സെബിയുടേത് ഗുരുതര വീഴ്ചയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹിൻഡൻബർഗ് വിവാദത്തിൽ സെബിക്കെതിരെ ചോദ്യങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലിട്ട വീഡിയോയിലൂടെ ആണ് രാഹുൽ ചോദ്യങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയത്. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്നും വിഷയത്തിൽ സെബിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും രാഹുൽ ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് സെബി ചെയർപേഴ്സൺ രാജി വയ്ക്കുന്നില്ല. സംയുക്ത പാർലമെന്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാണം.
നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയുമെന്നും പ്രധാനമന്ത്രിയോ, മാധബിയോ, അംബാനിയോ പുതിയ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ വീഡിയോയിലൂടെ ചോദിച്ചു.
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, ആരോപണം അദാനി ഗ്രൂപ്പും മാധവി പുരിയും ഭർത്താവ് ധവാൽ ബുച്ചും തള്ളി. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണ റിപ്പോർട്ട് ഉപയോഗിച്ച് ഹിൻഡൻബെർഗ് നിയമവിരുദ്ധമായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നു കണ്ടെത്തിയ സെബി, ഈ അന്വേഷണ റിപ്പോർട്ട് യു.എസിലെ വിപണി നിയന്ത്രണ സ്ഥാപനമായ എസ്.ഇ.സിക്ക് കൈമാറിയിരുന്നു.
ഇതിന് മറുപടിയായിട്ടാണ് സെബി മേധാവിക്കെതിരേ ഹിൻഡൻബെർഗിന്റെ നീക്കം. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും ഹിൻഡൻബെർഗിന് സെബി കാരണം കാണിക്കൽ നോട്ടീസ് നൽകിയതാണ് ഇപ്പോഴത്തെ ആരോപണത്തിന് കാരണമെന്നും അവർ സ്വഭാവഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും മാധബി ബുച്ച് വ്യക്തമാക്കി.