ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി.
പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ ആറ് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അണിനിരത്തിയാണ് പ്രോസിക്യൂഷന് വാദിച്ചത്.
293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന് കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, മുറിക്കുള്ളില്‍ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതി അമീറാണെന്ന് പ്രോസിക്യൂഷന് ആരോപിച്ചത്. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഓരാളെ പ്രതിയാക്കാനാവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജിഷയെ കൊല്ലാനുപയോഗിച്ച ആയുധം സംബന്ധിച്ചും ജിഷ മരിച്ച സമയത്തെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. അതിക്രമിച്ചു കയറല്‍, വീടിനുള്ളില്‍ അന്യായമായി തടഞ്ഞുവയ്ക്കല്‍, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വിധി പ്രഖ്യാപനം കേള്‍ക്കാനായി കോടതിയലെത്തിയപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞിരുന്നു. വധശിക്ഷയില്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. വിധി എല്ലാവര്ക്കും പാഠമാകണമെന്നും രാജേശ്വരി വ്യക്തമാക്കിയിരുന്നു. ലോകത്തിൽ ചെയ്യാൻ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്നങ്ങളാണ് തകർക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീൽ ആക്കാൻ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.
2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന് കേസ്. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പ്രതി അമീറുല്‍ ഇസ് ലാമിനെ കാഞ്ചീപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്.