കരുത്ത് കാട്ടി പിണറായി; ഇനി പൊലീസിനെ നയിക്കാന്‍ കാക്കിയുടെ യഥാര്‍ത്ഥ കരുത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് ആക്രമണ പരമ്പര തുടരുമ്പോള്‍ ‘ വീണ വായിച്ച’ ഉന്നതനെയടക്കം തെറുപ്പിച്ച് കാക്കിക്ക് കരുത്തിന്റെ മുഖം നല്കി മുഖ്യമന്ത്രി പിണറായി.
ഇപ്പോള്‍ പുറത്തിറങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ ശക്തരായ ഐ പി എസുകാരെ തേടി പിടിച്ചാണ് തത്രപരമായ തസ്തികകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
രാഷ്ട്രീയ സംഘര്‍ഷം കത്തിപ്പടരുകയും ഗവര്ണ്ണറുടെയടക്കം ഇടപെടല്‍ വരുത്തി വയ്ക്കുകയും ചെയ്ത തലസ്ഥാനത്തെ സിറ്റി പൊലീസ് കമ്മീഷണറാണ് തെറിച്ചവരില്‍ പ്രമുഖന്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിയമിതനായ കമ്മീഷണര്‍ സ്പര്ജ്ജന് കുമാര്‍ ആക്രമണ സംഭവം നിയന്ത്രിക്കുന്നതില്‍ പരാജയമായിരുന്നുവെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനചലനം.
റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് സിറ്റി പൊലീസ് കമ്മീഷണറുടെ റോളു കൂടി വഹിക്കേണ്ട ഗതികേടായിരുന്നു പലപ്പോഴും ഉണ്ടായിരുന്നത്.
ഇപ്പോള്‍ പുതുതായി നിയമിതനായ കമ്മീഷണര്‍ പ്രകാശ് ഡിപ്പാര്‍ട്ട്മെന്റില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.
കര്‍ക്കശമായ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ മുഖം നോക്കുന്ന ഒരു ഏര്‍പ്പാടും പ്രകാശിനില്ല. പദവിക്ക് വേണ്ടി ആരുടെയടുത്തും ശുപാര്‍ശക്ക് പോകുന്ന പതിവില്ലാത്ത കാര്‍ക്കശ്യം തന്നെയാണ് ഇദ്ദേഹത്തെ കമ്മീഷണറായി നിയമിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.
ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ച ഹേമചന്ദ്രനും ഡിപ്പാര്‍ട്ട്മെന്റില്‍ ഏറെ അനുഭവ സമ്പത്തുള്ള ഐപിഎസ് ഓഫീസറാണ്.
പിണറായി സര്‍ക്കാര്‍ വന്ന ശേഷം പൊലീസില്‍ നിന്നും മാറ്റി നിര്‍ത്തിയ ഹേമചന്ദ്രന് വീണ്ടും കാക്കി യൂണിഫോം നല്കിയിരിക്കുകയാണിപ്പോള്.
പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിതനായ അനന്തകൃഷണന് കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.
വിവാദ കേന്ദ്രമായ പൊലീസ് ആസ്ഥാനത്തെ വീണ്ടും കര്‍ക്കശമായ പഴയ ശൈലിയിലേക്ക് മാറ്റുന്നതിനായാണ് അനന്ത കൃഷ്ണന്റെ ഇപ്പോഴത്തെ നിയമനം.
ക്ലീന്‍ ഇമേജുള്ള ദിനേന്ദ്ര കശ്യപിനെ തന്നെ പൊലീസ് ആസ്ഥാനത്ത് ഐ.ജിയാക്കിയതും സര്‍ക്കാര്‍ വ്യക്തമായ ഉദ്യേശത്തോട് കൂടി തന്നെയാണ് എന്നതിന്റെ സൂചനയാണ്.
ഡെപ്യൂട്ടേഷന് പൂര്‍ത്തിയാക്കി മടങ്ങി വന്ന കണ്ണൂര്‍ സ്വദേശിയായ എഡിജിപി വിനോദ് കുമാറിന് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ മേധാവിയാക്കിയതും എടുത്ത് പറയേണ്ട നിയമനം തന്നെയാണ്.
മികച്ച കുറ്റാന്വേഷണ വിദഗ്ദനാണ് വിനോദ് കുമാര്‍.
അങ്കമാലിയിലും വൈപ്പിനിലും നടന്ന പൊലീസ് ലാത്തിചാര്‍ജ്ജിലൂടെ ശ്രദ്ധേയനായ യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയെ വിമര്‍ശനങ്ങള്‍ വകവെയ്ക്കാതെയാണ് തൃശൂര്‍ റൂറല്‍ എസ്.പിയാക്കി സ്വതന്ത്ര ചുമതല നല്‍കിയത്. നിലവില്‍ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മീഷണറാണ് അദ്ദേഹം.
ഏത് സാധാരണക്കാരനും ഒരു ശുപാര്‍ശയുമില്ലാതെ നേരിട്ട് മുന്നില്‍ ചെന്ന് കാര്യങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യം നല്കുന്ന ഉദ്യോഗസ്ഥരാണ് ഇവരെല്ലാം. നടപടികള്‍ ശരവേഗത്തില്‍ എടുക്കാന്‍ പ്രാപ്തിയും ചങ്കൂറ്റവുമുള്ള ഐപിഎസുകാര്‍ . .
മുഖ്യമന്ത്രി പിണറായിയെ പോലെ ആരുടെ മുന്നിലും തല കുനിക്കാത്തത് തന്നെയാണ് ഇവരുടെ നിയമനത്തിലെയും പ്രധാന മെറിറ്റ്.