നീറ്റ് ക്രമക്കേട്, 5 കേസുകൾ കൂടി സി.ബി.ഐ ഏറ്റെടുത്തു
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകൾ കൂടി സി.ബി.ഐ ഏറ്റെടുത്തു. ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ പൊലീസ് സേനകൾ രജിസ്റ്റർ ചെയ്ത കേസുകളാണ് കേന്ദ്ര ഏജൻസി ഏറ്റെടുത്തത്.
ഇതോടെ, പരീക്ഷാ ക്രമക്കേടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്തത് ആറ് കേസുകളായി. ഇതിനിടെ, മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ലാത്തൂരിലെ സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്തു.
പണം നൽകാൻ തയാറുള്ള വിദ്യാർത്ഥികളെ സഹായിക്കാൻ ശ്രമിക്കുന്ന ഗൂഢ സംഘവുമായി അധ്യാപകന് ബന്ധമുണ്ടെന്ന് എ.റ്റി.എസ്. ഈ സംഘത്തിലെ നാല് പേർക്കെതിരേ കേസെടുത്തു.
അതേസമയം, നീറ്റ് പിൻവലിച്ച് 2013 വരെ നിലവിലുണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾ നേരിട്ടു പരീക്ഷ നടത്തുന്നതായിരുന്നു ഈ സംവിധാനം. പതിനെട്ടാം ലോക്സഭയുടെ ആദ്യ ദിനമായ ഇന്നലെ സമ്മേളനത്തിനെത്തിയ പ്രതിപക്ഷ എം.പിമാർ വിഷയം ഉന്നയിച്ചു.
സർക്കാർ പാർലമെന്റിൽ വിശദീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിപക്ഷാംഗങ്ങൾ നീറ്റെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ക്രമക്കേട് വിവാദം കൊഴുക്കുകയും വിദ്യാർത്ഥികളുടെ പ്രക്ഷോഭം രൂക്ഷമാകുകയും ചെയ്തതോടെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയുടെ ഡയറക്റ്റർ ജനറൽ സുബോധ് സിങ്ങിനെ സർക്കാർ നീക്കിയിരുന്നു.
പ്രദീപ് സിങ്ങ് ഖരോലയ്ക്കാണ് ഇപ്പോൾ എൻ.റ്റി.എയുടെ അധിക ചുമതല. ഇസ്രൊ മുൻ മേധാവി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ എൻ.റ്റി.എയുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും പരീക്ഷാ പരിഷ്കരണത്തിനും ഏഴംഗ പാനൽ രൂപീകരിച്ചിട്ടുണ്ട്.