മൂന്നാറില്‍ ഹര്‍ത്താലിനിടെ പരക്കെ അക്രമം.; വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനം
മൂന്നാർ: കയ്യേറ്റങ്ങൾക്കെതിരെ റവന്യൂ, വനം വകുപ്പുകൾ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് മൂന്നാർ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ പരക്കെ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. മൂന്നാര്‍ സ്വദേശി കുട്ടനാണ് മര്‍ദനമേറ്റത്. പൊലീസ് നോക്കി നിന്നെന്ന് ആരോപണമുണ്ട്.ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ഇരുചക്രവാഹങ്ങള്‍ മറിച്ചിട്ടു. കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. റോഡില്‍ കുപ്പിച്ചില്ലുകള്‍ വിതറി.
ഇടുക്കി ജില്ലയിലെ പത്ത് പഞ്ചായത്തുകളിലാണ് ഹർത്താൽ . കയ്യേറ്റ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന പള്ളിവാസൽ, മൂന്നാർ, ബൈസണ്‍വാലി, ചിന്നക്കനാൽ, ശാന്തന്‍പാറ, മറയൂർ, കാന്തല്ലൂർ, വട്ടവട, വെള്ളത്തൂവൽ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ നടപ്പാക്കുക, നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.
നേരത്തെ, ഹർത്താലിനെതിരെ റവന്യൂ വകുപ്പ് രംഗത്തെത്തിയിരുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവർ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിലപാടറിയിച്ചിരുന്നു.