എൻജിനീയറിങ്ങ് പരീക്ഷയിൽ കൂട്ടത്തോൽവി; 15 കോളെജുകൾ പൂട്ടുമെന്ന് സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: ബി.ടെക് പരീക്ഷയിലെ കൂട്ടത്തോൽവിയിൽ കർശന നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല. വിജയശതമാനം വളരെ കുറഞ്ഞ കോളെജുകൾ അടച്ചുപൂട്ടാനുള്ള നിർദേശം നൽകിയേക്കുമെന്നാണ് വിവരം.
15 സ്ഥാപനങ്ങൾക്കെതിരേയാണ് നടപടിക്കൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് സ്വാശ്രയ എൻജിനീയറിങ്ങ് കോളെജ് മാനേജ്മെന്റ്കളുമായി സർവകലാശാല ചർച്ച നടത്തും.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ(KTU) ഈ വർഷം 53 ശതമാനമാണ് അവസാന വർഷ ബി-ടെക്ക് പരീക്ഷയിലെ വിജയം. 26 കോളെജുകളിൽ 25 ശതമാനത്തിൽ താഴെയാണ് വിജയം.
ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തെ എൻജിനീയറിങ്ങ് പഠന നിലവാരത്തെക്കുറിച്ച് ആശങ്കകളുയർന്നു. വലിയ തോൽവിയില്ലെന്നാണ് സർവകലാശാല ആദ്യം വിശദീകരിച്ചതെങ്കിലും, നടപടിയെടുക്കാനാണ് പുതിയ തീരുമാനം.
ഇത്തവണ ഒരൊറ്റ വിദ്യാർത്ഥി പോലും പാസാവാത്ത ഒരു കോളെജും ഉണ്ടായിരുന്നു. 28 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ആറ് കോളെജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയായിരുന്നു. 70 ശതമാനത്തിനു മുകളിൽ കുട്ടികളെ ജയിപ്പിക്കാനായത് 17 കോളെജുകൾക്ക് മാത്രമാണ്.
സ്വാശ്രയ എൻജിനീയറിങ്ങ് കോളെജുകളുടെ മാനേജർമാരുമായി സർവകലാശാല ചർച്ച നടത്തിയ ശേഷം ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായും സർവകാശാല പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.
മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയരാനുള്ള നിർദേശങ്ങൾ നൽകാത്ത 15 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് നീക്കമുണ്ട്.
ഇവിടെ പ്രവേശനം അനുവദിക്കേണ്ടെന്ന് എൻട്രസ് കമ്മീഷണറോട് ആവശ്യപ്പെടാനാണ് സർവകലാശാല ആലോചിക്കുന്നത്.