാധിപത്യത്തിന്റെ കൊലപാതകമല്ലാതെ മറ്റൊന്നുമല്ലിത്’; എകെഐഎസ് പറഞ്ഞു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ രണ്ടിന് ജില്ലാ കളക്ടറുടെ ഓഫീസിനു പുറത്തും സബ് ഡിവിഷനല്‍ ഓഫീസിനുമുന്നിലും ശക്തമായ സമരം നടത്തും. ഉപാധികളില്ലാതെ തങ്ങളുടെ നേതാക്കളെയും കര്‍ഷകരെയും പുറത്തുവിടണമെന്നും പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടോള്‍ ബൂത്ത് അടക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. ദളിത് സംഘടനകള്‍ നടത്തുന്ന ‘ഭാരത ബന്ദിനും’ കിസാന്‍ സഭ പിന്തുണ നല്‍കിയിരുന്നു.
അതേസമയം, കര്‍ഷകര്‍ക്കെതിരായ വെടിയ്പിനെ പിബി ശക്തമായ ഭാഷയില്‍ അപലപിച്ചു. പൊലീസ് നടപടിയില്‍ എസ്എഫ്ഐ യും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സമരത്തിന് പിന്തുണ നല്കാന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.