ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ദുർബലമായിട്ടും തമിഴ്നാട്ടിൽ കനത്ത മഴ, കേരളത്തിനും കർണാടകയ്ക്കും മുന്നറിയിപ്പ്
ചെന്നൈ: പുതുച്ചേരിയിലും തമിഴ്നാട്ടിലും അതിതീവ്ര മഴയോടെ ആഞ്ഞടിച്ചതിന് പിന്നാലെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ദുർബലമാകുന്നു. എങ്കിലും കനത്ത മഴ തുടരുകയാണ്.
റെക്കോഡ് മഴയാണ് ഞായറാഴ്ച പുതുച്ചേരിയിൽ പെയ്തത്. സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തായി എത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ സ്കൂളുകളിലും കോളെജുകളിലും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മണിക്കൂറിൽ ഏഴ് കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്, വടക്കു പടിഞ്ഞാറു ദിശയിലേക്ക് സഞ്ചരിക്കുന്ന ഫെയ്ഞ്ചൽ ഡിസംബർ മൂന്നോടെ കേരള, കർണാടക തീരം തൊട്ട് ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം.
തമിഴ്നാട്ടിലെ വില്ലുപുരം, കുഡല്ലൂർ, റാണിപെട് ജില്ലകളിലെ ചില സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവണ്ണാമലയിലെ ഉരുൾപൊട്ടലിൽ കുട്ടികളടക്കം ഏഴ് പേരെ കാണാതായി.
ഇവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് 10 ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ വഴി തിരിച്ച് വിട്ടിട്ടുമുണ്ട്.
തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. അതേ സമയം തമിഴ്നാട്ടിലെ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. ചെന്നൈ, കൊയമ്പത്തൂർ ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് നില നിൽക്കുന്നത്.