സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അഴിച്ചുപണി; കണ്ട്രോള് കമ്മീഷന് ചെയര്‍മാനും കാനത്തിന്റെ വിശ്വസ്തന് വാഴൂര്‍ സോമനും പുറത്ത്; ബിജിമോൾ തിരിച്ചെത്തി
മലപ്പുറം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അഴിച്ചുപണി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തന് വാഴൂര്‍ സോമന് പുറത്തായി. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഇടുക്കി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് വാഴൂര്‍ സോമന്.
ഇസ്മായില്‍ പക്ഷക്കാരനായ എംപി അച്യുതനെയും മാറ്റി. പാലക്കാട് നിന്നുള്ള ആദിവാസി നേതാവ് ഈശ്വരി രേശനും പുറത്തായി. വോട്ടെടുപ്പിലൂടെയാണ് ഈശ്വരി രേശന് പുറത്തായത്. സിപിഐ കണ്ട്രോള് കമ്മീഷന് ചെയര്മാന് വെളിയം രാജനെയും സെക്രട്ടറി എ.കെ ചന്ദ്രനെയും മാറ്റി. ഇവർക്ക് പകരം തിരുവനന്തപുരത്ത് നിന്നുള്ള ജെ.വേണുഗോപാലൻ നായർ ചെയർമാനായുള്ള പുതിയ കൺട്രോൾ കമ്മിഷനെ തെരഞ്ഞെടുത്തിട്ടുണ്ട്.
അതേസമയം ഗോഡ്ഫാദര് പരാമർശത്തെ തുടർന്ന് സംസ്ഥാന കൗൺസിലിൽ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ട ഇ.എസ്.ബിജിമോൾ എംഎൽഎ തിരിച്ചെത്തി.
പാലക്കാട്, എറണാകുളം, കൊല്ലം ജില്ലാ ഘടകങ്ങളിൽ മൽസരം നടന്നുവെന്നാണ് വിവരം. പാർട്ടിക്കുള്ളിൽ ഏകാധിപത്യമാണെന്നും ആ സാഹചര്യത്തിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നുമുള്ള ആവശ്യം കെ.ഇ. ഇസ്മായിലും കൂട്ടരും കേന്ദ്ര നേത്വതൃത്തിന് മുന്നിൽവച്ചിട്ടുണ്ട്.
അതിന്റെ ഭാഗമായി ദേശീയ സെക്രട്ടേറിയറ്റിലേക്ക് ഇസ്മായിലിനെ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാന കൗൺസിൽ അർഹമായ പ്രാതിനിധ്യം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന് സി.ദിവാകരന് അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഐക്യത്തിനാണ് പ്രാധാന്യമെന്നും മത്സരിക്കുന്നത് ശരിയല്ലെന്നും ദിവാകരന് പറഞ്ഞു. ഇതുസംബന്ധിച്ച് കെ.ഇ. ഇസ്മയില്‍ പക്ഷത്തോട് ദിവാകരന് നിലപാട് അറിയിച്ചു. കാനം രാജേന്ദ്രനെതിരായി ദിവാകരനെ മത്സരിപ്പിക്കാന്‍ ഇസ്മയില്‍ പക്ഷം ശ്രമിച്ചിരുന്നു.